കാട്ടാക്കടയിൽ പത്താം ക്ലാസുകാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയത് ആസൂത്രിതം:- പ്രിയരഞ്ജന് എതിരെ കാട്ടാക്കട പൊലീസ് കൊലക്കുറ്റം ചുമത്തി:- നാല് സംഘങ്ങളായി തിരിഞ്ഞ് പ്രതിക്കായി അന്വേഷണം

കാട്ടാക്കടയിൽ പത്താം ക്ലാസുകാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയത് ആസൂത്രിതമെന്നും, കുട്ടിയോടുള്ള മുൻ വൈരാഗ്യമാണ് കാരണമെന്നും പോലീസ്. കാറോടിച്ച കാട്ടാക്കട പൂവച്ചൽ പുളിങ്കോട് ഭൂമിക വീട്ടിൽ പ്രിയരഞ്ജന് (42) എതിരെ കാട്ടാക്കട പൊലീസ് കൊലക്കുറ്റം ചുമത്തി. കൊലപാതകമാണെന്നു കുട്ടിയുടെ രക്ഷിതാക്കളുടെ ആരോപണത്തിനു പിന്നാലെ സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്തതോടെയാണു കൊലക്കുറ്റം ചുമത്തിയത്. കഴിഞ്ഞ 30ന് വൈകിട്ട് അഞ്ചരയോടെ പുളിങ്കോട് ഭദ്രകാളി ദേവീക്ഷേത്രത്തിനു മുന്നിലായിരുന്നു സംഭവം.
പ്രിയരഞ്ജൻ ഓടിച്ച ഇലക്ട്രിക് കാറിടിച്ച് അരുണ്‍കുമാർ- ഷീബ ദമ്പതികളുടെ മകനും കാട്ടാക്കട ചിന്മയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയുമായ അരുണ്‍ ശേഖര്‍ എന്ന ആദി- മരിച്ചത്. ഏപ്രിലിൽ പുളിങ്കോട് ഭദ്രകാളി ദേവീക്ഷേത്ര പരിസരത്ത് പ്രിയരഞ്ജൻ മൂത്രമൊഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തിരുന്നു. തുടർന്ന് ആദിശേഖറിനെ പ്രിയരഞ്ജൻ തടഞ്ഞുവച്ചു മർദിക്കാൻ ശ്രമിച്ചെന്ന അരുൺകുമാറിന്റെ അടുത്ത ബന്ധുവായ ലതാകുമാരിയുടെ മൊഴി കേസിൽ നിർണായകമായി.
ക്ഷേത്ര പരിസരത്തെ ഗ്രൗണ്ടിൽ ഫുട്ബോൾ കളിച്ച ശേഷം വീട്ടിലേക്കു മടങ്ങാൻ സൈക്കിൾ തിരിക്കുമ്പോഴാണു പാർക്ക് ചെയ്തിരുന്ന കാർ ആദിശേഖറിനെയും സൈക്കിളിനു പിന്നിലിരുന്ന ഏഴാം ക്ലാസ് വിദ്യാർഥി ആർ.നീരജിനെയും ഇടിക്കാൻ പാഞ്ഞടുത്തത്. കാർ വരുന്നതു കണ്ട നീരജ് ക്ഷേത്രപരിസരത്തേക്കു ചാടി രക്ഷപ്പെട്ടു. ആദിശേഖറിനെ ഇടിച്ചു തെറിപ്പിച്ച കാർ ശരീരത്തിന്റെ ഒരു ഭാഗത്തു കൂടി കയറിയിറങ്ങി. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് ആദ്യം കേസ് എടുത്തത്. പിന്നീട് മനഃപൂർവമല്ലാത്ത നരഹത്യയായി മാറി.
മകനെ അപായപ്പെടുത്തുമെന്നു പ്രിയരഞ്ജൻ ഭീഷണി മുഴക്കിയിരുന്നതായി ആദിശേഖറിന്റെ അച്ഛൻ ആരോപിച്ചു. പൂവച്ചൽ സ്വദേശിയായ പ്രിയരഞ്ജൻ നാലാഞ്ചിറയിലാണു താമസിക്കുന്നത്. വിദേശത്തുള്ള ഭാര്യ വിവരം അറിഞ്ഞു നാട്ടിൽ എത്തിയിരുന്നു. സംഭവം ഒതുക്കിത്തീർക്കാൻ ഉന്നതതല നീക്കം നടക്കുന്നതായും ആരോപണം ഉണ്ട്. പ്രിയരഞ്ജൻ കുടുംബത്തോടൊപ്പം നാടുവിട്ടതായാണു സൂചന.
മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫാണ്. ഒന്നര മാസം മുൻപ് പ്രിയരഞ്ജൻ ഉൾപ്പെടുന്ന സംഘത്തെ ലഹരിമരുന്നായ എംഡിഎംഎയുമായി എക്സൈസ് പിടികൂടിയതായും ഉന്നത ഇടപെടലിനെ തുടർന്നു തടിയൂരിയതായും പൊലീസിനു വിവരം ലഭിച്ചു. കരഞ്ഞു തളർന്ന അവസ്ഥയിലാണ് ആദിശേഖറിന്റെ കുടുംബം.
മരണം നടന്ന് 11 ദിവസം തികയുമ്പോഴും ഈ വീട്ടിലെ കണ്ണീർ തോരുന്നില്ല. വഞ്ചിയൂർ എച്ച്എസിലെ അധ്യാപകൻ എ.അരുൺകുമാർ – സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥയായ ഐ.ബി.ഷീബയുടെയും രണ്ടു മക്കളിൽ രണ്ടാമനാണ് ആദിശേഖർ. മൂത്ത മകൾ അഭിലക്ഷ്മി യൂണിവേഴ്സിറ്റി കോളജിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ്.
https://www.facebook.com/Malayalivartha
























