കനത്ത മഴ പെയ്യേണ്ട ജൂണിൽ മഴ പെയ്തില്ല! കാലവർഷം കഴിഞ്ഞു വരേണ്ട സെപ്റ്റംബറിൽ തോരാമഴ.... തെറ്റിയത് കാലവർഷത്തിന്റെ കണക്കാണോ അതോ നമ്മുടെ കണക്കൂകൂട്ടലാണോ? ന്യൂനമർദങ്ങൾ ശക്തി പ്രാപിക്കുന്നു: വ്യാപക മഴ തുടരും.....

കനത്ത മഴ പെയ്യേണ്ട ജൂണിൽ മഴ പെയ്തില്ല! കാലവർഷം കഴിഞ്ഞു വരേണ്ട സെപ്റ്റംബറിൽ തോരാമഴ. തെറ്റിയത് കാലവർഷത്തിന്റെ കണക്കാണോ അതോ നമ്മുടെ കണക്കൂകൂട്ടലാണോ? ഇടവപ്പാതിക്കും തുലമഴയ്ക്കും ഇടയിൽ കന്നിമഴ പെയ്യുന്നതിനു കാരണം എന്താകും? ജൂൺ മുതൽ ആരംഭിക്കുന്ന കേരളത്തിലെ മൺസൂൺ സീസണിന്റെ സ്വഭാവം ആകെ മാറിക്കഴിഞ്ഞു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ന്യൂനമർദങ്ങളുടെ സ്വാധീനത്തെ തുടർന്ന് സംസ്ഥാനത്ത് വ്യാപക മഴ തുടരും. സംസ്ഥാന വ്യാപകമായി ഒറ്റപ്പെട്ട വ്യാപക മഴയ്‌ക്കുള്ള സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. കാസർകോട് മുതൽ എറണാകുളം വരെയും ആലപ്പുഴയിലും ശനിയാഴ്ച കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിലായി മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതേസമയം സംസ്ഥാനത്ത് മലയോരമേഖലകളിടക്കം ശക്തമായ മഴ തുടരുകയാണ്.
മധ്യ കിഴക്കൻ അറബിക്കടലിൽ കൊങ്കൺ-ഗോവ തീരത്തിന് സമീപം രൂപപ്പെട്ട ന്യൂനമർദം ശക്തികൂടിയ ന്യൂനമർദമായി മാറിയെന്നും അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്.വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമർദം വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തി കൂടിയ ന്യൂനമർദമായി മാറി.അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് ഒഡിഷ-പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടി മിതമായ/ഇടത്തരം മഴ തുടരാൻ സാധ്യതയുണ്ട്. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 1 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ജൂൺ, ജൂലൈ മാസങ്ങളിൽ മഴക്കുറവാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.
എന്നാൽ ഓഗസ്റ്റ് മുതൽ മഴ പെയ്തു തുടങ്ങുന്നു. 2023 ൽ സെപ്റ്റംബറിലാണു മഴ ശക്തമായത്. 2018 ലെ പ്രളയത്തിനു കാരണമായ മഴ പെയ്തത് ഓഗസ്റ്റിലാണ്. 2021ൽ കൂട്ടിക്കലിൽ ഉരുൾപൊട്ടലും നാശവും വിതച്ച മഴ പെയ്തത് ഒക്ടോബറിലാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി നമ്മുടെ മൺസൂണിലും മാറ്റങ്ങൾ സംഭവിക്കുന്നു. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് കൂടുതൽ ചുഴലിക്കാറ്റുകൾ രൂപപ്പെടുന്നതിനും ഇതു കാരണമാകുന്നു. കിഴക്കൻ അറബിക്കടലിൽ മാർച്ച്–ജൂൺ മാസങ്ങളിലും ഒക്ടോബർ–ഡിസംബർ മാസങ്ങളിലും ചുഴലിക്കാറ്റുകൾ രൂപം കൊള്ളുന്നു.ഒരു പ്രദേശത്തെ അതിശക്തമായ മഴ വിരൽ ചൂണ്ടുന്നതു കൂമ്പാര മേഘങ്ങളുടെ സാന്നിധ്യത്തിലേക്കാണ്. മേഘപാളികൾ അടുക്കടുക്കായി ഒന്നിനു മുകളിൽ മറ്റൊന്നായി ഉയരത്തിലേക്കു കൂമ്പാരം കൂടുന്നതിനാണു കൂമ്പാര മേഘം എന്നു പറയുന്നത്. ഒരു പ്രദേശത്ത് അതിശക്തമായ മഴയ്ക്ക് ഇത്തരത്തിലുള്ള മേഘ രൂപീകരണം കാരണമാകുന്നു.
ലഘു മേഘ വിസ്ഫോടനം അടക്കം ഇതു വഴിയുണ്ടാകും. ഓരോ സ്ഥലത്തിന്റെ ഘടനയും കൂമ്പാര മേഘങ്ങളുടെ രൂപീകരണത്തിനു കാരണമാകും.മലമ്പ്രദേശങ്ങളിൽ മലകൾ വായുപ്രവാഹത്തിനു തടസ്സം സൃഷ്ടിക്കുന്നു. ഇതു വഴി വായു ശക്തമായി മുകളിലേക്ക് ഉയരുന്നു. ‘ഓറോഗ്രാഫിക് ലിഫ്റ്റിങ്’ എന്നാണ് ഇതിനു പറയുന്നത്. ഇതു മേഘങ്ങൾ ഉയരത്തിൽ രൂപം കൊള്ളാൻ കാരണമാകുന്നു. അതിതീവ്രമഴ പെയ്യുന്ന പ്രദേശത്തിന്റെ ഘടന അനുസരിച്ചും അതിന്റെ സ്വാധീനം മാറും. മലമടക്കുകളിൽ അതിശക്ത മഴ പെയ്താൽ അതു ഉരുൾപൊട്ടലിനടക്കം കാരണമാകുന്നു. എന്നാൽ വലിയ ജലാശയങ്ങൾക്കു മുകളിൽ അതിശക്തമായ മഴ പെയ്താൽ അത്ര വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാതെ കടന്നു പോയെന്നും വരാം.
മഴയുടെ ഘടനയിൽ മാറ്റം വരുന്നതു എല്ലാവരെയും ബാധിക്കും. കൃഷിയെ മാത്രമല്ല നമ്മുടെ ജല വിനിയോഗത്തെയും (Water Management) അത് താളം തെറ്റിക്കും. പരമ്പരാഗത മൺസൂൺ സീസൺ അടിസ്ഥാനമാക്കിയാണ് ഇപ്പോഴും കൃഷി കലണ്ടർ. എന്നാൽ മഴ അതിന് അനുസരിച്ചല്ല ഇപ്പോൾ എത്തുന്നത്. ഡാമുകളിൽ വെള്ളമില്ലെന്ന വലിയ വാർത്തകൾ ഇപ്പോൾ വരുന്നു. നമ്മുടെ വൈദ്യുതി വിതരണത്തെതന്നെ ആകെ ഇതു ബാധിക്കും. വൈദ്യുതോൽപാദനത്തിനായി, പുനരുല്‍പാദിപ്പിക്കാനാകുന്ന ഊർജ സ്രോതസ്സുകളെ കൂടുതലായി ആശ്രയിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു.
https://www.facebook.com/Malayalivartha

























