രണ്ടു തവണ നോട്ടീസ് നൽകിയപ്പോഴും പല തടസ്സങ്ങൾ പറഞ്ഞ് ഒഴിഞ്ഞ് മാറി ഒടുവിൽ സഭ തുടങ്ങുന്ന ദിവസം ഇ ഡിക്ക് മുന്നിൽ മൊയ്തീൻ..! നിയമസഭ നടക്കുന്നതിനാൽ ഇന്ന് മൊയ്തീനെ അറസ്റ്റു ചെയ്യാൻ സാധ്യതയില്ലായെന്ന കണ്ടെത്തലിനൊടുവിൽ

കരുവന്നൂർ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് എ.സി. മൊയ്തീൻ എംഎൽഎ. ഇ.ഡിക്ക് മുന്നിൽ ഹാജരായി. പുലർച്ചെ തൃശൂരിൽ നിന്നും അദ്ദേഹം കൊച്ചിയിൽ എത്തുകയായിരുന്നു. രണ്ടു തവണ നോട്ടീസ് നൽകിയപ്പോഴും പല തടസ്സങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറിയ മൊയ്തീന് ഇന്ന് കൂടി ഹാജരായില്ലെങ്കിൽ അറസ്റ്റ് നേരിടേണ്ടി വരുമായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.
മുമ്പു രണ്ടു തവണ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നു നോട്ടീസ് നൽകിയെങ്കിലും അസൗകര്യമുണ്ടെന്നു കാട്ടി ഒഴിവാകുകയായിരുന്നു. ഹാജരായില്ലെങ്കിൽ ഒളിച്ചോടിയെന്നാകും പറയുകയെന്നു എ.സി. മൊയ്തീൻ വ്യക്തമാക്കിയിരുന്നു. നിയമസഭാ സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കില്ല. സാക്ഷികൾക്കു നൽകുന്ന നോട്ടീസാണു ചോദ്യംചെയ്യലിനു ഹാജരാവാൻ മൊയ്തീനു നൽകിയിട്ടുള്ളത്. പത്തു വർഷത്തെ ബാങ്ക് സ്റ്റേറ്റ്മെന്റുമായി എത്താനാണു മൊയ്തീന് ഇ.ഡി. നിർദ്ദേശം.
നിയമസഭ നടക്കുന്നതിനാൽ ഇന്ന് മൊയ്തീനെ അറസ്റ്റു ചെയ്യാൻ സാധ്യതയില്ല. ഇന്ന് ചോദ്യം ചെയ്ത ശേഷം വിട്ടയ്ക്കും. അതിന് ശേഷം വീണ്ടും വിളിച്ചു വരുത്തും. അന്ന് അറസ്റ്റുണ്ടാകാനാണ് സാധ്യത. കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ താൻ ഉത്തരവാദിയാണെന്നതിനു തെളിവില്ലെന്നാണു മൊയ്തീന്റെ വാദം. അതേസമയം, റിമാൻഡിലായ രണ്ടുപ്രതികൾ ഇ.ഡിക്കു നൽകിയ മൊഴി പുറത്തുവന്നിട്ടില്ല. ഈ മൊഴികൾ കുടുക്കാവുമോ എന്നാണു മൊയ്തീന്റെ ആശങ്ക.
വടക്കാഞ്ചേരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അരവിന്ദാക്ഷൻ, സിപിഎം. കൗൺസിലർ അനൂപ് ഡേവിസ് എന്നിവരും കൊച്ചി ഇ.ഡി. ഓഫീസിൽ ചോദ്യംചെയ്യലിനു ഹാജരാകും. സിപിഎം. എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് മുൻ അംഗം സി.കെ. ചന്ദ്രൻ, ബാങ്ക് മുൻ മാനേജർ ബിജു കരീം, ബാങ്ക് സെക്രട്ടറി സുനിൽകുമാർ എന്നിവരെ കഴിഞ്ഞ ദിവസം ഇ.ഡി. ചോദ്യംചെയ്തിരുന്നു. സ്വർണ വ്യാപാരി അനിൽ സേട്ടിനെയും ചോദ്യംചെയ്തു.
മൊയ്തീന്റെ ബിനാമികളെന്നു കരുതുന്ന സതീഷ് കുമാർ, പി.പി. കിരൺ എന്നിവർ റിമാൻഡിലാണ്. ഇവരുടെ മൊഴികൾ അതിനിർണ്ണായകമാകും. അതിനിടെ മുൻ എംപി പികെ ബിജുവും ഇഡിയുടെ റഡാറിലാണ്. കരുവന്നൂർ കേസിൽ ബിജുവിനേയും ഇഡി ചോദ്യം ചെയ്യും.
https://www.facebook.com/Malayalivartha

























