പിണറായിയും കാനവും നേർക്കുനേർ:കരുവന്നൂരിന് പിന്നാലെ കണ്ടലയിലേക്ക്...കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സി പി എമ്മിനെതിരെ സിപിഐ മുറുമുറുപ്പ്, തുടങ്ങിയതോടെയാണ് കണ്ടല ബാങ്കിൽ സി പി എം പിടിമുറുക്കിയത്....ഭാസുരാംഗനെ രക്ഷിക്കാനുള്ള കാനത്തിൻ്റെ നീക്കവും പാളി...

ബാങ്ക് പ്രസിഡണ്ട് എന്‍ ഭാസുരാംഗന്‍റെ മകൻ്റെ പേരിൽ ഇക്കഴിഞ്ഞ ഡിസംബര്‍ 31 വരെ ബാങ്കിന് കൊടുക്കാനുള്ളത് 59,43,500 രൂപയാണ്. വായ്പയിലും ചിട്ടിയിലുമാണ് കുടിശ്ശിക. ഇയാളുടെ ഭാര്യ 9,60,000 രൂപയും എന്‍ ഭാസുരാംഗന്‍റെ ഭാര്യ 18.5 ലക്ഷം രൂപയാണ് ബാങ്കിന് അടയ്ക്കാനുള്ളത്. ഇത് രണ്ടും ചിട്ടിക്കുടിശ്ശികയാണ്. ബാങ്കിന് അരക്കോടിയിലേറെ കുടിശ്ശിക നൽകാനുള്ള ഭാസുരാംഗന്‍റെ മകന്‍ തിരുവനന്തപുരം നഗരത്തില്‍ അടുത്തിടെ പുതിയൊരു കൂറ്റന്‍ റെസ്റ്റോറന്‍റ് തുടങ്ങി. ആഡംബര വാഹനമുള്ള മകന് സൂപ്പര്‍മാര്‍ക്കറ്റും മറ്റൊരു ഹോട്ടലും സ്വന്തമായുണ്ട്. പ്രസിഡണ്ടിൻറെ മകന്‍ എടുത്ത പണം ബാങ്കിലേക്ക് തിരിച്ചടക്കുന്നില്ലെന്നാണ് സഹകരണവകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ട്. അതേ സമയം മകൻറെ വായ്പാ കുടിശ്ശികയെ കുറിച്ചുള്ള റിപ്പോർട്ട് ഭാസുരാംഗൻ നിഷേധിക്കുകയാണ്.
കുടുംബത്തിന് മാത്രമല്ല, ഭാസുരാംഗൻറെ പാർട്ടിയായ സിപിഐക്കാര്‍ക്കും ബന്ധുക്കൾക്കും അടുപ്പക്കാര്‍ക്കുമെല്ലാം മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി നൽകിയതും വന്‍ വായ്പകളെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. സിപിഐ മുന്‍ പ്രാദേശിക നേതാവും മാറനെല്ലൂര്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ടുമായ ഗോപകുമാറിന്‍റെ കുടിശ്ശിക 2.22 കോടി രൂപ. മുപ്പത് ചിട്ടികളില്‍ മാത്രം 43 ലക്ഷം രൂപയാണ് ഗോപകുമാര്‍ കണ്ടല ബാങ്കിലടക്കാനുള്ളത്. റവന്യൂ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയായ ഗോപകുമാറിന്‍റെ ഭാര്യ ബാങ്കിൽ അടയ്ക്കാനുള്ളത് 68,74,000 രൂപ.ഭാസുരാംഗന്‍റെ സന്തത സഹചാരിയും ഭാസുരാംഗന്‍ പ്രസിഡന്റായ ക്ഷീരയുടെ എംഡിയുമായ സോജിന്‍ ജെ ചന്ദന്‍ ബാങ്കിന് കുടിശ്ശികയാക്കിയത് 85 ലക്ഷം രൂപയാണ്. ഭാസുരാംഗന്‍ മില്‍മയുടെ അഡ്മിനിസ്ട്രേറ്റര്‍ ആയ ശേഷം മില്‍മയിലും സോജിന് ജോലി കൊടുത്തു. പക്ഷേ ഒരു രൂപ ഭാസുരാംഗന്‍ സോജിനെ കൊണ്ട് തിരിച്ചടപ്പിച്ചില്ല. ഒരുവശത്ത് വാരിക്കോരി ഇഷ്ടക്കാർക്കെല്ലാം വായ്പ നൽകുക. തിരിച്ചുപിടിക്കാൻ ഒരു നടപടിയും എടുക്കാതിരിക്കുക.101 കോടിരൂപയുടെ വൻ ക്രമക്കേട് നടന്നെന്ന് അഞ്ചുമാസം മുമ്പ് റിപ്പോര്‍ട്ട് കിട്ടിയിട്ടും പ്രസിഡണ്ട് ഭാസുരാംഗനും ഭരണസമിതിയും ക്രമക്കേട് യഥേഷ്ടം തുടർന്നു.
