മുഖ്യമന്ത്രിയായി പിണറായി അധികാരത്തിലെത്തി മൂന്നാം ദിവസം തന്നെ പരാതിക്കാരി മുഖ്യന് മുന്നിൽ... സോളർ കേസിൽ ഗൂഢാലോചന നടന്നെന്ന് സിബിഐ; ഗണേഷ്കുമാർ, ശരണ്യ മനോജ്, വിവാദ ദല്ലാൾ ഇവരെല്ലാം വില്ലന്മാർ...മരിച്ചിട്ടും തീരാത്ത സത്യങ്ങൾ... വമ്പന്മാരുടെ ഗൂഢാലോചനകൾ...ആരോപണം ഉന്നതരിലേക്ക്...

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ ഏറ്റവും കൂടുതൽ വേട്ടയാടിയത് സോളാർ കേസിന്റെ പേരിലായിരുന്നു. തന്റെ കുടുംബത്തെ വരെ വലിച്ചിഴച്ചു കൊണ്ട് വ്യക്തിപരമായി അധിക്ഷേപിക്കാൻ സഖാക്കൾക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല. എന്നാൽ കാലം കാത്തുവച്ച നീതി എന്ന് പറയുന്ന പോലെ താനെ കുറിച്ച് മോശമായി ചിത്രീകരിച്ചവർ പോലും മാറി ചിന്തിച്ച ഒരു കാലം വന്നു. ഇപ്പോൾ സോളാർ വിഷയം വീണ്ടും വീണ്ടും ചർച്ചയാവുകയാണ്. സോളർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയിൽ സിബിഐ സമർപ്പിച്ച റിപ്പോർട്ടിൽ ഗൂഢാലോചന നടത്തിയവരെക്കുറിച്ചുള്ള വിവരങ്ങളും. കെ.ബി.ഗണേശ്‌കുമാർ, ഗണേശ്‌കുമാറിന്റെ ബന്ധു ശരണ്യ മനോജ് എന്നിവർക്കു പുറമേ 'വിവാദ ദല്ലാളി'ന്റെ ഇടപെടലും സിബിഐ ശേഖരിച്ച മൊഴിയിലുണ്ടെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ ഗൂഡാലോചകർക്കെതിരെ കേസെടുക്കാവുന്ന സാഹചര്യമുണ്ട്.
ക്ലിഫ് ഹൗസിനുള്ളിൽ വച്ചു പീഡിപ്പിച്ചെന്ന പരാതിയിൽ ഒരു തെളിവും കണ്ടെത്താൻ സിബിഐക്കു കഴിഞ്ഞില്ല. പീഡിപ്പിച്ച കാര്യം സാക്ഷിയായി പറയണമെന്നു പരാതിക്കാരി പി.സി.ജോർജിനോട് നിർദേശിച്ചിരുന്നതായും റിപ്പോർട്ടിൽ ഉണ്ട്. എന്നാൽ, സിബിഐക്ക് മൊഴി നൽകുമ്പോൾ പി.സി.ജോർജ് പീഡനം കണ്ടില്ലെന്നു മൊഴി നൽകി. ഇതും കേസിനെ സ്വാധീനിച്ചു. പിന്നീട് പിസി ജോർജിനെതിരേയും പീഡന പരാതി പൊലീസിൽ എത്തി.ഈ പരാതിയിൽ പിസി ജോർജിനെ ജയിലിൽ അടയ്ക്കാനും നീക്കം നടന്നു.പരാതിക്കാരിയുടെ ആദ്യ കത്തിനു പുറമേ അവർ പലപ്പോഴായി രാഷ്ട്രീയനേതാക്കളുടെ പേര് എഴുതിച്ചേർക്കുന്നതിനായി തയാറാക്കിയ 4 കത്തുകളും സിബിഐ തെളിവായി ശേഖരിച്ചിരുന്നു. മുഖ്യമന്ത്രിയായി പിണറായി വിജയൻ അധികാരത്തിലെത്തി മൂന്നാം ദിവസം തന്നെ പരാതിക്കാരിക്കു മുഖ്യമന്ത്രിയെ കാണാൻ അവസരമൊരുക്കിയതു വിവാദ ദല്ലാൾ ആണെന്ന് പരാതിക്കാരിയുടെ ഡ്രൈവറും കേസിലെ പ്രധാന സാക്ഷിയും സിബിഐക്കു മൊഴി നൽകി.
