മാനേജ്മെമെന്റ് പാളി: അന്തകനായി അമിക്കസ് ക്യൂരി...വിജിലൻസ് തെറിക്കുമോ?സി എം ആർ എൽ കമ്പനി കോടികൾ നോക്കുകൂലി നൽകിയ സംഭവം പ്രാഥമികാന്വേഷണത്തിനായി വിജിലൻസ് കോടതിക്ക് മടക്കിയേക്കും.... ഹൈക്കോടതിയുടേതായിരിക്കും തീരുമാനം.....

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കിന് സി എം ആർ എൽ കമ്പനി കോടികൾ നോക്കുകൂലി നൽകിയ സംഭവം പ്രാഥമികാന്വേഷണത്തിനായി വിജിലൻസ് കോടതിക്ക് മടക്കിയേക്കും. ഹൈക്കോടതിയുടേതായിരിക്കും തീരുമാനം.അങ്ങനെ സംഭവിച്ചാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കസേരക്ക് ഇളക്കം തട്ടാൻ സാധ്യതയുണ്ട്. മിനിമം വിജിലൻസ് വകുപ്പെങ്കിലും പിണറായിക്ക് ഒഴിയേണ്ടി വരും. തിരുവനന്തപുരം വിജിലൻസ് കോടതി പാമോയിൽ കേസിൽ വിധി പറഞ്ഞപ്പോൾ ഉമ്മൻ ചാണ്ടി വിജിലൻസ് ഒഴിഞ്ഞ അതേ പ്രതിസന്ധിയിലാണ് പിണറായി എത്തിയിരിക്കുന്നത്. ഇതിനിടെ കൂനിൻ മേൽ കുരു പോലെ വീണക്കെതിരെ മറ്റൊരു ആരോപണംകൂടി പുറത്തുവന്നു. ഇതും ഹൈക്കോടതിയുടെ പരിഗണനക്ക് വന്നേക്കും. ഇനി എന്തൊക്കെ സംഭവിക്കുമെന്ന് കണ്ടറിയാം.
തുടർച്ചയായ നാലു വർഷം വിവാദ കരിമണൽ കമ്പനിയായ സിഎംആർഎല്ലുമായി ബന്ധമുള്ള എംപവർ ഇന്ത്യ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നു വീണക്ക് സാമ്പത്തിക സഹായം ലഭിച്ചുവെന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. 2016 മുതൽ 2019 വരെ 77.60 ലക്ഷം രൂപയാണ് എംപവർ എക്സാലോജിക്കിനു നൽകിയത്. പെട്ടെന്നു തിരിച്ചടയ്ക്കേണ്ട , ഈടില്ലാത്ത വായ്പയായാണ് തുക നൽകിയത്. മാസപ്പടി വിവാദത്തിൽ ഉൾപ്പെട്ട സിഎംആർഎല്ലിന്റെ ഉടമ ശശിധരൻ കർത്ത, ഭാര്യ ജയ കർത്ത എന്നിവർ ഡയറക്ടർമാരായ കമ്പനിയാണ് എംപവർ. അതായത് സി.എം. ആർ. എല്ലിന്റെ സഹോദര സ്ഥാപനമാണ്.സിഎംആർഎല്ലിൽ നിന്ന് എക്സാലോജിക്കും വീണാ വിജയനും 1.72 കോടി രൂപ കൈപ്പറ്റിയത് സംബന്ധിച്ച ആദായനികുതി സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തൽ വലിയ ചർച്ചയായിരുന്നു. നൽകാത്ത സേവനത്തിനാണ് ഈ പണം കൈപ്പറ്റിയതെന്നായിരുന്നു കണ്ടെത്തൽ. 1.72 കോടി നൽകിയ കാലയളവിൽ തന്നെയാണ് ഈടില്ലാ വായ്പയും നൽകിയിരിക്കുന്നത്. എക്സാലോജിക്ക് 2022ൽ പ്രവർത്തനം അവസാനിപ്പിച്ചു. എന്നാൽ വായ്പ തിരിച്ചടച്ചതിനെ കുറിച്ച് ആർക്കും ഒരു പരാതിയുമില്ല.2016ൽ 25 ലക്ഷം രൂപ, 2017ൽ 37.36 ലക്ഷം രൂപ, 2018ൽ 10.36 ലക്ഷം രൂപ, 2019ൽ 4.88 ലക്ഷം രൂപ എന്നിങ്ങനെയാണ് ആകെ 77.60 ലക്ഷം രൂപ എക്സാലോജിക് വാങ്ങിയിരിക്കുന്നത്. ധനലക്ഷ്മി ബാങ്കിൽ നിന്ന് 2015ൽ എടുത്ത വായ്പ 2021ൽ തിരിച്ചടച്ചതായി കമ്പനി രേഖകളിൽ പറയുന്നുണ്ടെങ്കിലും എംപവറിന്റെ വായ്പ തിരിച്ചടച്ചതായി റജിസ്ട്രാർക്കു നൽകിയ രേഖകളിൽ പറയുന്നില്ല. ഇതിനർത്ഥം ഇതും നോക്കി കൂലിയാണെന്നാണ്. സാധാരണ രീതിയിൽ ഒരു സാമ്പത്തിക സ്ഥാപനവും ഇത്തരത്തിൽ സുരക്ഷിതമല്ലാത്ത വായ്പ നൽകാറില്ല . ഒരു കമ്പനിയുടെ വാർഷിക വിറ്റുവരവിന്റെ 25 ശതമാനത്തിലധികം സാമ്പത്തിക സ്ഥാപനങ്ങൾ വായ്പയായി നൽകാറില്ല. സാമ്പത്തിക സ്ഥാപനങ്ങളെ സംബന്ധിച്ച് ഇത്തരം വായ്പ നൽകുന്നത് റിസ്കുള്ള ഇടപാടാണ്.തൊട്ടുമുൻപുള്ള സാമ്പത്തിക വർഷം 44 ലക്ഷം രൂപ നഷ്ടത്തിലായിരുന്ന കമ്പനിക്കാണ് ഇത്ര ഉയർന്ന തുക വായ്പയായി നൽകിയിരിക്കുന്നതെന്ന് കമ്പനി രേഖകൾ വ്യക്തമാക്കുന്നു. എക്സാലോജിക് കമ്പനി റജിസ്ട്രാർക്കു നൽകിയ വിവരങ്ങൾ അനുസരിച്ച് 2014ൽ ഒരു ലക്ഷം രൂപ മൂലധനത്തിൽ ആരംഭിച്ച കമ്പനിയുടെ 2015ലെ വരുമാനം 25.70 ലക്ഷം രൂപയും ചെലവ് 70.51 ലക്ഷം രൂപയുമാണ്. കമ്പനി 44.81 ലക്ഷം രൂപ നഷ്ടത്തിലുമാണ്. വായ്പ നൽകാൻ സാമ്പത്തിക സ്ഥാപനങ്ങൾ പ്രധാനമായും പരിഗണിക്കുന്നത് കമ്പനിയുടെ സാമ്പത്തിക സ്ഥിതിയാണ്. എന്നാൽ 44 ലക്ഷം രൂപ നഷ്ടത്തിലുള്ള കമ്പനിക്ക് എംപവർ ഇന്ത്യ ഈടില്ലാതെ ഇത്രയും കൂടിയ തുക വായ്പയായി നൽകുകയായിരുന്നു. അതായത് വീണക്കെതിരെ ഉയർന്നിരിക്കുന്നത് മറ്റൊരു ഗുരുതര ആരോപണമാണ്.ഒരു പൊളിഞ്ഞ കമ്പനിക്ക് ഇവർ വായ്പ നൽകുമെങ്കിൽ അതിലും നോക്കുകൂലി ആരോപണം ഉന്നയിക്കാവുന്നതാണ്. ഇക്കാര്യം അമിക്കസ് ക്യൂരി കോടതിയെ അറിയിക്കാനാണ് സാധ്യത. മാസപ്പടി കേസില്‍ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് തള്ളിയത്. ഹർജി തള്ളിയ കീഴ്ക്കോടതി ഉത്തരവ് തെറ്റെന്ന് അമിക്കസ് ക്യൂറി പറഞ്ഞു. കേസിൽ തെളിവില്ലെന്ന കീഴ്ക്കോടതി ഉത്തരവ് പ്രഥമദൃഷ്ട്യാ ശരിയല്ലെന്ന് അമിക്കസ് ക്യൂറി പറഞ്ഞു. ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ട് കോടതി പരിഗണിച്ചില്ലെന്നും അമിക്കസ് ക്യൂറി കണ്ടെത്തി. സിഎംആര്‍എല്‍ കമ്പനിയുടെ സിഇഒയും സിഎഫ്ഒയും രാഷ്ട്രീയക്കാർക്ക് പണം നൽകിയിട്ടുണ്ടെന്ന് മൊഴി നൽകിയിട്ടുണ്ട്. വിചാരണ കോടതി ഹർജി പ്രാഥമിക അന്വേഷണത്തിന് വിടണമായിരുന്നുവെന്നും അമിക്കസ് ക്യൂറി പറയുന്നു. അമിക്കസ് ക്യൂറിയുടെ വാദം കേട്ടശേഷം ഹർജി കോടതി വിധി പറയാൻ മാറ്റി. ഹർജിയുമായി മുന്നോട്ട് പോകാൻ താൽപര്യം ഇല്ലെന്ന് ഗിരിഷ് ബാബുവിന്റെ കുടുംബം അറിയിച്ചതിനെ തുടർന്നാണ് കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചത്.
