പ്രത്യേക പുരസ്‌ക്കാരം നേടുന്ന എന്നെയും കുഞ്ചാക്കോ ബോബനേയും 25,000 രൂപ നല്‍കി അപമാനിക്കരുത്... പ്രത്യേക ജൂറി പരാമര്‍ശത്തിനുള്ള പുരസ്‌ക്കാരം ഏറ്റുവാങ്ങിയ ശേഷം പ്രതികരിച്ച് നടന്‍ അലന്‍സിയര്‍

പ്രത്യേക പുരസ്‌ക്കാരം നേടുന്ന എന്നെയും കുഞ്ചാക്കോ ബോബനേയും 25,000 രൂപ നല്‍കി അപമാനിക്കരുത്. ആണ്‍ കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് ആണ്‍കരുത്തുള്ള പ്രതിമ നല്‍കണമെന്ന് ചലച്ചിത്രതാരം അലന്‍സിയര്‍. കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2022ലെ പ്രത്യേക ജൂറി പരാമര്‍ശത്തിനുള്ള പുരസ്‌ക്കാരം ഏറ്റുവാങ്ങിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
''പ്രത്യേക ജൂറി അവാര്‍ഡ് കിട്ടുന്നവര്‍ക്ക് സ്വര്‍ണം പൂശിയ ശില്‍പം നല്‍കണം. നല്ല നടന്‍ എല്ലാവര്‍ക്കും കിട്ടും സ്‌പെഷ്യല്‍ കിട്ടുന്നവര്‍ക്ക് സ്വര്‍ണത്തിന്റെ പ്രതിമ നല്‍കണം. പ്രത്യേക പുരസ്‌ക്കാരം നേടുന്ന എന്നെയും കുഞ്ചാക്കോ ബോബനേയും 25,000 രൂപ നല്‍കി അപമാനിക്കരുത്. പുരസ്‌ക്കാരത്തിനുള്ള തുക വര്‍ധിപ്പിക്കണം.
പെണ്‍ പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് ആണ്‍കരുത്തുള്ള പ്രതിമ നല്‍കണം. അത് എന്നുമേടിക്കാന്‍ പറ്റുന്നുവോ, അന്ന് അഭിനയം നിര്‍ത്തും''–അലന്‍സിയര്‍ പറഞ്ഞു. മന്ത്രി സജി ചെറിയാനോടും ബംഗാളി ചലച്ചിത്രസംവിധായകന്‍ ഗൗതം ഘോഷിനോടുമായിരുന്നു അലന്‍സിയറിന്റെ അഭ്യര്‍ത്ഥന.
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പുരസ്‌ക്കാരദാന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും സാംസ്!കാരിക മന്ത്രി സജി ചെറിയാനും പുരസ്‌ക്കാര വിതരണം നിര്‍വഹിച്ചു. സംവിധായകന്‍ ടി.വി. ചന്ദ്രന് സമഗ്രസംഭാവനയ്ക്കുള്ള ജെ.സി.ഡാനിയേല്‍ പുരസ്‌ക്കാരം സമ്മാനിച്ച് ആദരിച്ചു. മികച്ച നടനുള്ള പുരസ്‌ക്കാരം മമ്മുട്ടിക്ക് വേണ്ടി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഏറ്റുവാങ്ങി.
കുഞ്ചാക്കോ ബോബന്‍, വിന്‍സി അലോഷ്യസ്, ലിജോ ജോസ് പെല്ലിശ്ശേരി,രതീഷ് ബാലകൃഷ്ണ പൊതുവാള്‍, അലന്‍സിയര്‍, മഹേഷ് നാരായണന്‍, റഫീക്ക് അഹമ്മദ്, എം.ജയചന്ദ്രന്‍, തുടങ്ങിയവര്‍ പുരസ്‌ക്കാരങ്ങള്‍ ഏറ്റുവാങ്ങി.
മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായി. മന്ത്രി ജി.ആര്‍.അനില്‍, വി.കെ.പ്രശാന്ത് എംഎല്‍എ, മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, ജൂറി ചെയര്‍മാന്‍ ഗൗതം ഘോഷ്, രചനാവിഭാഗം ജൂറി ചെയര്‍മാന്‍ കെ.സി.നാരായണന്‍, കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ഷാജി എന്‍.കരുണ്‍, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha
