ഇതിനിടെ ഭാസുരാംഗനുമായി മുമ്പ് അടുപ്പമുണ്ടായിരുന്നവർ വിവിധ കേസുകളിലും പ്രതിയായി. മാറനല്ലൂർ ആസിഡ് ആക്രമണ കേസിൽ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എൻ. ഭാസുരാംഗനെതിരെ നടപടിയും വന്നു. സിപിഐ. ജില്ലാ എക്‌സിക്യൂട്ടീവിൽ നിന്നും കൗൺസിലിൽ നിന്നുമാണ് ഒഴിവാക്കിയത്. ആസിഡ് ആക്രമണക്കേസിലെ പ്രതി സജി കുമാറിന്റെ ആത്മഹത്യക്കുറിപ്പിൽ ഭാസുരാംഗന്റെ പേര് പരാമർശിച്ചിരുന്നു. കണ്ടല സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയായ ഭാസുരാംഗൻ കാരണമാണ് താൻ ജീവനൊടുക്കുന്നതെന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. ഇയാൾക്കെതിരെ നടപടിയടുക്കുന്നതിനെ ചൊല്ലി സിപിഐ ജില്ലാ എക്‌സിക്യൂട്ടീവിൽ തർക്കം ഉടലെടുത്തതും വിവാദമായിരുന്നു. അസിസ്റ്റന്റ് സെക്രട്ടറിമാർ തമ്മിലായിരുന്നു തർക്കമുണ്ടായത്.
ജില്ലാ നേതാവായ ഭാസുരാംഗനെതിരെ നിരവധി ആരോപണങ്ങളാണ് ഉയർന്നത്. വെള്ളൂർക്കോണം ക്ഷീരസംഘത്തിലെ അഴിമതിയിലും ഇയാൾക്ക് ബന്ധമുണ്ടെന്നും സജി കുമാറിന്റെ ആത്മഹത്യക്കുറിപ്പിൽ പരാമർശിച്ചിരുന്നു . കണ്ടല ബാങ്കിൽ ഭാസുരാംഗന്റെ അനുമതിയില്ലാതെ താൻ മത്സരിച്ചെന്നും അതിന് തന്നോട് ഇത്രയും വലിയ ക്രൂരത വേണ്ടിയിരുന്നോ എന്നും സജി കുമാർ കത്തിൽ ചോദിക്കുന്നു. പാർട്ടിയിലെ പ്രശ്‌നങ്ങളും ആത്മഹത്യാ കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. സജി കുമാറിനെതിരെ ആരോപണങ്ങളുമായി ഭാസുരംഗനും രംഗത്തെത്തിയിരുന്നു.
സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയ്‌ക്കെതിരെ ആസിഡ് ആക്രമണം നടത്തിയ ശേഷമായിരുന്നു സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സജി കുമാർ മധുരയിലെ ലോഡ്ജിൽ തൂങ്ങി മരിച്ചത്. ‘എന്റെ മരണ റിപ്പോർട്ട്, ഭാസുരാംഗന് വേണ്ടി’ എന്ന തലക്കെട്ടോടെയായിരുന്നു സജികുമാറിന്റെ കുറിപ്പ് കണ്ടെടുത്തത്.ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ എൽ ഡി എഫ് നിയോജകമണ്ഡലം കൺവീനറായ പള്ളിച്ചൽ വിജയൻ കണ്ടല സഹകരണ ബാങ്കിന്റെ തകർച്ചക്ക് പിന്നിൽ സ്ഥലം എം എൽ എ ആണെന്ന് പരാമർശം ഉന്നയിച്ചതിനെ മന്ത്രി ജി. ആർ അനിൽ ഇടപെട്ട് എതിർക്കുകയും ചെയ്തു.ഭാസുരംഗനെതിരെ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് നടപടിക്കായി സംസ്ഥാന കമ്മിറ്റിയ്ക്ക് ശുപാർശ ചെയ്യുമെന്ന് കേട്ടെങ്കിലും ഒന്നും സംഭവിച്ചില്ല. അങ്ങനെ വന്നാൽ മിൽമയുടെ അഡ്മിനിസ്ട്രേറ്റർ സ്ഥാനം നഷ്ടമാകുമായിരുന്നു. എന്നാൽ പാർട്ടിയുടെ പിന്തുണയുള്ളതിനാൽ ഒന്നും സംഭവിച്ചില്ല. ഭാസുരാംഗനെ സി പി ഐ കയറൂരി വിട്ടതിന് കാരണം പാർട്ടി നേതാക്കൾക്ക് അഴിമതിയിലുള്ള പങ്ക് കാരണമാണെന്ന് സി പി എം സംശയിക്കുന്നു. ഇതിൻ്റെ വിശദാംശങ്ങൾ കണ്ടെത്താനുള്ള ചാരപ്രവർത്തനം സി പി എം അതീവ രഹസ്യമായി നടത്തുന്നുണ്ട്. കാനത്തെ കൊല്ലാൻ ഇതിലും വലിയ ആയുധമില്ലെന്നാണ് സി പി എം കരുതുന്നത്. ഏതായാലും സഖാക്കൾ അഴിമതി നടത്തി ഗിന്നസ് ബുക്കിൽ ഇടം നേടാനുള്ള തീവ്ര ശ്രമമാണ് നടത്തി കൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha