കരുവന്നൂരില്‍ കട്ടുമുടിച്ചവന്‍ സി.പി.എം അന്വേഷണ കമ്മിഷന്‍ അംഗമായി...ഇതിലും വലിയ ട്വിസ്റ്റ് സ്വപ്‌നങ്ങളില്‍ മാത്രം....കട്ടന്‍ചായയും പരിപ്പുവടയും കഴിച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്താനാവില്ലെന്ന, ചിറ്റപ്പന്‍ സഖാവിന്റെ ആഹ്വാനം ഏറ്റെടുത്തത് തൃശൂരിലെ ഗഡികളാണ്....

കട്ടന്‍ചായയും പരിപ്പുവടയും കഴിച്ച് പാര്‍ട്ടിപ്രവര്‍ത്തനം നടത്താനാവില്ലെന്ന ചിറ്റപ്പന്‍ സഖാവിന്റെ ആഹ്വാനം ഏറ്റെടുത്തത് തൃശൂരിലെ ഗഡികളാണ്. സി.പി.എമ്മിന്റെ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തപ്പോഴാണ് ഇ.പി ജയരാജന്‍ വിവാദമായ പ്രസംഗം നടത്തിയത്. അതോടെ ജില്ലയിലെ ചീങ്കണ്ണികളായ സഖാക്കള്‍ കരവന്നൂരില്‍ കേറി മേഞ്ഞു. അങ്ങനെയാണ് 500 കോടിയോളം രൂപ വായ്പാ തട്ടിപ്പിലൂടെ കീശയിലാക്കിയത്. തട്ടിപ്പിലെ പ്രധാന വിരുതനായ പലിശ ഇടപാടുകാരന്‍ സതീശന്‍ കണ്ണൂരില്‍ നിന്ന് തൃശൂരിലെത്തി താമസിച്ചാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. അതുകൊണ്ട് ഇ.ഡി അന്വേഷണം കണ്ണൂരിലേക്കും നീങ്ങും. ഇതോടെ പല നേതാക്കളുടെയും നിലപരുങ്ങലിലായെന്നാണ് ലഭ്യമായ വിവരം. സതീഷ് കുമാറിന്റെ ഇടപാടുകളും ബന്ധങ്ങളും സംബന്ധിച്ച് ഇ.ഡിക്ക് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എ.സി മൊയ്തീന്‍ മാത്രമല്ല മറ്റൊരു സീനിയര്‍ നേതാവും അദ്ദേഹത്തിന്റെ അധികാരപരിധിയിലുള്ള ബാങ്കും ഇ.ഡിയുടെ റഡാറിലാണ്.
താമസിയാതെ ഈ ബാങ്കില്‍ ഇ.ഡി പരിശോധന നടത്തിയേക്കും. പണം നല്‍കുന്നത് കണ്ടെന്നുള്ള സാക്ഷിമൊഴികളും ഇടപാടുകള്‍ സംബന്ധിച്ച ഫോണ്‍ വിളികളും ഇ.ഡി ചികഞ്ഞെടുത്തു. ഇതെല്ലാം സി.പി.എം നേതൃത്വത്തിന്റെ നെഞ്ചിലാണ് ചെന്ന് തറയ്ക്കുന്നത്. തൃശൂരില്‍ സി.പി.എം നിയന്ത്രണത്തിലുള്ള 10ലധികം ബാങ്കുകളില്‍ സതീഷ് കുമാര്‍ വായ്പാ ഇടപാട് നടത്തിയതായും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. കണ്ണൂര്‍ അടക്കമുള്ള ജില്ലകളിലെ ഉന്നത നേതാക്കളുമായുള്ള ബന്ധവും സ്വാധീനവും കാരണം സതീഷിന് ജീവനക്കാരെല്ലാം എല്ലാ സഹായങ്ങളും വഴിവിട്ട് ചെയ്തുകൊടുത്തെന്നാണ് കേന്ദ്ര ഏജന്‍സിയുടെ കണ്ടെത്തല്‍.
