ഹൈടെക്, റോയല്‍ ലക്ഷങ്ങള്‍ മറിയുന്ന കളി. വമ്പന്‍മാരെ പൊക്കാന്‍ പോലീസിനെ വിട്ടതാര് ?
വഴുതക്കാട്ടുള്ള ട്രിവാന്‍ഡ്രം ക്ലബ്ബില്‍ ചൂട്ടുകളിയും ചൂതാട്ടവും മദ്യപാന സദസ്സുകളും പുതുമയുള്ളതല്ല. ഇവിടെത്തെ വമ്പന്‍മാര്‍ക്ക് രഹസ്യമായി രമിക്കന്നതിനുള്ള ഇത്തരം ഇടങ്ങളില്‍ സാധാരണ പോലീസുകാര്‍ എത്തിനോക്കാറില്ല. അവിടെ നടക്കുന്നതെന്തെന്ന് പരക്കെ പാട്ടായാലും പോലീസോ മറ്റ് ഏജന്‍സികളോ അങ്ങോട്ട് തിരിഞ്ഞു നോക്കാറില്ലായെന്നതാണ് വസ്തുത. സന്ധ്യയായി കഴിഞ്ഞാല്‍ രാഷ്ട്രീയത്തിലും ഭരണത്തിലും ബിസിനസിലുമൊക്കെ വിലസുന്ന പകല്‍മാന്യന്‍മാര്‍ വന്ന് നടമാടുന്ന സ്ഥലമാണ് ട്രിവാന്‍ഡ്രം ക്ലബ്ബ്. ചിലകാലത്തൊക്കെ ചില പൊട്ടലും ചീറ്റലുമുണ്ടായെങ്കിലും അവിടത്തെ സ്വകാര്യതകളിലേയ്ക്ക് എത്തിനോക്കാന്‍ ഒരു പോലീസും ധൈര്യപ്പെട്ടിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു ക്വാര്‍ട്ടേഴ്‌സില്‍ മാത്രം കയറി ചീട്ടുകളിക്കാരെ പൊക്കിയതിന് പിന്നിലെ ദുരൂഹതകള്‍ മാറുന്നില്ല. റോയല്‍ ടീമിന്റെ ഹൈടെക് മുച്ചീട്ടുകളിയില്‍ മറിയുന്നത് ലക്ഷങ്ങളാണ്. അവിടേയ്ക്ക് വെറുമൊരു ഫോണ്‍കോള്‍ ഇന്‍ഫര്‍മേഷന്റെ പേകില്‍ മ്യൂസിയം പോലീസ് ഇറങ്ങിപ്പുറപ്പെടുമെന്ന് ഉന്നത് ഉദ്യോഗസ്ഥര്‍ പോലും കരുതുന്നില്ല. ഉന്നതതലത്തില്‍ വലിയ ഇടപെടല്‍ ഇല്ലാതെ പോലീസ് ട്രിവാന്‍ഡ്രം ക്ലബ്ബിലേയ്ക്ക് ഇറങ്ങിപ്പുറപ്പെടില്ലെന്നു തന്നെയാണ് എല്ലാവരും വിശ്വസിക്കുന്നത്.
ട്രിവാന്‍ഡ്രം ക്ലബിലെ ചീട്ടുകളി സംഘം പിടിയിലാകുമ്പോള്‍ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരന്‍ എസ് ആര്‍ വിനയകുമാറും കൂട്ടത്തിലുണ്ടായിരുന്നു എന്നതാണ് കേസിന്റെ ഗൗരവ്വം വര്‍ധിപ്പിക്കുന്നത്. കോടിയേരിയുടെ ഭാര്യാ സഹോദരനാണ് യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസ് എംഡിയായ എസ്.ആര്‍.വിനയകുമാര്‍. ചീട്ടുകളി കേസില്‍ വിനയകുമാറിനെ ഒന്നാം പ്രതിയാക്കി മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. സംഘത്തിലുണ്ടായിരുന്ന ഏഴു പേരെ മ്യൂസിയം പൊലീസ് അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. 5.6 ലക്ഷം രൂപ ഇവരില്‍ നിന്ന് കണ്ടെടുത്തു.
യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസ് എംഡിയുടെ പേരിലാണ് ക്ലബില്‍ സംഘം മുറിയെടുത്തത്. എന്നാല്‍ ആരാണ് മുറിയെടുത്തത് എന്നറിയില്ലെന്നാണ് വിനയകുമാര്‍ പറയുന്നത്. ഇതിനിടെയാണ് കേസിലെ പൊലീസ് എഫ് ഐ ആര്‍ പുറത്തു വന്നത്. ഇതില്‍ ഒന്നാം പ്രതിയാണ് വിനയ് കുമാര്‍. ഇതോടെ യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസ് എംഡി സ്ഥാനം വിനയകുമാറിന് നഷ്ടമാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. മുമ്പ് പല അഴിമതികളിലും യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസ് സ്ഥാനം പിടിച്ചിരുന്നു. അന്നൊന്നും സര്‍ക്കാര്‍ എംഡിക്കെതിരെ നടപടി എടുത്തില്ല. കോടിയേരിയുടെ ഭാര്യാ സഹോദരനൊപ്പം സര്‍ക്കാര്‍ നിന്നു. എന്നാല്‍ കോടിയേരിയുടെ മരണത്തിന്റെ ഒന്നാം വാര്‍ഷികത്തിന്റെ തലേദിനം വിനയ്കുമാറിന്റെ പേരിലെ മുറിയില്‍ ചീട്ടു കളി നടന്നതും അതിനെ പോലീസിനെ ഉപയോഗിച്ച് പൊക്കിയതും സാധാരണ സംഭവമല്ലെന്നാണ് വിലയിരുത്തല്‍ .
കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരന്‍ എന്നതിലുപരി കണ്ണൂരിലെ സിപിഎമ്മിലെ പ്രമുഖ നേതാവും എംഎല്‍എയുമായിരുന്ന അരവിന്ദാക്ഷന്റെ മകനാണ് വിനയ്കുമാര്‍. പ്രതികളുടെ ഫോണ്‍ നമ്പര്‍ അടക്കം കൊടുത്താണ് പൊലീസ് എഫ് ഐ ആര്‍ ഇട്ടതെന്നതും ശ്രദ്ധേയമാണ്. വിനോദത്തിന് അല്ലാതെ അമിതാദായത്തിന് വേണ്ടി ഒന്നു മുതല്‍ ഏഴുവരെ പ്രതികള്‍ പന്തയം വച്ച് ചീട്ടു കളിച്ചുവെന്നാണ് എഫ് ഐ ആര്‍. കേസില്‍ ട്രിവാന്‍ഡ്രം ക്ലബ്ബ് അധികൃതരും പ്രതിയാണ്. രാത്രി 7.35നായിരുന്നു അറസ്റ്റ്. ചീട്ടുകളും പിടിച്ചെടുത്തുവെന്ന് എഫ് ഐ ആറില്‍ പറയുന്നു. എഫ് ഐ ആറില്‍ പറയുന്നത് അനുസരിച്ച് ഒന്നാം പ്രതിയായ വിനയ് കുമാറും ചീട്ടു കളിക്കാന്‍ ഉണ്ടായിരുന്നു. 1960ലെ കേരളാ ഗെയിംമിങ് ആക്ടിലെ 7,8 വകുപ്പുകള്‍ പ്രകാരമാണ് കേസ്.
അതിനിടെ സര്‍ക്കാരിന്റെ കോടിയേരി കുടുംബത്തോടുള്ള പകയാണ് ഈ കേസിന് പിന്നിലെന്ന വാദവും ശക്തമാണ്.കോടിയേരിയുടെ അന്ത്യാഭിലാഷത്തില്‍ വിനോദിനി നടത്തിയ വെളിപ്പെടുത്തലില്‍ വെട്ടിലായത് സിപിഎമ്മും മുഖ്യമന്ത്രിയും ആയിരുന്നു. ആ വെളിപ്പെടുത്തലിന്റെ തൊട്ടുടത്ത ദിവസം ട്രിവാന്‍ഡ്രം ക്ലബ്ബില്‍ 'കോടിയേരിയുടെ ഭാര്യാ സഹോദരന്റെ പേരിലെടുത്ത ക്വാട്ടേജിലെ' പണം വച്ചുള്ള ചീട്ടുകളി കണ്ടെത്തിയ പൊലീസ് നടപടിയില്‍ പ്രതികാരമുണ്ടെന്നാണ് വാദം. എന്നാല്‍ അങ്ങനെ ഒന്നില്ലെന്നും വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് എന്നും പൊലീസും പറയുന്നു. കോടിയേരിയുടെ അന്ത്യാഭിലാഷത്തില്‍ വിനോദിനിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായതിന്റെ അടുത്ത ദിവസം തന്നെ കോടിയേരിയുടെ അളിയന്റെ പേരിലെടുത്ത മുറിയിലെ ചീട്ടു കളി മ്യൂസിയം പൊലീസ് കണ്ടു പിടിച്ചതാണ് 'പ്രതികാരം' ഇതിന് പിന്നിലുണ്ടോ എന്ന സംശയം സജീവമാക്കുന്നത്.
https://www.facebook.com/Malayalivartha