വീണ വിജയന് പുറമെ മുഖ്യമന്ത്രി പിണറായി വിജയൻ, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ രാഷ്ട്രീയ നേതാക്കൾക്കെതിരെ അന്വേഷണം വേണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാല്‍, ഹർജിക്കാരനായ ഗിരീഷ് ബാബു മരിച്ച സാഹചര്യത്തിൽ കേസുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലെന്ന് കുടുംബം കോടതിയെ അറിയിച്ചു. കളമശ്ശേരി കുസാറ്റിന് സമീപത്തെ വീടിനുള്ളിലാണ് ഗിരീഷ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 47 വയസ്സായിരുന്നു. മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞ് പ്രതിയായ പാലാരിവട്ടം പാലം അഴിമതി, പെരിയാറിലെ മലിനീകരണം, ഏറ്റവും ഒടുവിലായി മുഖ്യമന്ത്രിക്കും മകൾക്കും എതിരായ മാസപ്പടി വിഷയം തുടങ്ങി നിരവധി കേസുകളിലെ ഹർജിക്കാരനാണ് ഗിരീഷ് ബാബു.കരിമണല്‍ കമ്പനിയില്‍ നിന്ന് മാസപ്പടി കൈപ്പറ്റിയ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരേ അന്വേഷണമാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നൽകി കൊണ്ടാണ് ഗിരീഷ് തുടങ്ങിയത്. സി.എം.ആര്‍.എല്‍ കമ്പനിയില്‍ നിന്ന് പണം വാങ്ങിയ രാഷ്ട്രീയ നേതാക്കള്‍ക്കും വീണയ്ക്കുമെതിരെ അന്വേഷണം വേണമെന്നാണാവശ്യപ്പെട്ടാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. പരാതിയുടെ പകര്‍പ്പ് ഗവര്‍ണറടക്കമുളളവര്‍ക്കും നല്‍കിയിരുന്നു. വീണ പണം വാങ്ങിയതിലല്ല ആർക്കു വേണ്ടി പണം വാങ്ങി എന്നതാണ് പ്രധാനം. ഒരു പ്രമുഖ വ്യക്തിക്ക് വേണ്ടിയാണ് വീണക്ക് മാസപ്പടി നൽകിയതെന്ന് ആദായ നികുതി ഫോറം കണ്ടെത്തിയതും വിനയായി.സി.എം.ആര്‍.എല്ലും ആദായനികുതിവകുപ്പുമായി ബന്ധപ്പെട്ട നികുതിതര്‍ക്കത്തില്‍ ആദായനികുതി വകുപ്പിന്റെ സെറ്റില്‍മെന്റ് ബോര്‍ഡിറക്കിയ ഉത്തരവ് സഹിതമാണ് പരാതി നല്‍കിയത് . ആ ഉത്തരവില്‍ പേര് പരാമര്‍ശിക്കുന്ന രാഷ്ട്രീയനേതാക്കള്‍, വീണ വിജയന്‍ എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് പരാതി നല്‍കിയത്. വിജിലന്‍സ് ഡയറക്ടര്‍ തുടര്‍നടപടിയെടുത്തില്ലായെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അന്ന് ഗിരീഷ് ബാബു പറഞ്ഞു. ഹൈക്കോടതിയിലെത്തുന്നതിന് മുമ്പ് ഗവർണർക്കും പരാതി നൽകിയിരുന്നു. ഗവർണർക്കാകട്ടെ ഏറെ നാളുകൾക്ക് ശേഷമാണ് ഇങ്ങനെയൊരു ചാകര വന്നു ചേർന്നത്. സർക്കാരിനെ തീർത്തും വെട്ടിലാക്കാൻ കഴിയുന്ന ചാകരയായിരുന്നു. കരിമണൽ കമ്പനിയിൽ നിന്ന് കൈപ്പറ്റിയ മാസപ്പടി വിവാദത്തിൽ വീണ വിജയനെ സി പി എം പൂർണ്ണമായും ന്യായീകരിച്ചിരുന്നു. ഒരു സേവനവും നൽകാതെ വീണയുടെ കൺസൾട്ടൻസിക്ക് കരിമണൽ കമ്പനി പണം നൽകിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധം കാരണമാണെന്നാണ് ആദായ നികുതി ഇന്‍റരിം സെറ്റിൽമെന്‍റ് ബോർഡ് കണ്ടെത്തൽ. മുഖ്യമന്ത്രിയടക്കം മുൻനിര നേതാക്കൾ കരിമണൽ കമ്പനിയിൽ നിന്ന് 96 കോടി മാസപ്പടി കൈപ്പറ്റിയിട്ടുണ്ടെന്ന് ബിജെപി ആരോപണം കടുപ്പിച്ചിട്ടുണ്ട്. വീണ ഉൾപ്പെട്ട മാസപ്പടി വിവാദത്തെ അവഗണിച്ച് നേരിടാനാണ് സിപിഎം തീരുമാനിച്ചത്. സി പി എം നേതൃയോഗങ്ങളിൽ ഇതു വരെ മാസപ്പടി ചര്‍ച്ചയായില്ലെന്നാണ് സൂചന. വീണ വിജയന്‍റെ കൺസൾട്ടൻസി സ്ഥാപനം കരിമണൽ കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ നിയമപരമെന്നും ഇടപാട് സുതാര്യമെന്നും കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ മുതൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വരെയുള്ളവര്‍ നിലപാടെടുത്തിരുന്നു. വീണ വിജയന് പ്രതിരോധം തീര്‍ത്ത് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയും ഇറക്കി. മറ്റ് നേതാക്കളുടെ മക്കൾക്ക് കിട്ടാത്ത പരിഗണനയാണെന്നും വിവാദം അടക്കാൻ പ്രതിപക്ഷവുമായി ധാരണയുണ്ടാക്കിയെന്നുമുള്ള ആക്ഷേപങ്ങൾ സിപിഎം നേതൃത്വത്തിനെതിരെ ഉയര്‍ന്നു . നയവ്യതിയാനങ്ങൾക്കെതിരെ തെറ്റുതിരുത്തൽ നടപടികൾ മുഖം നോക്കാതെ നടക്കണമെന്ന് നിര്‍ബന്ധമുള്ള എം വി ഗോവിന്ദന്‍റെ നിലപാടും ഇതോടെ ചോദ്യം ചെയ്യപ്പെട്ടു. മുഖ്യമന്ത്രിയും വീണയും മന്ത്രി മുഹമ്മദ് റിയാസും മാസപ്പടി വിവാദം കത്തിതീർന്നിട്ടും മൗനത്തിൽ തന്നെയാണ്. ഇനി അവർ ശബ്ദിക്കുമെന്ന് കരുതുക വയ്യ. മുഖ്യമന്ത്രിയെ സംബന്ധിച്ചടത്തോളം മാനേജ് ചെയ്യാൻ കഴിയാത്ത പ്രതിസന്ധിയാണ് വന്നു ചേരുക. അതേ സമയം അമിക്കസ് ക്യൂരിയുടെ റിപ്പോർട്ട് ഹൈക്കോടതി തള്ളിയാൽ മുഖ്യമന്ത്രിക്ക് പിടിച്ചു നിൽക്കാം. എന്നാൽ അതിനുള്ള സാധ്യതകൾ അടയുകയാണ്. ഹൈക്കോടതിക്ക് ഹർജി തള്ളാമായിരുന്നെങ്കിൽ ഗിരീഷ് ബാബുവിന്റെ മരണത്തോടെ തള്ളാമായിരുന്നു. അതിന് മുതിരാതെ അമിക്കസ് ക്യൂരിയെ നിയോഗിക്കാൻ ഹൈക്കോടതി തീരുമാനിച്ചെങ്കിൽ അതിന് പിന്നിൽ വ്യക്തമായ ലക്ഷ്യമുണ്ട്. പരാതിക്കാരൻ മരിച്ചാലും പരാതി മരിക്കില്ലെന്ന ഹൈക്കോടതിയുടെ ദ്യഢനിശ്ചയത്തെ നിയമലോകം അഭിനന്ദിക്കുകയാണ്. മാത്യൂ കുഴൽ നാടനാണ് ഇത്രയും കാലം വീണയെ വേട്ടയാടിയത്. മാത്യു നിശബ്ദനായ ഉടനെയാണ് ഹൈക്കോടതി രംഗത്തെത്തിയത്. അമിക്കസ് ക്യൂരിയിൽ നിന്നും ഇത്തരം ഒരു റിപ്പോർട്ട് ഉണ്ടാവുമെന്ന് സർക്കാർ സ്വപ്‌ത്തിൽ പോലും പ്രതീക്ഷിച്ചില്ല. ഇനി കനിയേണ്ടത് കോടതിയാണ്. കോടതി കനിഞ്ഞില്ലെങ്കിൽ കാര്യങ്ങൾ കീഴ്മേൽ മറിയും.
https://www.facebook.com/Malayalivartha

