ഇ.പിയുടെ വിവാദ പ്രസംഗത്തിനെതിരെ അദ്ദഹത്തെ എന്നും മുള്‍മുനയില്‍ നിര്‍ത്തിയിരുന്ന സംസ്ഥാന സമിതി അംഗം ബേബി ജോണ്‍ കലാപമുയര്‍ത്തിയിരുന്നു. ബേബി ജോണിനെ തളയ്ക്കാനായി ഇ.പി മൊയ്തീനുമായി കൈകോര്‍ത്തു. അതോടെ തൃശൂരിലെ പാര്‍ട്ടി അവരുടെ കൈക്കുമ്പിളിലായി. തൃശൂര്‍ നഗരസഭാ കൗണ്‍സിലര്‍മാര്‍ അടക്കമുള്ള ചില ലോക്കല്‍ നേതാക്കളും ഇവര്‍ക്ക് കുടപിടിച്ചതോടെ ജില്ലയിലെ സി.പി.എമ്മിനുള്ളില്‍ ഒരു മാഫിയാ സംഘം ഉടലെടുക്കുകയായിരുന്നു. കരവന്നൂര്‍ തട്ടിപ്പിലെ മറ്റൊരു പ്രതിയായ പി.പി കിരണിനെ പോലുള്ളവര്‍ ഈ ഗൂഢ സംഘത്തിന് ആവശ്യത്തിന് പണം കൊടുത്തതോടെ, തട്ടിപ്പുകാര്‍ക്ക് കളമൊരുക്കാന്‍ നേതാക്കള്‍ എല്ലാ സഹായവും നല്‍കി. ചെരുപ്പ് കമ്പനിയിലെ ജോലിക്കായി തൃശൂരിലെത്തിയ സതീഷ് കുമാര്‍ ലോട്ടറി അടിക്കുന്നതിനേക്കാള്‍ വേഗത്തിലാണ് കോടീശ്വരനായി മാറിയത്. ബാങ്കില്‍ നിന്ന് നേതാക്കള്‍ കയ്യിട്ടുവാരിയ കോടിക്കണക്കിന് രൂപ സതീഷ് കുമാറാണ് പാവങ്ങള്‍ക്ക് പലിശയ്ക്ക് നല്‍കിയത്. ഇ.ഡി സി.പി.എം നേതാക്കളുടെ വീടുകളില്‍ പരിശോധനടത്തുകയും ചോദ്യം ചെയ്യുകയും ചെയ്തതോടെയാണ് ഇക്കാര്യങ്ങള്‍ പുറത്തായത്.
ഇതെല്ലാമറിഞ്ഞ് നാട്ടുകാര്‍ മൂക്കത്ത് വിരല്‍വെച്ചു. ഒപ്പം സി.പി.എം നേതാക്കള്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയിലുമായി. മൊയ്തീനും മുന്‍ എം.പി പി.കെ ബിജുവും അഡാറ് പണിയാണ് കരവന്നൂരില്‍ നടത്തിയത്. എം.പിയായിരുന്ന കാലത്ത് പാലക്കാട് തുടങ്ങിയ ഓഫീസ് പെട്ടെന്ന് തൃശൂരിലേക്ക് മാറ്റിയത് തട്ടിപ്പ് നടത്താനായിരുന്നെന്ന് അനില്‍ക്കര ആരോപിച്ചു. മൊയ്തീനെ ചോദ്യം ചെയ്ത ശേഷം പി.കെ ബിജുവിനെയും ഇ.ഡി ചോദ്യം ചെയ്‌തേക്കും. അതോടെ കൂടുതല്‍ നേതാക്കള്‍ പ്രതികളായേക്കും. തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ മകനെ രക്ഷിക്കാനായാണ് നിലവില്‍ പ്രതികളായ പ്രാദേശിക നേതാക്കളെ ഒറ്റുകൊടുത്തത്. ഇത് സംബന്ധിച്ച് ഇവര്‍ നല്‍കിയ പരാതി പാര്‍ട്ടി പരിഗണിച്ചില്ല. പോലീസില്‍ കൊടുത്ത പരാതി സമ്മര്‍ദ്ദം ചെലുത്തി പിന്‍വലിപ്പിച്ചു. അതിന് ശേഷമാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പെടുത്തിയത്. ഇവര്‍ ഇ.ഡിക്ക് നല്‍കിയ മൊഴിയാണ് മൊയ്തീനെയും ബിജുവിനെയും കുടുക്കിയത്. നേതാക്കളുടെ തട്ടിപ്പിന് ബലിയാടാക്കിയത് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.കെ ചന്ദ്രനെയായിരുന്നു. ചന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. എ.സി മൊയ്തീന്റെ വലംകയ്യായിരുന്നു ചന്ദ്രന്‍. തട്ടിപ്പ് പുറത്തറിയാതിരിക്കാനാണ് മൊയ്തീന്‍ ചന്ദ്രന് ബാങ്കിന്റെ ചുമതല നല്‍കിയതെന്നും ആക്ഷേപമുണ്ട്.