പരാതിക്കാരി ജയിലിൽ കിടന്നപ്പോൾ എഴുതിയ ആദ്യ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരോ പരാമർശമോ ഇല്ലായിരുന്നു. പിന്നീട് ഇത് കൂട്ടിച്ചേർത്തു.പരാതിക്കാരി മറ്റൊരു കേസിൽ ജയിലിൽ കഴിയുമ്പോൾ ഗണേശ്‌കുമാർ സഹായിയെ വിട്ടു കത്ത് കൈവശപ്പെടുത്തുകയായിരുന്നുവെന്നാണ് സിബിഐക്കു ലഭിച്ച മൊഴി. ഇക്കാര്യം ശരണ്യ മനോജിന്റെ മൊഴിയിലും ഉണ്ട്. ഇതിനിടയിൽ കടന്നുവന്ന വിവാദ ദല്ലാളിന് 2 കത്തുകൾ കൈമാറിയതായി മനോജ് മൊഴി നൽകിയതായി സിബിഐ വ്യക്തമാക്കുന്നു. പിന്നീട് പരാതിക്കാരിയെ കേസുമായി മുന്നോട്ടുപോകാൻ സഹായിച്ചത് ഇയാളാണ്. മുഖ്യമന്ത്രിയുടെയടുത്തു പരാതിക്കാരിയെ എത്തിച്ച് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു കേസ് സിബിഐക്കു വിടുകയായിരുന്നു ഉദ്ദേശ്യം.2013 മുതൽ പലപ്പോഴായി ആകെ അഞ്ചു സെറ്റ് കത്തുകൾ സോളാർ അതിജീവിത തന്നെ എഴുതി തയ്യാറാക്കിയതായാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്.
തന്നെ പീഡിപ്പിച്ചവർ എന്ന മട്ടിൽ പലപ്പോഴായി പലരെ കുടുക്കാൻ ഇത് തൽപരകക്ഷികൾക്ക് പണത്തിന് വിൽപന നടത്തി എന്ന ഞെട്ടിക്കുന്ന വസ്തുതയാണ് അന്വേഷണത്തിൽ തെളിഞ്ഞത്. സന്തത സഹചാരികളായിരുന്ന ഒന്നിലേറെ പേർ ഇക്കാര്യത്തിൽ സിബിഐക്ക് മൊഴി നൽകിയിട്ടുണ്ട്. അതിജീവിതക്ക് ഇങ്ങനെ കിട്ടിയ പണത്തിന്റെ പങ്കുപറ്റി കൂടെ നിന്നവർ ചിലർ കുറ്റസമ്മത മൊഴിയായി പറഞ്ഞതും സിബിഐ രേഖപ്പെടുത്തിയിട്ടുണ്ട്.ഉദാഹരണത്തിന്, ടി ജി നന്ദകുമാറിന്റെ കൈവശം തന്നെ 19 പേജിന്റെയും 25 പേജിന്റെയുമായി രണ്ടു കത്തുകൾ ഉണ്ടായിരുന്നു. രണ്ടിലെയും പേരുകൾ വ്യത്യസ്തം ആയിരുന്നു. ഇത് രണ്ടും പണം കൊടുത്ത് തന്നെ വാങ്ങിയതാണ്. സിബിഐ കേസ് ഏറ്റെടുത്തതിന് ശേഷം 2022 ആദ്യം അതിജീവിത പൂഞ്ഞാറിൽ പിസി ജോർജിന്റെ വീട്ടിൽ എത്തി ഒരു കുറിപ്പ് കൈമാറുന്നു. അതിൽ പറയുന്നത് പ്രകാരം സിബിഐക്ക് മൊഴി നൽകി ഉമ്മൻ ചാണ്ടിയെ കുടുക്കാൻ തന്നെ സഹായിക്കണം എന്നായിരുന്നു ആവശ്യം. ക്ലിഫ് ഹൗസിൽ പീഡനം നടന്നുവെന്ന് പരാതിയിൽ പറയുന്ന സമയത്ത് പിസി ജോർജ് ദൃക്ക് സാക്ഷി ആയിരുന്നു എന്ന് സ്ഥാപിക്കാനായിരുന്നു ശ്രമം.
