നിഷാം സ്ഥിരം കുറ്റവാളി... സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് കൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാമിനെതിരെ സുപ്രീം കോടതിയില്‍ അധിക രേഖകള്‍ സമര്‍പ്പിച്ച് സര്‍ക്കാര്‍

സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് കൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാമിനെതിരെ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ അധിക രേഖകള്‍ സമര്‍പ്പിച്ചു. നിഷാം സ്ഥിരം കുറ്റവാളിയാണെന്നും മുന്‍കാല ക്രിമിനല്‍ പശ്ചാത്തലമുണ്ടായിരുന്ന വ്യക്തിയാണെന്നും രേഖകളില്‍ വ്യക്തമാക്കുന്നുണ്ട്.
നിഷാമിനെതിരായ പതിനേഴ് കേസുകളുടെ വിവരങ്ങളും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറാണ് അധിക രേഖകള്‍ കോടതിയില്‍ രേഖ സമര്‍പ്പിച്ചത്.
ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള കാപ്പ ലിസ്റ്റില്‍ മുഹമ്മദ് നിഷാമിനെ ഉള്‍പ്പെടുത്തിയതിന്റെ വിവരങ്ങളും ഇപ്പോള്‍ സമര്‍പ്പിച്ച അധിക രേഖകളിലുണ്ട്. നിഷാമിന് വധശിക്ഷ നല്‍കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും.
അതേസമയം തൃശ്ശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ കണ്ടശാംകടവ് സ്വദേശി ചന്ദ്രബോസിനെ (47) ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് മുഹമ്മദ് നിഷാം ജയിലിലായത്.
തൃശൂര്‍ ശോഭാ സിറ്റിയിലെ താമസക്കാരനായിരുന്നു മുഹമ്മദ് നിഷാം. 2015 ജനുവരി 29 പുലര്‍ച്ചെ മൂന്ന് മണിയോടെ നിഷാം എത്തിയപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസ് ഗേറ്റ് തുറക്കാന്‍ വൈകിയതിലും ഗേറ്റിനടുത്ത് വാഹനം തടഞ്ഞ് ഐ.ഡി. കാര്‍ഡ് ചോദിച്ചതിലും പ്രകോപിതനായാണ് നിഷാം, ചന്ദ്രബോസിനെ ആക്രമിച്ചത്.
ഭയന്നോടിയ ചന്ദ്രബോസിനെ വാഹനത്തില്‍ പിന്തുടര്‍ന്ന് ഇടിച്ച് വീഴ്ത്തുകയായിരുന്നു. വീണുകിടന്ന ഇയാളെ എഴുന്നേല്‍പിച്ച് വാഹനത്തില്‍ കയറ്റി പാര്‍ക്കിങ് ഏരിയയില്‍ കൊണ്ടുപോയി വീണ്ടും ക്രൂരമായി മര്‍ദിച്ചെന്നാണ് കേസ്.
https://www.facebook.com/Malayalivartha
























