മനസ് കീഴടക്കി സ്റ്റാലിന്‍... തമിഴ്നാട്ടില്‍ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1,000 രൂപ വീതം നല്‍കുന്ന പദ്ധതിക്ക് 15-ന് തുടക്കമാകും; അണ്ണാദുരൈയുടെ ജന്മസ്ഥലമായ കാഞ്ചീപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഉദ്ഘാടനം നിര്‍വഹിക്കും

തമിഴ്‌നാട്ടിലെ സ്ത്രീകള്‍ ആകെ ഹാപ്പിയാണ്. അവിടത്തെ ലോക്കല്‍ ബസുകളില്‍ കയറിയാല്‍ സ്ത്രീകള്‍ക്ക് ടിക്കറ്റ് നല്‍കും. എന്നാല്‍ പൈസ നല്‍കേണ്ട. അത് കേരളത്തില്‍ നിന്നുള്ളവര്‍ ആയാലും പൈസ നല്‍കേണ്ട. ഇതിന് പുറമേ തമിഴ്നാട്ടില്‍ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1,000 രൂപ വീതം നല്‍കുന്ന പദ്ധതിക്ക് 15-ന് തുടക്കമാകും.
ഡി.എം.കെ.യുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായ പദ്ധതി തുടങ്ങുന്നത് പാര്‍ട്ടി സ്ഥാപകനും മുന്‍മുഖ്യമന്ത്രിയുമായ അണ്ണാദുരൈയുടെ ജന്മദിനത്തിലാണ്. അണ്ണാദുരൈയുടെ ജന്മസ്ഥലമായ കാഞ്ചീപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് ഗുണഭോക്താക്കള്‍ക്ക് അടുത്തമാസം മുതല്‍ ഒന്നാം തീയതികളില്‍ പണം ലഭിക്കും.
ഒരു കോടിയോളം വീട്ടമ്മമാര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം. കുടുംബവരുമാനത്തിന്റെയും സാമ്പത്തികസ്ഥിതിയുടെയും അടിസ്ഥാനത്തിലാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. പദ്ധതിയിലേക്ക് 1.63 കോടി പേരാണ് അപേക്ഷ സമര്‍പ്പിച്ചത്. രണ്ടുഘട്ടമായി സംസ്ഥാനമൊട്ടാകെ പ്രത്യേക രജിസ്ട്രേഷന്‍ ക്യാമ്പുകള്‍ നടത്തിയാണ് അപേക്ഷ സ്വീകരിച്ചത്.
അപേക്ഷകരുടെ വീടുകളില്‍ നേരിട്ടെത്തി പരിശോധിച്ച് അനര്‍ഹരെ ഒഴിവാക്കിയിരുന്നു. ഒരു കുടുംബത്തില്‍നിന്ന് ഒരാള്‍ക്ക് മാത്രമായിരിക്കും പണം ലഭിക്കുക. 21 വയസ്സാണ് കുറഞ്ഞ പ്രായപരിധി. കുടുംബ വാര്‍ഷികവരുമാനം 2.5 ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല. കുടുംബത്തിന്റെ ഉടമസ്ഥതയില്‍ ജലസേചന സൗകര്യമുള്ള അഞ്ചേക്കറിലും ജലസേചന സൗകര്യമില്ലാത്ത 10 ഏക്കറിലും കൂടുതല്‍ കൃഷിസ്ഥലമുള്ളവരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കുടുംബത്തിന്റെ വാര്‍ഷിക വൈദ്യുതി ഉപഭോഗം 3,600 യൂണിറ്റില്‍ താഴെയായിരിക്കണം. ട്രാന്‍സ്ജെന്‍ഡര്‍ വനിതകള്‍ക്കും പദ്ധതിയില്‍ അംഗമാകാം.
കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെയും ബാങ്കുകളിലെയും ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, കാറുള്ളവര്‍ എന്നിവരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തില്ല. കോവിഡിനെത്തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയാണ് പദ്ധതി വൈകാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. 7,000 കോടി രൂപയാണ് നടപ്പുസാമ്പത്തിക വര്‍ഷം പദ്ധതിക്കായി വകയിരുത്തിയത്.
അതേസമയം സ്റ്റാലിന്റേയും ഉദയനിധിയുടേയും പ്രസ്താവനകള്‍ വീണ്ടും ദേശീയ ശ്രദ്ധ നേടുന്നുണ്ട്. ഇന്ത്യയുടെ സാഹോദര്യം, സമത്വം തുടങ്ങി എല്ലാം ഭീഷണിയിലാണെന്നും രാജ്യത്തെ രക്ഷിക്കാന്‍ കേരളവും തമിഴ്‌നാടും രണ്ട് കുഴല്‍ തോക്കു പോലെ പ്രവര്‍ത്തിക്കുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിന്‍. രാജ്യത്തെ രക്ഷിക്കാന്‍ മാധ്യമ പ്രവര്‍ത്തരും ബാധ്യസ്ഥരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഉദയനിധി വംശഹത്യക്ക് ആഹ്വാനം ചെയ്തുവെന്നത് വ്യാജപ്രചാരണമാണ്. ഉദയനിധി എന്താണ് പറഞ്ഞതെന്ന് മനസിലാക്കാതെയുള്ള പ്രധാനമന്ത്രിയുടെ അഭിപ്രായപ്രകടനം ശരിയായില്ല. ഉദയനിധിയുടെ പരാമര്‍ശം ജാതീയതയ്ക്കും സ്ത്രീകള്‍ക്കുമെതിരായ വിവേചനങ്ങള്‍ക്ക് എതിരെയാണ്. ഏതെങ്കിലും മതത്തെയോ മത വിശ്വാസത്തെയോ വ്രണപ്പെടുത്താനുള്ള ശ്രമമായിരുന്നില്ല ആ പ്രസ്താവന.
മന്ത്രിമാരുടെ യോഗത്തില്‍ ഉദയനിധിക്ക് തക്കതായ മറുപടി നല്‍കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങളില്‍ നിന്നും മനസിലാക്കുന്നത്. ഏതു വിഷയമായാലും അതിന്റെ നിജസ്ഥിതി മനസിലാക്കാനുള്ള സൗകര്യങ്ങളും സംവിധാനങ്ങളും പ്രധാനമന്ത്രിക്കുണ്ട്. ഉദയനിധിയുടെ കാര്യത്തില്‍ പ്രചരിക്കുന്ന കള്ളങ്ങള്‍ മനസ്സിലാക്കാതെയാണോ അതോ ബോധപൂര്‍വമാണോ പ്രധാനമന്ത്രിയുടെ പ്രതികരണമെന്നും സ്റ്റാലിന്‍ ചോദിച്ചു.
ഉദയനിധിയുടെ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്ത് അദ്ദേഹം വംശഹത്യക്ക് ആഹ്വാനം ചെയ്തുവെന്നാണ് ബി.ജെ.പി പ്രചരിപ്പിക്കുന്നത്. വംശഹത്യ എന്ന വാക്ക് ഉദയനിധി എവിടെയും ഉപയോഗിച്ചിട്ടില്ലെന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് സമാനമായാണ് ഇവിടെ നുണ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"
https://www.facebook.com/Malayalivartha

























