വിജയ വീഥിയിലേക്ക് തുഴയെറിഞ്ഞ് നടുഭാഗം ചുണ്ടൻ; താഴത്തങ്ങാടി ചാമ്പ്യൻസ് ബോട്ട് ലീഗ് ട്രോഫി നടുഭാഗം ചുണ്ടന്: മാറ്റുരച്ചത് എണ്ണം പറഞ്ഞ ഒൻപത് ചുണ്ടൻ വള്ളങ്ങളുമായി...

താഴത്തങ്ങാടി ചാമ്പ്യൻസ് ബോട്ട് ലീഗിൽ കൈനകരി യുബിസി തുഴഞ്ഞ നടുഭാഗം ചുണ്ടൻ ജേതാവ്. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ രണ്ടാമതും പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടിൽതെക്കേതിൽ മൂന്നാമതുമെത്തി. താഴത്തങ്ങാടി വള്ളംകളിയുടെ ഭാഗമായി കോട്ടയം വെസ്റ്റ് ക്ലബ്ബില്‍ രജിസ്റ്റർ ചെയ്‌ത 19 ചെറുവള്ളങ്ങളുടെ മത്സരത്തിൽ വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ കോട്ടപ്പറമ്പൻ ഒന്നാമതെത്തി. പുന്നത്രവെങ്ങാഴി രണ്ടാമതും അമ്പലക്കടവൻ മൂന്നാമതുമെത്തി.
വെപ്പ് ബി ഗ്രേഡ് വിഭാഗത്തിൽ പിജി കരിപ്പുഴയാണ് ഒന്നാമതെത്തിയത്. ചിറമേൽ തോട്ടുകടവൻ രണ്ടാമതും പുന്നത്രപുരയ്ക്കൽ മൂന്നാമതുമായി ഫിനിഷ് ചെയ്‌തു. ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിൽ മാമ്മൂടൻ ഒന്നാംസ്ഥാനവും തുരുത്തിത്തറ രണ്ടാംസ്ഥാനവും നേടി. ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിൽ സെന്‍റ് സെബാസ്റ്റ്യൻ ഒന്നാമതെത്തി. ശരവണൻ രണ്ടാംസ്ഥാനവും ശ്രീമുത്തപ്പൻ മൂന്നാംസ്ഥാനവും നേടി.
ചുരുളൻ വള്ളങ്ങളുടെ മത്സരത്തിൽ വേളങ്ങാടൻ, മൂഴി, കോടിമത എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ആണ് ചാമ്പ്യൻസ് ബോട്ട് ലീഗിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്. ജാതി-മത വ്യത്യാസമില്ലാതെ എല്ലാവരും ഒരുപോലെ കൊണ്ടാടുന്ന ആഘോഷമാണ് വള്ളംകളിയെന്ന് മന്ത്രി പറഞ്ഞു.
ജലപ്പരപ്പിൽ ആവേശം നിറച്ച വള്ളംകളി മത്സരത്തിൽ ഒമ്പത് ചുണ്ടനുകളോട് ഏറ്റുമുട്ടിയാണ് നടുഭാഗം ഒന്നാം സ്ഥാനം തുഴഞ്ഞ് നേടിയത്. യു.ബി.സി. കൈനകരിയാണ് നടുഭാഗത്തിന്റെ ബോട്ട് ക്ലബ്ബ്. ആയിരങ്ങളാണ് കോട്ടയത്തെ ജലമാമാങ്കത്തിന് സാക്ഷ്യം വഹിക്കുവാൻ താഴെത്തങ്ങാടിയിൽ തടിച്ചു കൂടിയിരുന്നത്. ആയിരങ്ങളെ സാക്ഷി നിർത്തി 9 വള്ളങ്ങളെ പിന്നിലാക്കി നടുഭാഗം തുഴഞ്ഞ് മുന്നേറുകയായിരുന്നു.
മത്സരത്തിൽ ഏറ്റുമുട്ടിയ വള്ളങ്ങൾ.
നടുഭാഗം (ബോട്ട് ക്ലബ്: യു.ബി.സി. കൈനകരി), സെന്റ് പയസ് ടെൻത് (നിരണം ബോട്ട് ക്ലബ്), വീയപുരം (പള്ളാത്തുരുത്തി ബോട്ട് ക്ലബ്), മഹാദേവികാട്ടിൽ തെക്കേതിൽ(പൊലീസ് ബോട്ട് ക്ലബ്), നിരണം (കുമരകം എൻ.സി.ഡി.സി. ബോട്ട് ക്ലബ്), ചമ്പക്കുളം(കുമരകം ടൗൺ ബോട്ട് ക്ലബ്), പായിപ്പാടൻ (കുമരകം ബോട്ട് ക്ലബ് ആൻഡ് എസ്.എഫ്.ബി.സി.), കാരിച്ചാൽ (പുന്നമട ബോട്ട് ക്ലബ്), ആയാപറമ്പ് പാണ്ടി (വേമ്പനാട് ബോട്ട് ക്ലബ്)
ഒന്നാം സ്ഥാനത്തെത്തിയവർക്ക് അഞ്ചു ലക്ഷവും, രണ്ടും മൂന്നും സ്ഥാനത്തെത്തിയവർക്ക് യഥാക്രമം മൂന്ന്, ഒരു ലക്ഷം രൂപയുമാണ് സമ്മാനം ലഭിച്ചത്. മത്സരത്തിൽ പങ്കെടുത്ത ചുണ്ടൻ വള്ളങ്ങൾക്ക് നാലു ലക്ഷം രൂപ വീതം ബോണസ്. വിജയികൾക്കുള്ള സമ്മാനദാനം ജില്ല പോലീസ് മേധാവി കെ കാർത്തിക് നിർവഹിച്ചു.
https://www.facebook.com/Malayalivartha






















