വിയ്യൂര്‍ ജയിലില്‍ സംഘര്‍ഷം... കൊടി സുനിയുടെ നേതൃത്വത്തിലുള്ള തടവുപുള്ളികള്‍ ജയില്‍ ജീവനക്കാരെ ആക്രമിച്ചു

വിയ്യൂര്‍ ജയിലില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഉള്‍പ്പെടെ പ്രതിയായ കൊടി സുനിയുടെ നേതൃത്വത്തിലുള്ള തടവുപുള്ളികള്‍ ജയില്‍ ജീവനക്കാരെ ആക്രമിച്ചു. ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ നാല് ജയില്‍ ജീവനക്കാര്‍ക്കും ഒരു പ്രതിയ്ക്കും പരിക്കേറ്റു. അസി. പ്രിസണ്‍ ഓഫീസര്‍ അര്‍ജുന്‍ദാസിന്റെ തോളെല്ല് പൊട്ടി. ഡെപ്യൂട്ടി സൂപ്രണ്ട് ശ്രീരാമന്‍, പ്രിസണ്‍ ഓഫീസര്‍ വിജയകുമാര്‍, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ ഓംപ്രകാശ് എന്നിവര്‍ക്കും ഒരു തടവുകാരനും ആക്രമണത്തില്‍ പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
രാവിലെ ഉദ്യോഗസ്ഥരുടെ ജയില്‍ സന്ദര്‍ശനത്തിനിടെ രണ്ട് തടവുകാര്‍ മട്ടന്‍ കൂടുതല്‍ അളവില്‍ വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് പ്രശ്നം തുടങ്ങിയത്. മട്ടന്‍ നിശ്ചിത അളവില്‍ കൂടുതല്‍ നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞതോടെ സംഘര്‍ഷം ആരംഭിച്ചു. പിന്നീട് ഷേവ് ചെയ്യാന്‍ ബ്ലേഡ് വേണമെന്നായി ആവശ്യം. അതും ജയില്‍ നിയമ പ്രകാരം അനുവദനീയമല്ലെന്ന് പറഞ്ഞതോടെ, ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാനായി ശ്രമം. ഇതോടെ, ഒരു തടവുകാരന്‍ കുപ്പി ഗ്ലാസ് പൊട്ടിച്ച് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ അര്‍ജുന്‍ദാസിന്റെ കഴുത്തില്‍ കയറ്റാന്‍ നോക്കി. തടയാന്‍ ശ്രമിച്ചപ്പോള്‍ മറ്റ് ഉദ്യോഗസ്ഥര്‍ക്കും മര്‍ദ്ദനമേറ്റു. തുടര്‍ന്ന് തടവുകാര്‍ സംഘം ചേര്‍ന്ന് അടുക്കളയില്‍ പോയി പാചകത്തില്‍ സഹായിച്ചിരുന്ന തടവുകാരനെ അകാരണമായി മര്‍ദ്ദിച്ചു. അവിടെ നിന്നും ഓഫീസില്‍ കയറി തടവുകാര്‍ക്ക് വീട്ടിലേക്ക് വിളിക്കാന്‍ ഉപയോഗിക്കുന്ന ടെലഫോണ്‍ തല്ലിപ്പൊളിച്ചു. കസേര, ക്ളോക്ക്, ഫയലുകള്‍, ഇന്റര്‍ കോം ഉള്‍പ്പെടെ കണ്ണില്‍ കണ്ടതെല്ലാം തല്ലിപ്പൊളിച്ചു. ജയിലിന്റെ ഉള്ളില്‍ നിന്നും മതില്‍ക്കെട്ടിനകത്തേക്ക് കടക്കുന്ന ഗേറ്റ് തള്ളിത്തുറന്നു. അപ്പോഴേക്കും മറ്റ് ജയിലുകളില്‍ നിന്നും ഉദ്യോഗസ്ഥരെത്തി തടവുകാര്‍ സെല്ലില്‍ കയറണമെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തു.
പെരിയ കേസിലെ പ്രതികള്‍, മാവോയിസ്റ്റ് തടവുകാര്‍, പി.എഫ്.ഐ, ഐസിസ് തടവുകാര്‍ എന്നിവര്‍ സെല്ലില്‍ കയറിയിട്ടും കൊടി സുനിയും സംഘവും കയറിയില്ല. കയറാത്ത അക്രമികളായ തടവുകാരെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി സെല്ലിലാക്കുകയായിരുന്നു. എല്ലാ അക്രമണങ്ങള്‍ക്കും തടവുകാര്‍ക്ക് പിന്തുണ കൊടി സുനിയുടേതായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ആക്രമണത്തില്‍ ഉള്‍പ്പെട്ട തടവുകാര്‍ക്കെതിരെ വിയ്യൂര്‍ പൊലീസ് കേസെടുത്തു. അതീവ സുരക്ഷാ ജയില്‍ നിര്‍മ്മിച്ചത് എന്‍.ഐ.എ തടവുകാരെ പാര്‍പ്പിക്കാനായിരുന്നു.
https://www.facebook.com/Malayalivartha

