പ്രാദേശിക നേതാക്കളും തൃശൂര്‍, വടക്കാഞ്ചേരി നഗരസഭാ അംഗങ്ങളുമായ അനൂപ് ഡേവിസ്, അരവിന്ദാക്ഷന്‍ എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ നേതാക്കളുടെ പങ്ക് വ്യക്തമായത്. ചില നേതാക്കളുടെ ബിനാമി ഇടപാടുകളില്‍ ഈ രണ്ട് കൗണ്‍സിലര്‍മാര്‍ക്കും പങ്കുള്ളതായാണ് വിവരം. തൃശൂരിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് അനൂപാണെന്ന രേഖകള്‍ ഇ.ഡി ശേഖരിച്ചിട്ടുണ്ട്. ക്രിപ്‌റ്റോ കറന്‍സി കേസിലെ പ്രതിക്ക് വിദേശത്തേക്ക് കടക്കാന്‍ സഹായം ചെയ്‌തെന്ന കേസില്‍ അന്വേഷണം നേരിടുന്നയാളാണ് അനൂപ്. ഇത്തരത്തിലുള്ള സകലമാന വള്ളിക്കെട്ടുകളും ചുമന്നുകൊണ്ട് നടക്കുന്നവരെയാണ് സി.പി.എമ്മിലെ പല ഉന്നത നേതാക്കള്‍ക്കും ഇഷ്ടം. ഇവര്‍ വഴിയാണ് സകലമായ തട്ടിപ്പും വെട്ടിപ്പും തരികിടകളും നടത്തുന്നത്. 14 ജില്ലകളിലുമുള്ള പല നേതാക്കളുടെയും ഇത്തരം വഴിവിട്ട നിലപാടുകളെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമായ ധാരണയും വിവരവുമുണ്ട്. അതുകൊണ്ടാണ് മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരെ അതീവഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഈ നേതാക്കളെല്ലാം പിന്തുണയ്ക്കുന്നത്. ഇതിനേക്കാള്‍ രസകരമായ മറ്റൊരു സംഗതിയുണ്ട്.
കരവന്നൂര്‍ തട്ടിപ്പ് പുറത്തായപ്പോള്‍ സി.പി.എം നിയമിച്ച അന്വേഷണ കമ്മിഷനില്‍ പി.കെ ബിജുവും അംഗമായിരുന്നു. കള്ളനെ കാവലേല്‍പ്പിക്കുക എന്ന് കേട്ടിട്ടുണ്ടെങ്കിലും കട്ടുമുടിച്ചവനെ അന്വേഷിക്കാന്‍ ചുമതലപ്പെടുത്താന്‍ സി.പി.എമ്മിനല്ലാതെ മറ്റാര്‍ക്കും കഴിയില്ല. ഇ.ഡിയുടെ ചോദ്യം ചെയ്യലില്‍ നിന്ന് മൊയ്തീന് രക്ഷപെടാനാവില്ല. മൊയ്തീനെതിരെ കൃത്യമായ മൊഴി ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് ചോദ്യം ചെയ്യല്‍ അറസ്റ്റിലേക്ക് നീണ്ടാല്‍ അത്ഭുതപ്പെടാനില്ല.
https://www.facebook.com/Malayalivartha

























