വല്ലാത്തൊരു പൊല്ലാപ്പ്... വന്ദേഭാരതിന് കൃത്യസമയത്ത് ഓടാനായി മറ്റ് ട്രെയിനുകള്‍ പിടിച്ചിട്ടതോടെ മറ്റ് സ്ഥിരം യാത്രക്കാരുടെ പരാതി ഉയരുന്നു; വന്ദേ ഭാരതിന് വേണ്ടി ട്രെയിനുകള്‍ പിടിച്ചിടുന്നത് തുടരും; പരാതികള്‍ക്ക് ഉടനൊന്നും പരിഹാരമാകില്ല

രണ്ടാം വന്ദേ ഭാരത് വന്നതോടെ കേരളം ഏറെ അഭിമാനിച്ചതാണ്. യാത്രാ ദുരിതം മാറുമെന്നാണ് കരുതിയത്. എന്നാല്‍ വന്ദേ ഭാരതിന് വേണ്ടി മറ്റ് സാധാരണ ട്രെയിനുകള്‍ പിടിച്ചിട്ടതോടെ താളെ തെറ്റി. പലരും ജോലിസ്ഥലത്തും വീട്ടിലും എത്തുന്ന സമയം വൈകി.
അതേസമയം എറണാകുളം - അമ്പലപ്പുഴ റൂട്ടില്‍ വന്ദേ ഭാരതിന് വേണ്ടി ട്രെയിനുകള്‍ പിടിച്ചിടുന്നുവെന്ന പരാതിക്ക് ഉടനൊന്നും പരിഹാരത്തിന് സാധ്യതയില്ല. ഒരു ട്രാക്ക് മാത്രമുള്ള ഈ ഭാഗത്ത് പാത ഇരട്ടിപ്പിക്കല്‍ നടപടികള്‍ ഇഴഞ്ഞു നീങ്ങുന്നതാണ് കാരണം. അടുത്തിടെ പാത ഇരട്ടിപ്പിക്കലിന് അനുമതി ലഭിച്ച തുറവൂര്‍ - അമ്പലപ്പുഴ റൂട്ടില്‍ ഡിസംബറോടെ മാത്രമേ നിര്‍മാണ ജോലികള്‍ തുടങ്ങാനാവൂവെന്ന് എഎം ആരിഫ് എംപി പറഞ്ഞു.
ആലപ്പുഴ എറണാകുളം റൂട്ടിലെ യാത്രക്കാര്‍ക്ക് പാസഞ്ചര്‍ ട്രെയിന്‍ ഉള്‍പ്പടെ വൈകുന്നത് മൂലം സമയത്ത് വീട്ടിലും ഓഫീസിലും എത്താന്‍ കഴിയാത്ത സ്ഥിതി നേരത്തെ തന്നെ ഉണ്ടായിരുന്നു. വന്ദേ ഭാരത് വന്നതോടെ ദുരിതം ഇരട്ടിച്ചു. അമ്പലപ്പുഴ - എറണാകളും റൂട്ടില്‍ ഒറ്റ ട്രാക്ക് മാത്രമേയുള്ളൂ എന്നതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. എറണാകുളം മുതല്‍ തുറവൂര്‍ പാത ഇരട്ടിപ്പിക്കലിന്റെ സ്ഥലമേറ്റെടുക്കല്‍ നടപടി പുരോഗമിക്കുകയാണ്. തുറവൂര്‍ മുതല്‍ അമ്പലപ്പുഴ വരെ പാത ഇരട്ടിപ്പിക്കലിന് പിഎം ഗതിശക്തി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടുത്തിടെയാണ് അനുമതി കിട്ടിയത്.
പാത ഇരട്ടിപ്പിക്കലിന് ഫണ്ട് എത്തിയാലേ നടപടികള്‍ തുടങ്ങാനാകൂ. 45 കിലോമീറ്റര്‍ ദൂരം പാത ഇരട്ടിപ്പിക്കാന്‍ 1262 കോടി രൂപ ചെലവ് വരുമെന്നാണ് കണക്ക്. സാങ്കേതിക നടപടികളെല്ലാം പൂര്‍ത്തിയാക്കി ഇരട്ടപ്പാതയുടെ നിര്‍മാണം എന്ന് തുടങ്ങാന്‍ കഴിയുമെന്നാണ് പ്രധാന ചോദ്യം. ഉദ്യോഗസ്ഥ ഭരണ തലത്തില്‍ ശക്തമായ സമ്മര്‍ദ്ദവും ജനപ്രതിനിധികളുടെ തുടര്‍ച്ചയായ ഇടപെടലും ആവശ്യമാണെന്ന് യാത്രക്കാരും പറയുന്നു.
കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചെങ്കിലും വന്ദേഭാരത് സര്‍വീസിന് വേണ്ടി മറ്റ് ട്രെയിനുകള്‍ പിടിച്ചിടേണ്ടിവരുന്നത് യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കേണ്ടിവരുന്നതായി ആക്ഷേപം ഉയരുന്നു. വന്ദേഭാരത് കൃത്യസമയം പാലിക്കാന്‍വേണ്ടി മറ്റ് ട്രെയിനുകള്‍ പിടിച്ചിടുന്നത് സമയക്രമം തെറ്റാന്‍ ഇടയാക്കുന്നതായാണ് പരാതി.
