കടമക്കുടി ദമ്പതികളെ മരണ ശേഷവും വിടാതെ ലോൺ ആപ്പുകൾ: ശിൽപയുടെ മോർഫ് ചെയ്ത ഫോട്ടോകൾ വീണ്ടും ബന്ധുക്കൾക്ക് ലഭിച്ചു:- 9300 രൂപ വായ്പയുടെ ഗഡുവായി നൽകിയതിന്റെ തെളിവ് പോലീസിന് ലഭിച്ചു...

കടമക്കുടിയിൽ മക്കളെ കൊലപ്പെടുത്തിയതിന് ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. ദമ്പതികളെ മരണ ശേഷവും ലോൺ ആപ്പുകൾ വെറുതെ വിടുന്നില്ല. മോർഫ് ചെയ്ത അശ്ലീല ഫോട്ടോ ബന്ധുക്കൾക്ക് അയച്ച് ലോൺ ആപ്പുകളുടെ ഭീഷണി തുടരുന്നു. മരിച്ച നിജോയുടെ ഭാര്യയുടെ മോർഫ് ചെയ്ത ഫോട്ടോകളാണ് ബന്ധുക്കൾക്ക് അയച്ചത്. ഇന്ന് രാവിലെയും ബന്ധുക്കളുടെ ഫോണുകളിൽ ഫോട്ടോകളെത്തിയെന്ന് ബന്ധുക്കൾ പറഞ്ഞു. കൂട്ട ആത്മഹത്യയിൽ ഓൺലൈൻ ആപ്പിനെതിരെ വരാപ്പുഴ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
എന്നാൽ ഭീഷണി ഇപ്പോഴും തുടരുകയാണെന്ന് സഹോദരൻ ടിജോ പറഞ്ഞു. കടബാധ്യതയും സാമ്പത്തിക പ്രശ്നങ്ങളുമാണ് ആത്മഹത്യക്ക് കാരണം എന്ന നിഗമനത്തിലായിരുന്നു പൊലീസ്. അതിനിടെയാണ് മരിച്ച യുവതി ഓൺലൈൻ ആപ്പ് വഴി എടുത്ത വായ്പ തിരിച്ചടയ്ച്ചിട്ടില്ല എന്ന് ആരോപിച്ച് ഭീഷണി സന്ദേശങ്ങൾ ലഭിച്ച വിവരം അറിയുന്നത്. യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങളും ലോൺ അടക്കാൻ സമ്മർദ്ദം ചെലുത്തുന്ന തരത്തിൽ ഓഡിയോ സന്ദേശങ്ങളും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണുകളിൽ എത്തി. സാമ്പത്തിക പ്രശ്നങ്ങൾക്ക് പുറമെ ചിത്രങ്ങൾ പ്രചരിച്ചതായി അറിഞ്ഞതോടും കൂടിയാണ് യുവതിയും ഭർത്താവും ആത്മഹത്യയ്ക്ക് മുതിർന്നത്.
ശിൽപയുടെ അക്കൗണ്ടിൽ നിന്നു 9300 രൂപ വായ്പയുടെ ഗഡുവായി നൽകിയതിന്റെ തെളിവ് പൊലീസിനു ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ ബാങ്കിന്റെയും വായ്പ നൽകിയ സ്ഥാപനത്തിന്റെയും വിവരങ്ങളില്ല. എത്ര രൂപയാണ് ഓൺലൈൻ വായ്പയായി വാങ്ങിയതെന്ന വിവരവും അറിവായിട്ടില്ല. കഴിഞ്ഞ മാസം തിരിച്ചടവ് മുടങ്ങിയതോടെയാണു വായ്പ നൽകിയ ഓൺലൈൻ സംഘം ശിൽപയുടെ ഫോണിലേക്കു ഭീഷണി സന്ദേശങ്ങൾ അയച്ചു തുടങ്ങിയത്.
മോർഫ് ചെയ്ത നഗ്ന ഫോട്ടോ ഉൾപ്പെടെ സന്ദേശങ്ങൾ ശിൽപയുടെ കോൺടാക്ട് ലിസ്റ്റിലുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും മൊബൈൽ ഫോണിൽ വാട്സാപ് ആയും അയച്ചുകൊടുത്തു. 25 പേർക്ക് ഇത്തരത്തിൽ സന്ദേശമെത്തിയതായാണു വിവരം. ഒരു സ്ത്രീയുടെ ഹിന്ദിയിലുള്ള ശബ്ദ സന്ദേശമാണ് എല്ലാവർക്കും ലഭിച്ചിട്ടുള്ളത്. തിരിച്ചടവ് മുടങ്ങിയെന്നും പണം ഉടൻ തിരിച്ചടച്ചില്ലെങ്കിൽ നഗ്ന ചിത്രങ്ങളടക്കം എല്ലാ കോൺടാക്ടുകളിലേക്കും അയച്ചു നൽകുമെന്നും ശബ്ദ സന്ദേശത്തിലുണ്ട്.
കടമക്കുടിയിലെ ദമ്പതികളുടെയും മക്കളുടെയും മരണങ്ങളെ സംബന്ധിച്ചു സമഗ്ര അന്വേഷണം ആരംഭിച്ചതായി മുനമ്പം ഡിവൈഎസ്പി കെ.എ.അനീഷ്. ഓൺലൈൻ വായ്പത്തട്ടിപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണത്തിന്റെ പരിധിയിലുണ്ട്. എന്നാൽ ചെറിയ തുക മാത്രമാണു ഇവർ വായ്പയായി എടുത്തിട്ടുള്ളതെന്നാണ് വിവരം ലഭിച്ചിട്ടുള്ളത്. കൂട്ടമരണത്തിനു പിന്നിൽ മറ്റു കാര്യങ്ങൾ ഉണ്ടോയെന്നും പൊലീസ് പരിശോധിക്കും. നിജോയുടെയും ശിൽപയുടെയും ഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഓൺലൈൻ വായ്പ ഇടപാടുകാർ മോർഫ് ചെയ്ത ഫോട്ടോ അയച്ചു കൊടുത്തു 25 പേരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. മരണ ദിവസം ഇവർ എഴുതിയെന്നു കരുതുന്ന ആത്മഹത്യ കുറിപ്പിലും വായ്പത്തട്ടിപ്പിനെ കുറിച്ചു പരാമർശിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.
അതിനിടെ സംഭവത്തിൽ ദുരൂഹതകളെക്കുറിച്ചു വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കെ.എൻ.ഉണ്ണിക്കൃഷ്ണൻ എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. മാടശേരി നിജോ, ഭാര്യ ശിൽപ മക്കൾ എയ്ബൽ, ആരോൺ എന്നിവരെയാണ് കഴിഞ്ഞദിവസം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുഞ്ഞുങ്ങളെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയശേഷം മാതാപിതാക്കൾ തൂങ്ങിമരിച്ച നിലയിലായിരുന്നു. സംഭവത്തിൽ ഓൺലൈൻ വായ്പത്തട്ടിപ്പു സംഘത്തിന്റെ ഉൾപ്പെടെ പങ്ക് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. ജനകീയ കൂട്ടായ്മയിൽ രൂപീകരിച്ച ജാഗ്രത സമിതിയും പരാതിയുമായി മുന്നോട്ടു പോകുകയാണ്.
https://www.facebook.com/Malayalivartha
























