സംസ്ഥാനത്ത് മന്ത്രിസഭ പുനഃസംഘടന നവംബർ മാസത്തില്‍ ഉണ്ടായേക്കും...കെബി ഗണേഷ് കുമാറിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം വൈകിയേക്കും....ആരോഗ്യ മന്ത്രി വീണ ജോർജായിരിക്കും പുതിയ സ്പീക്കർ എന്നാണ് സൂചന.....ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നത് ഉള്‍പ്പെടേയുള്ള നടപടികള്‍ പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് സ്പീക്കർ....

സംസ്ഥാനത്ത് മന്ത്രിസഭ പുനഃസംഘടന നവംബർ മാസത്തില്‍ ഉണ്ടായേക്കും. എല്‍ ഡി എഫിലെ ധാരണ പ്രകാരം കോണ്‍ഗ്രസ് എസ് അംഗം കടന്നപ്പള്ളി രാമചന്ദ്രന്‍, കേരള കോണ്‍ഗ്രസ് ബി അംഗം കെബി ഗണേഷ് കുമാർ എന്നിവർ മന്ത്രിമാർ ആയേക്കും. സമീപ കാലത്തെ വിവാദങ്ങളും സഹോദരിയുടെ പരാതികളും വീണ്ടും ഉയർന്ന് വരാന്‍ സാധ്യതയുള്ളതിനാല്‍ കെബി ഗണേഷ് കുമാറിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം വൈകിയേക്കും.ഐ എന്‍ എല്‍ പ്രതിനിധി അഹമ്മദ് ദേവർ കോവില്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് അംഗം ആന്റണി രാജു എന്നിവർ രണ്ടര വർഷം പൂർത്തിയാക്കുന്നതോടെ മന്ത്രി സഭയില്‍ നിന്നും ഒഴിയും. ഒരു അംഗമുള്ള മറ്റ് പാർട്ടികളെ പരിഗണിച്ചപ്പോള്‍ തങ്ങളെ മാത്രം തഴഞ്ഞെന്ന പരാതിയുള്ള എല്‍ ജെ ഡിയും മന്ത്രി സ്ഥാനം ചോദിക്കും. ഇതിനായി എംവി ശ്രേയാംസ് കുമാർ തന്നെ എല്‍ ഡി എഫ് യോഗത്തിലേക്ക് എത്തിയേക്കും.
മന്ത്രിസഭ പുനഃസംഘടന സംബന്ധിച്ച കാര്യങ്ങള്‍ ചർച്ച ചെയ്യാന്‍ ഈ മാസം 20 ന് എല്‍ ഡി എഫ് യോഗം ചേരും.സി പി എം മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ടായേക്കും. സ്പീക്കർ സ്ഥാനത്ത് നിന്നും എഎന്‍ ഷംസീർ മാറിയേക്കുമെന്നാണ് റിപ്പോർട്ട്. ആരോഗ്യ മന്ത്രി വീണ ജോർജായിരിക്കും പുതിയ സ്പീക്കർ എന്നാണ് സൂചന. നിയമസഭാംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നത് ഉള്‍പ്പെടേയുള്ള നടപടികള്‍ പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് സ്പീക്കർ.നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന സഭാ സമ്മേളനത്തില്‍ തന്നെ ഗ്രൂപ്പ് ഫോട്ടോ എടുക്കാന്‍ തീരുമാനിച്ചതോടെ സ്പീക്കർ സ്ഥാനത്ത് നിന്നും എഎന്‍ ഷംസീർ മാറിയേക്കുമെന്ന സൂചനയുണ്ടായിരുന്നു.സ്പീക്കർ സ്ഥാനത്ത് നിന്നും മാറ്റുന്ന ഷംസീറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും. വീണ ജോർജ് വഹിച്ചിരുന്ന വകുപ്പുകളായിരിക്കും അങ്ങനെയെങ്കില്‍ അദ്ദേഹത്തിന് ലഭിക്കുക. സി പി എം മന്ത്രിമാരുടെ കീഴിലുള്ള മറ്റ് വകുപ്പിലും പരസ്പരമുള്ള വെച്ചുമാറലുകള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.
അഹമ്മദ് ദേവർ കോവില്‍ ഒഴിയുന്ന സ്ഥാനത്തേക്കായിരിക്കും രാമചന്ദ്രന്‍ കടന്നപ്പള്ളിയെ ഉള്‍ക്കൊള്ളിക്കുക. ഗണേഷ് കുമാറിനെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ അദ്ദേഹത്തിന് ലഭിക്കുക ആന്റണി രാജു കൈവശം വെച്ചിരിക്കുന്ന ഗതാഗതം ഉള്‍പ്പെടേയുള്ള വകുപ്പുകളായിരിക്കും. എന്നാല്‍ തനിക്ക് ഗതാഗതത്തിന് പകരം വനം വകുപ്പ് വേണമെന്നാണ് ഗണേഷിന്റെ ആവശ്യം. നിലവില്‍ എകെ ശശീന്ദ്രന്റെ കൈവശമാണ് വനം വകുപ്പ്. അവർ വകുപ്പ് വിട്ടു നല്‍കാനുള്ള സാധ്യത കുറവാണ്. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് എകെ ശശീന്ദ്രനായിരുന്നു ഗതാഗത വകുപ്പിന്റെ ചുമതല വഹിച്ചിരുന്നത്.മന്ത്രിസഭാ പുനഃസംഘടന മുന്‍ നിശ്ചയപ്രകാരംതന്നെ നടക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. രണ്ടര വര്‍ഷത്തിന് ശേഷം നാല് പാര്‍ട്ടികള്‍ മന്ത്രിസ്ഥാനം വെച്ചുമാറുമെന്ന് നേരത്തെ തീരുമാനിച്ചതാണ്. അത് അങ്ങനെതന്നെ നടക്കും.
കെ.ബി.ഗണേഷ് കുമാറിന് മന്ത്രിയാകുന്നതിന് അയോഗ്യത ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.'സൃഷ്ടിച്ച് പ്രചരിപ്പിക്കുന്ന വാര്‍ത്തയാണ്. ഇടത് മുന്നണിയോ സിപിഎമ്മോ മറ്റു പാര്‍ട്ടികളോ ആലോചിക്കുകയോ ചര്‍ച്ച ചെയ്യുകയോ ഇല്ലാത്ത ഒരു വിഷയമാണ് ചില മാധ്യമങ്ങള്‍ ആധികാരികമായി പ്രസിദ്ധീകരിക്കുന്നത്. ഇത് ശരിയായ നടപടിയല്ലെന്നും ജയരാജന്‍ പറഞ്ഞു വയ്ക്കുന്നത്. ഈ മാസം 20-ന് യോഗം ചേരാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ടെന്നും മുന്നണിയുടെ ഭാവി പരിപാടികള്‍ ഇതില്‍ ചര്‍ച്ചയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.സോളാര്‍ കേസില്‍ അന്വേഷണംവേണ്ടെന്ന് കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ കേസില്‍ ഗണേഷ് കുമാറിനെതിരെ ഉയര്‍ന്ന ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ജയരാജന്റെ ഇത്തരത്തിലുളള മറുപടി.
https://www.facebook.com/Malayalivartha
























