കാട്ടാക്കടയില്‍ വിദ്യാര്‍ത്ഥി കാറിടിച്ച് മരിച്ച സംഭവം കൊലപാതകം... ബന്ധുവിനെതിരെ പോലീസ് നരഹത്യയ്ക്ക് കേസെടുത്തു

കാട്ടാക്കടയില്‍ വിദ്യാര്‍ത്ഥി കാറിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. പൂവച്ചല്‍ സ്വദേശി ആദിശേഖറിന്റെ (15) മരണത്തിലാണ് വഴിത്തിരിവുണ്ടായിരിക്കുന്നത്. സംഭവത്തില്‍ ആദിശേഖറിന്റെ അകന്ന ബന്ധുവും പൂവച്ചല്‍ സ്വദേശിയുമായ പ്രിയരഞ്ജനെതിരെ പൊലീസ് നരഹത്യ കുറ്റം ചുമത്തി കേസെടുത്തു. കഴിഞ്ഞ 31നാണ് കാട്ടാക്കട പൂവച്ചല്‍ അരുണോദയത്തില്‍ അരുണ്‍കുമാര്‍ ദീപ ദമ്പതികളുടെ മകന്‍ ആദിശേഖര്‍ മരിച്ചത്.
കാട്ടാക്കട ചിന്മയ മിഷന്‍ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. പുളിങ്കോട് ക്ഷേത്രത്തിന് മുന്‍വശത്ത് വച്ച് വൈകിട്ട് അഞ്ചു മണിയോടെയാണ് അപകടം. സൈക്കിള്‍ ചവിട്ടുകയായിരുന്ന ആദിശേഖറിനെ പടിയന്നൂര്‍ ക്ഷേത്രത്തിന്റെ ഭാഗത്ത് നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു. കുട്ടിയുടെ ബന്ധുവിന്റെ കാറാണ് അപകടം ഉണ്ടാക്കിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ വിദ്യാര്‍ത്ഥി തത്ക്ഷണം മരിച്ചിരുന്നു.
സിസി ടിവി ദൃശ്യങ്ങളില്‍ നിന്നാണ് സംഭവം കൊലപാതകമെന്ന സംശയം പൊലീസിനുണ്ടായത്. ക്ഷേത്ര മതിലിന് സമീപമാണ് പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചത്. ആദിശേഖര്‍ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള പകയാകാം കൃത്യത്തിന് പിന്നിലെന്നാണ് നിഗമനം. ഒളിവിലുള്ള പ്രിയരഞ്ജനായി അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























