മെഡിക്കല്‍ കോളേജില്‍ മരുന്നുകള്‍ തിരികെ വിറ്റ് തട്ടിപ്പ്... രണ്ട് (മെയില്‍) പുരുഷ നഴ്സുമാര്‍ ഹാജരാകാന്‍ കോടതി ഉത്തരവ്

വാഹനാപകടത്തില്‍ പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയയായ സ്ത്രീക്ക് നല്‍കാനെന്ന വ്യാജേനെ പതിനായിരത്തിലേറെ രൂപയുടെ മരുന്ന് വാങ്ങിപ്പിച്ച ശേഷം തിരികെ മെഡിക്കല്‍ സ്റ്റോറില്‍ നല്‍കി പണം തട്ടിയ കേസില്‍ തലസ്ഥാന മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രണ്ട് പുരുഷ നഴ്സുമാര്‍ ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസട്രേട്ട് കോടതിയുടേതാണുത്തരവ്.
മെയില്‍ നഴ്‌സുമാരായ കൊല്ലം ആയിരക്കുഴി സ്വദേശി ഷമീര്‍. വൈ. ആര്‍ (29), ഓരുടമ്പലം മന്നടിക്കോണം സ്വദേശി ബിവിന്‍. എസ്. ലാല്‍ (33) എന്നിവര്‍ സെപ്റ്റംബര്‍ 25 നാണ് ഹാജരാകേണ്ടത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 409 (പൊതുസേവകര്‍ ചെയ്യുന്ന വിശ്വാസ ലംഘനം) , 201(തെളിവ് നശിപ്പിക്കല്‍) , 34 (കൂട്ടായ്മ) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്താണ് പ്രതികളോട് ഹാജരാകാന്‍ എ.സി.ജെ.എം. എല്‍സാ കാതറിന്‍ ജോര്‍ജ് ഉത്തരവിട്ടത്.
2019 സെപ്റ്റംബറിലാണ് കേസിനാസ്പദമായ മരുന്നു തട്ടിപ്പ് സംഭവം നടന്നത്. കാട്ടായിക്കോണം സ്വദേശിനി ബേബി തന്റെ മകന്‍ വിപിന്റെ ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യവെ കാര്യവട്ടത്തിന് സമീപം നടന്ന വാഹന അപകടത്തില്‍ ബേബിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അര്‍ദ്ധ ബോധാവസ്ഥയില്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ച ബേബിക്ക് അടിയന്തര ശസ്ത്രക്രിയയ്ക്ക് വില കൂടിയ മരുന്നുകള്‍ വാങ്ങാന്‍ ഡ്യൂട്ടി നഴ്‌സുമാര്‍ കുറിപ്പടി നല്‍കി.
ആശുപത്രിക്ക് പുറത്തെ സ്വകാര്യ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും 10,793 രൂപയുടെ മരുന്നാണ് വാങ്ങിയത്. ഓപ്പറേഷന്‍ തിയേറ്ററിലേക്ക് മരുന്ന് കൈമാറവെ, ബില്ല് കൂടി സ്റ്റാഫ് നഴ്‌സ് ഷമീര്‍ രോഗിയുടെ ബന്ധുക്കളില്‍ നിന്ന് കൈക്കലാക്കി.
സെപ്റ്റംബര്‍ 7 ന് ബില്ലിന്റെ ഡ്യൂപ്ലിക്കേറ്റ് ആവശ്യപെട്ട് ബന്ധുക്കള്‍ മെഡിക്കല്‍ സ്റ്റോറില്‍ എത്തിയപ്പോഴാണ് രണ്ട് പേര്‍ മരുന്നും ബില്ലും തിരികെ നല്‍കി പണം കൈപ്പറ്റിയതായി അറിഞ്ഞത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് എസ്.ഐ ആര്‍.എസ്. ശ്രീകാന്തിന്റെ നേതൃത്വത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇരുവരെയും 2019 സെപ്റ്റംബര്‍ 8 നാണ് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha
