വന്ദേഭാരത് സംസ്ഥാനത്ത് സര്‍വീസ് ആരംഭിച്ച് ആഴ്ചകള്‍ പിന്നിടുമ്പോള്‍ ട്രെയിനുകള്‍ വൈകുന്നെന്ന വ്യാപകമായ പരാതിയാണ് ഉയരുന്നത്. തിരുനെല്‍വേലി-പാലക്കാട് പാലരുവി, തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട്, എറണാകുളം-ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി തുടങ്ങിയ ട്രെയിനുകള്‍ വന്ദേഭാരത് കാരണം വൈകുന്നതായാണ് യാത്രക്കാര്‍ ആരോപിക്കുന്നത്.
തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വേണാട് എക്‌സ്പ്രസിലെ യാത്രക്കാരാണ് വന്ദേഭാരത് കാരണം ആദ്യം വലയുന്നത്. പുലര്‍ച്ചെ അഞ്ച് പതിനഞ്ചിന് തിരുവനന്തപുരത്തു നിന്ന് എടുത്തിരുന്ന ട്രെയിന്‍ വന്ദേഭാരതിന് അഞ്ചുമിനിറ്റ് പിന്നിലാണിപ്പോള്‍ വേണാട് യാത്ര തുടങ്ങുന്നത്. ഇതോടെ എറണാകുളത്ത് ഈ ട്രെയിന്‍ എത്തുന്ന സമയം വൈകി. ഓഫീസ് സമയത്തില്‍ എത്തിയിരുന്ന യാത്രക്കാര്‍ ദുരിതത്തിലായി.
കൊല്ലത്തു നിന്ന് പുലര്‍ച്ചെ യാത്ര തുടരുന്ന പാലരുവി എക്‌സ്പ്രസും 20 മിനിറ്റുവരെ പിടിച്ചിടുന്നുണ്ട്. എറണാകുളത്ത് 8.30ഓടെ എത്തിച്ചേര്‍ന്നിരുന്ന പാലരുവി ഇപ്പോള്‍ ഒമ്പത് മണിയോടെയാണ് നോര്‍ത്ത് സ്റ്റേഷനില്‍ എത്തുന്നത്. പാലരുവി വൈകാന്‍ തുടങ്ങിയതോടെ എറണാകുളം ജങ്ഷന്‍ സ്റ്റേഷനില്‍നിന്ന് എടുക്കുന്ന ബാംഗ്ലൂര്‍ ഇന്റര്‍സിറ്റിയും തിരുവനന്തപുരത്ത് നിന്ന് 9.15ന് എത്തുന്ന കോഴിക്കോടേക്കുള്ള ജനശതാബ്ദിയും വൈകാന്‍ തുടങ്ങി. തൃശൂര്‍ വരെ പാലരുവിക്ക് പിന്നില്‍ ഇഴഞ്ഞ് പോകേണ്ട അവസ്ഥയാണ് ഇന്റര്‍സിറ്റിക്കും ജനശതാബ്തിക്കുമുള്ളത്.
ഏറനാട് എക്‌സ്പ്രസും വന്ദേഭാരതിന് വഴിയൊരുക്കി പിടിച്ചിടേണ്ട അവസ്ഥയാണുള്ളത്. വന്ദേഭാരതിന്റെ തിരികെയുള്ള യാത്രയില്‍ ഡല്‍ഹിയില്‍നിന്നുള്ള തിരുവന്തപുരം കേരള എക്‌സ്പ്രസും പിടിച്ചിടേണ്ടിവരുന്നു. കഴിഞ്ഞ ദിവസം ഇടപ്പള്ളിയില്‍ കേരള എക്‌സ്പ്രസ് നിര്‍ത്തിയിട്ടത് 50 മിനിറ്റോളമാണ്.
ഇത്രയേറെ ട്രെയിനുകള്‍ പിടിച്ചിട്ടിട്ടും വന്ദേഭാരതിന് കൃത്യമായ സമയത്ത് സര്‍വീസ് നടത്താനാകുന്നില്ലെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു. രാവിലെ പുറപ്പെടുന്ന വന്ദേഭാരത് കാസര്‍കോട്ട് കൃത്യസമയത്ത് എത്തിച്ചേരുന്നുണ്ട്. തിരികെ തിരുവനന്തപുരത്തും വൈകാതെ വന്ദേഭാരത് എത്തിച്ചേരുന്നു. എന്നാല്‍ ഇടയ്ക്കുള്ള സ്റ്റേഷനുകളില്‍ വന്ദേഭാരത് വൈകുന്നതാണ് യാത്രക്കാരെ വലയ്ക്കുന്നത്.
"
https://www.facebook.com/Malayalivartha






















