തൊഴിലാളികള്‍ക്കിടയിലെ കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി പ്രത്യേക സമിതിയെ നിയോഗിക്കും; അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കും; മിനിമം വേതനം പരമാവധി സ്ഥാപനങ്ങളില്‍ നടപ്പാക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

മിനിമം വേതനം പരമാവധി സ്ഥാപനങ്ങളില്‍ നടപ്പാക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ഉയര്‍ന്ന വേതനം, തൊഴില്‍ സുരക്ഷ, തൊഴിലാളികള്‍ക്കുള്ള സാമൂഹ്യ സുരഷാ പദ്ധതികള്‍, നൈപുണ്യ വികസന പദ്ധതികള്‍, അതിഥി തൊഴിലാളികള്‍ക്കായുള്ള പിന്തുണ തുടങ്ങിയവയിലെല്ലാം കേരളം പിന്‍തുടരുന്ന മാതൃകാപരമായ സമീപനത്തെ പ്രകീര്‍ത്തിച്ച് 'തൊഴിലാളികളുടെ അവകാശങ്ങളും ക്ഷേമവും' എന്ന വിഷയത്തില്‍ നടന്ന കേരളീയം സെമിനാറിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം .
സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടി പരിഗണിച്ചായിരിക്കും കുറഞ്ഞ കൂലി നടപ്പിലാക്കുക. തൊഴിലാളികള്‍ക്കിടയിലെ കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി പ്രത്യേക സമിതിയെ നിയോഗിക്കും. അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കും.
പരമ്പരാഗത തൊഴില്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്നും മന്ത്രി അറിയിച്ചു. ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള നിയമം ഉടന്‍ നിയമസഭയില്‍ അവതരിപ്പിക്കും. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടു മാത്രമേ കേന്ദ്ര നിയമങ്ങള്‍ സംസ്ഥാനത്ത് നടപ്പാക്കൂ എന്നും മന്ത്രി വ്യക്തമാക്കി.
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സെമിനാറില്‍ എംപ്ലോയ്‌മെന്റ് ആന്‍ഡ് ട്രെയിനിങ് ഡയറക്ടര്‍ ഡോ. വീണ എന്‍. മാധവന്‍ വിഷയാവതരണം നടത്തി. ലേബര്‍ കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മോഡറേറ്ററായി. സര്‍ക്കാര്‍ നടപടികള്‍ നല്ലരീതിയില്‍ തൊഴിലാളികള്‍ക്കിടയില്‍ എത്തിക്കുന്നതിന് ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി ഇടപെടണമെന്ന് മുന്‍മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