ഉമ്മൻ ചാണ്ടി ധരിച്ചിരുന്ന മുണ്ട് അടക്കം വസ്ത്രങ്ങളുടെ അടയാളങ്ങൾ ആയിരുന്നു ആ കുറിപ്പിൽ ഉണ്ടായിരുന്നത്. കള്ളി മുണ്ട് എന്നാണ് എഴുതിയിരുന്നത്. കൂടാതെ താൻ ധരിച്ചിരുന്നത് കറുത്ത നിറത്തിലുള്ള ഷിഫോൺ സാരി ആയിരുന്നു എന്നും വായിച്ചു പഠിച്ച് കള്ളസാക്ഷി പറയാനായി പിസി ജോർജിന് കൊടുത്ത കുറിപ്പിൽ എഴുതിയിരുന്നു.ചില സ്ഥലങ്ങളിൽ, ചില മാധ്യമങ്ങളിൽ അടക്കം ജോർജ് ഇത് അനുസരിച്ച് ചിലതെല്ലാം പറഞ്ഞെങ്കിലും ഒടുവിൽ സിബിഐ അന്വേഷണത്തിന്റെ ഘട്ടം എത്തിയപ്പോൾ ഉള്ളത് തന്നെ പറഞ്ഞു. മാത്രവുമല്ല പരാതിക്കാരി എഴുതി കൊടുത്ത ആ കുറിപ്പ് സഹിതം പിസി ജോർജ് കോടതിക്ക് രഹസ്യമൊഴിയും നൽകി. അങ്ങനെയാണ് ആ ഗൂഢാലോചന പൊളിഞ്ഞത്.ഇതിനെല്ലാം പുറമേ ഡൽഹിയിലും മറ്റും എത്തിച്ച് ഉമ്മൻ ചാണ്ടിക്ക് രണ്ടു കോടിയോളം കൈക്കൂലി നൽകിയെന്ന ആരോപണവും പൊളിഞ്ഞു പോയി. പരാതിക്കാരി ഡൽഹിയിൽ താമസിച്ചുവെന്ന് പറയുന്ന ഹോട്ടൽ, പണം കൈമാറാൻ പോയപ്പോൾ ഒപ്പം ഉണ്ടായിരുന്ന ഡ്രൈവർമാർ, തുടങ്ങി സന്തത സഹചാരികളായി ഉണ്ടായിരുന്ന കമ്പനി ജീവനക്കാർ പോലും ആരോപണങ്ങളെ സിബിഐക്ക് മുന്നിൽ പിന്തുണച്ചില്ല.
പരാതിക്കാരിക്ക് ഇങ്ങനെ ആളുകളെ സമ്മർദ്ദത്തിലാക്കി പണം പിരിക്കുന്ന പതിവ് ഉണ്ടെന്ന് പോലും അടുപ്പക്കാരിൽ ഒരാളുടെ സാക്ഷിമൊഴി സിബിഐ രേഖപ്പെടുത്തിയിട്ടുണ്ട്. ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തൻ ആക്കി കൊണ്ടുള്ള സിബിഐ റിപ്പോർട്ട് കോടതി അംഗീകരിച്ചിട്ടുണ്ട്. ഇല്ലാത്ത കേസിന്‍റെ പേരിൽ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർ ഇന്ന് സ്വന്തം പാർട്ടിയിലെ കൂരമ്പുകൾ ഏറ്റുവാങ്ങുകയാണ്. ഈ കേസും പരാതിയും ഗൂഢാലോചനയുടെ ഭാഗമായിരുന്നു.എന്ന മുൻപേ തെളിഞ്ഞതാണ് .പക്ഷേ സത്യത്തിന്‍റെ മുഖം മൂടിവയ്ക്കാൻ കഴിയില്ലെന്ന് തെളിഞ്ഞു.
സോളാർ കേസിലെ വിധി എല്ലാവർക്കും ഒരു പാഠമാണ്. അതിന്റെ പേരിൽ ഒരു കുടുംബത്തെ പോലെ വര്ഷങ്ങളോളം യാതൊരു ദയയുമില്ലാതെ വേട്ടയാടിയവർ ഇന്ന് ഉമ്മൻ ചാണ്ടിയെന്ന ജനകീയ നേതാവിനെ ഓർത്തു കുറ്റബോധം കൊണ്ട് നീറുകയാണ്. ഇന്ന് ഭരിക്കുന്നവർ എന്താണ് ഇവിടെ കാണിച്ചു കൂട്ടുന്നത് എന്നുള്ളത് വളരെ വ്യക്തമാണ് . ഭരണത്തിന്റെ പ്രതിശ്ചായ തകർക്കാൻ അഴിമതിയുടെ കറപുരണ്ട കസേരകളിൽ കയറി ഇരുന്ന് ജനങ്ങളെ താറടിപ്പിക്കുകയാണ്. ഇതിൽ അതിനു ജനം കൊടുത്ത മറുപടി കൂടെയാണ് പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഫലം. കാലം എത്ര കഴിഞ്ഞിട്ട് ഉമ്മൻചാണ്ടിയെന്ന് വാക്കിനർത്ഥം സത്യം എന്നും കൂടെയാണെന്ന് വീണ്ടും വീണ്ടും തെളിയുകയാണ്...
https://www.facebook.com/Malayalivartha

























