അഡ്വഞ്ചര്‍, വെല്‍നെസ് ടൂറിസത്തിന് അനന്തമായ സാദ്ധ്യതകളാണ് കേരളത്തിലുള്ളത്; സംസ്ഥാനത്ത് വിനോദ സഞ്ചാര മേഖലയിലെ വികസനത്തിനായി 'മിഷന്‍ 2030' എന്ന പേരില്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് വിനോദ സഞ്ചാര മേഖലയിലെ വികസനത്തിനായി 'മിഷന്‍ 2030' എന്ന പേരില്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുമെന്ന് സംസ്ഥാന പൊതുമരാമത്ത്, ടൂറിസം വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
കേരളീയത്തിന്റെ ഭാഗമായി 'കേരളത്തിലെ വിനോദ സഞ്ചാര മേഖല' എന്ന വിഷയത്തില്‍ മാസ്‌കോട്ട് ഹോട്ടലില്‍ നടന്ന സെമിനാറില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകായിരുന്നു അദ്ദേഹം. 2030 ആകുമ്പോഴേക്കും സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയെ കൂടുതല്‍ ഉന്നതിയിലെത്തിക്കുന്നതിനായുള്ള ഈ മാസ്റ്റര്‍ പ്ലാന്‍ അടുത്ത വര്‍ഷത്തോടെ തയാറാക്കും.
അഡ്വഞ്ചര്‍, വെല്‍നെസ് ടൂറിസത്തിന് അനന്തമായ സാദ്ധ്യതകളാണ് കേരളത്തിലുള്ളത്. സര്‍ക്കാര്‍ - സ്വകാര്യ മേഖലയിലെ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി വിനോദ സഞ്ചാര മേഖലയെ ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനായി പശ്ചാത്തല വികസന പദ്ധതികള്‍ ആവിഷ്‌കരിക്കും. മൂന്നാറില്‍ കേബിള്‍ കാര്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള അംഗീകാരം ലഭ്യമാക്കിയിട്ടുണ്ട്. ടൂറിസം മേഖലയിലെ ഉപദേശകസമിതി കൂടുതല്‍ സജീവമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളാ ടൂറിസം മാറ്റത്തിന്റെ പാതയിലാണ്. കോവിഡിനു മുന്‍പുള്ള സാമ്പ്രദായിക രീതികളില്‍ നിന്നും ടൂറിസം പുതിയ വഴികളിലൂടെ സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു.
കോവിഡ്, ടൂറിസം മേഖലയെ തളര്‍ത്തിയപ്പോള്‍ ഡൈന്‍ ഇന്‍ കാര്‍ പ്രോഗ്രാം, വാക്സിനേറ്റഡ് ഡെസ്റ്റിനേഷന്‍ പോലെ വ്യത്യസ്തമായ പല പദ്ധതികളും സംസ്ഥാനം ആവിഷ്‌കരിച്ചു. അതോടെ സുരക്ഷിതമായ ടൂറിസം എന്നതിനു വലിയ പ്രാധാന്യം ലഭിച്ചു. ബയോ ബബിളിന്റെ സുരക്ഷിതത്വം നമുക്ക് പ്രദാനം ചെയ്യാനായി. ആ ആത്മവിശ്വാസത്തില്‍ നിന്നാണ് കേരളം ടൂറിസത്തിലേക്കു തിരിച്ചുവരാന്‍ ആരംഭിച്ചത്.
കോവിഡിന് ശേഷം 'വര്‍ക്കേഷന്‍' എന്ന ട്രെന്‍ഡിനെ സംസ്ഥാനം പ്രയോജനപ്പെടുത്താന്‍ ശ്രമിച്ചു. വയനാടിനെ 'വര്‍ക്കേഷ'നുള്ള കേന്ദ്രമായി കാണിച്ച് ബംഗളുരു പോലുള്ള ഐ.ടി നഗരങ്ങളില്‍ പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിച്ചത് വലിയ ഉണര്‍വുണ്ടാക്കി. കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനും അതു വഴി കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ ടൂറിസത്തിന്റെ പങ്കാളിത്തം വര്‍ധിപ്പിക്കാനും കേരളീയം പോലുള്ള പരിപാടികള്‍ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























