സുപ്രീം കോടതിയുടെ വിരട്ടലിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ വീഴുമെന്ന സർക്കാരിന്റെ പ്രതീക്ഷ മങ്ങി... ഒരു കാരണവശാലും സർക്കാരുമായി സമവായത്തിനില്ലെന്ന നിലപാട് ഗവർണർ ആവർത്തിച്ചു...രാജ്ഭവനിൽ മുഖ്യമന്ത്രി എത്തുമോ? കേരളം കാത്തിരിക്കുന്ന ഈ ചോദ്യത്തിനുള്ള മറുപടി വെള്ളിയാഴ്ച അറിയാം....
സുപ്രീം കോടതിയുടെ വിരട്ടലിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ വീഴുമെന്ന സർക്കാരിന്റെ പ്രതീക്ഷ മങ്ങി. ഒരു കാരണവശാലും സർക്കാരുമായി സമവായത്തിനില്ലെന്ന നിലപാട് ഗവർണർ ആവർത്തിച്ചു.രാജ്ഭവനിൽ മുഖ്യമന്ത്രി എത്തുമോ? കേരളം കാത്തിരിക്കുന്ന ഈ ചോദ്യത്തിനുള്ള മറുപടി വെള്ളിയാഴ്ച അറിയാം. ഗവർണർമാർ ബില്ലുകളിൽ ഒപ്പിടാത്തതിനെതിരെ കേരളം സമർപ്പിച്ച ഹർജിയുമായി ബന്ധപ്പെട്ട് താൻ ഗവർണറെ കാണാമെന്ന് മുഖ്യമന്ത്രി തന്റെ വിശ്വസ്തരെ അറിയിച്ചതായാണ് വിവരം. മുഖ്യമന്ത്രി എത്തി വിശദീകരിക്കുമോ എന്ന പരീക്ഷണമാണ് ഗവർണർ നടത്തുന്നത്.മുഖ്യമന്ത്രി നേരിട്ടെത്തി വിശദാംശങ്ങൾ നൽകിയാൽ ബില്ലുകൾ താൻ ഒപ്പിടാമെന്ന നിലപാടിലാണ് ഗവർണർ. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഇപ്പോഴും സർക്കാറിന് വ്യക്തതയില്ലന്നും ഗവർണർ കുറ്റപ്പെടുത്തി. ഗവർണർമാർ ബില്ലുകളിൽ അനന്തമായി തീരുമാനം നീട്ടരുതെന്ന സുപ്രീം കോടതി വിമർശനത്തോട് പ്രതികരിക്കാനില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ ബില്ലുകൾ പിടിച്ചു വയ്ക്കുന്നതിനെ സുപ്രീംകോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമർശിച്ചിരുന്നു. സർക്കാരുകൾ കോടതിയിൽ വരുന്നത് വരെ ഗവർണർമാർ ബില്ലിന്മേൽ നടപടി എടുക്കാത്തതെന്താണെന്ന ചോദ്യമുയർത്തിയ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഗവർണർമാരെ നേരിട്ടു തെരഞ്ഞെടുക്കുന്നതല്ലെന്ന് ഓർക്കണമെന്നും സൂചിപ്പിച്ചു. ''സുപ്രീംകോടതിയിൽ ഹർജി വന്നതിനു ശേഷം മാത്രമാണ് ഗവർണർമാർ നടപടി എടുക്കുന്നത്. എന്തിന് അതുവരെ കാത്തിരിക്കണം. ഗവർണർമാരും ഭരണഘടന തത്വങ്ങൾ പാലിച്ച് പ്രവർത്തിക്കണം''. ''ആർക്കെങ്കിലും അവരുടെ ഉള്ളിൽ സംശയം ഉണ്ടെങ്കിൽ അവർക്ക് കോടതിയിൽ പോകാം. ആ സംശയം മാറ്റും''... സുപ്രീംകോടതിയിൽ കേരളം ഹർജി നൽകിയതിലുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഈ പരാമർശത്തിൽ കേരളം സുപ്രീംകോടതിയെ അതൃപ്തി അറിയിച്ചു. സംസ്ഥാനത്തിന്റെ ഹർജി പരാമർശിച്ച മുൻ അറ്റോണി ജനറൽ കെ കെ വേണുഗോപാലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവന ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചിന്റെ ശ്രദ്ധയിൽ പെടുത്തിയത്. കേരളത്തിന്റെ ഹർജി വെള്ളിയാഴ്ച പരിഗണിക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.പഞ്ചാബ് ഗവർണർ ബില്ലുകൾ പിടിച്ചുവയ്ക്കുന്നതിനെതിരായ ഹർജിയാണ് കോടതി കേട്ടത്. പഞ്ചാബ് ഗവർണർ ബില്ലുകളിൽ കഴിഞ്ഞ ദിവസം തീരുമാനം എടുത്തിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. ഈ സമയത്താണ് ഗവർണർമാരുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. ' ഗവർണർമാരും ഭരണഘടന തത്വങ്ങൾ പാലിച്ച് പ്രവർത്തിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു ഗവർണർമാർക്കും സംസ്ഥാന സർക്കാരുകൾക്കും ഇടയിൽ ഇത്തരം വിഷയങ്ങൾ രമ്യമായി തീർക്കാനുള്ള ചർച്ചകൾ നടക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു. കേരളം, പഞ്ചാബ്, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളുടെ ഹർജികൾ വെള്ളിയാഴ്ച ഒന്നിച്ച് പരിഗണിക്കും. സുപ്രീംകോടതിയുടെ നിരീക്ഷണത്തോടെ തീരുമാനം എടുക്കാൻ ഗവർണറുടെ മേലുള്ള സമ്മർദ്ദം ശക്തമാകുകയാണ്.സാധാരണ ഗതിയിൽ ഇത്തരം ഒരു പരാമർശം സുപ്രീം കോടതിയിൽ നിന്നും വരുമ്പോൾ തന്നെ ഗവർണർ ബില്ലുകളിൽ ഒപ്പിടേണ്ടതാണ്. ഗവർണറെ വിരട്ടി ഒപ്പിടുവിക്കാം എന്നാണ് സർക്കാർ കരുതിയത്. ഒപ്പിടും എന്നു തന്നെയാണ് ചീഫ് സെക്രട്ടറി സർക്കാരിനെ ഉപദേശിച്ചത്. എന്നാൽ ആരിഫ് മുഹമ്മദ് ഖാൻ ആൾ ചില്ലറക്കാരനല്ലെന്ന് സർക്കാരിന് മനസിലായി. സർക്കാരിന് തെറ്റി എന്നു തന്നെ പറയാം. ആരിഫ് മുഹമ്മദ് ഖാനെ സർക്കാർ തെറ്റിദ്ധരിച്ചു എന്ന് പറയുന്നതാണ് കൂടുതൽ ശരി. ഗവർണറുടെ അനുമതിയോടെ വേണം മാത്രം ധനബിൽ നിയമസഭയിൽ അവതരിപ്പിക്കേണ്ടത്.എന്നാൽ ഇങ്ങനെയൊരു കീഴ് വഴക്കം കേരളത്തിൽ ഉണ്ടായിട്ടില്ല. ഗവർണറുടെ അനുമതി വാങ്ങാതെ അവതരിപ്പിക്കുന്ന ബില്ലുകളിൽ ഒപ്പിടേണ്ട ബാധ്യത ഗവർണർക്കില്ല. ഗവർണർ സർക്കാരിന്റെ വീട്ടു ജോലിക്കാരനല്ല. എന്നാൽ സർക്കാർ അങ്ങനെയാണ് കരുതുന്നതെന്ന് മാത്രം.തന്റെ മുന്നിലെത്തുന്ന ബില്ലിന് കഴിയുന്നതും വേഗം ഗവർണർ അനുമതി നൽകണം എന്നാണ് ഭരണഘടന പറയുന്നത്. ഇല്ലെങ്കിൽ സർക്കാരിന് തിരിച്ചയക്കണം.അതേ ബിൽ വീണ്ടും സർക്കാർ ഗവർണർക്ക് അയക്കുകയാണെങ്കിൽ ഒപ്പിടാതിരിക്കാൻ കഴിയില്ല. ഇതാണ് ഫയൽ പിടിച്ചുവയ്ക്കാൻ കാരണം. എത്രസമയത്തിനുള്ളിൽ ഫയൽ ഒപ്പിടണമെന്ന് ഭരണഘടന പറയുന്നില്ല.രാജീവ് ഗാന്ധി സർക്കാർ പാസാക്കിയ പോസ്റ്റൽ ബിൽ രാഷ്ട്രപതി സെയിൽ സിംഗ് പിടിച്ചു വച്ചു. തിരിച്ചയച്ചാൽ തിരിച്ചു വരും എന്ന പേടി കാരണമായിരുന്നു അത്. 6 മാസത്തിനകം ഗവർണർ തീരുമാനം എടുക്കണമെന്ന് ഭരണഘടനാ വിദഗദ്ധനായഎം.എൻ. വെങ്കിട ചെല്ലയ്യ ശുപാർശ നൽകിയെങ്കിലും നടപ്പായില്ല. ജസ്റ്റിസ് പുഞ്ചി കമ്മീഷനും ഇതേ നിർദ്ദേശം മുന്നോട്ടു വച്ചെങ്കിലും നടപ്പായില്ല. അതായത് ഗവർണർക്കുള്ളത് ഒന്നൊന്നര അധികാരം തന്നെയാണ്. അതിൽ ജസ്റ്റിസ് ചന്ദ്ര ചൂടിനും ഇതിൽ കൈയൊഴിയുക മാത്രമാണ് പോം വഴി. സുപ്രീം കോടതിക്ക് തനിക്ക് നിർദ്ദേശം നൽകാൻ കഴിയില്ലെന്ന് തന്നെയാണ് ഗവർണറുടെ വിശ്വാസം. സുപ്രീം കോടതിക്കുള്ള അധികാരം പോലെ തന്നെയാണ് ഗവർണറുടെ അധികാരവും . രണ്ടും ഭരണഘടനാ സ്ഥാപനങ്ങളാണ്. രണ്ടിന്റെയും അധികാരം ഭരണഘടന നിശ്ചയിച്ചിട്ടുണ്ട്. അതിനാൽ ഭരണഘടനക്ക് പുറത്തു കയറി തീരുമാനമെടുക്കാൻ സുപ്രീം കോടതിക്ക് കഴിയില്ല. ഇതു സംബന്ധിച്ച സൂചനകൾ പിണറായിക്ക് ലഭിച്ചതു കൊണ്ടാണ് അദ്ദേഹം ഗവർണറെ കാണാൻ ആലോചിക്കുന്നത്. കലഹം രമ്യമായി പരിഹരിക്കാനാണ് പിണറായിയുടെ ആഗ്രഹം. ഗവർണർക്കെതിരെ കേസു കൊടുത്തത് പാർട്ടി സെക്രട്ടറിയുടെ തീരുമാന പ്രകാരമാണ്. പാർട്ടിയുടെ തീരുമാനം ഏറെ നാൾ പിണറായി മാറ്റി വച്ചു. എന്നാൽ ഒപ്പിടാതെ വന്നപ്പോഴാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇതിനു മുമ്പ് പിണറായി ഗവർണറെ അനുനയിപ്പിച്ചത് സജി ചെറിയാന്റെ സത്യപ്രതിജ്ഞക്ക് വേണ്ടിയാണ്. സജി ചെറിയാനെ മന്ത്രിസഭയിലേക്കു തിരിച്ചു കൊണ്ടുവരുന്നതിനെ ശക്തമായി എതിർത്തശേഷമാണു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യപ്രതിജ്ഞയ്ക്കു സമയം അനുവദിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണു മഞ്ഞുരുകിയത്. സർക്കാരിനെ ഒരിക്കല്‍കൂടി സമ്മർദത്തിലാക്കിയ ശേഷമാണു ഗവർണർ ഒത്തുതീർപ്പിലെത്തിയത് എന്നതും ശ്രദ്ധേയം. സജി ചെറിയാനെതിരെ കോടതിയിൽ കേസുള്ളതിനാൽ സത്യപ്രതിജ്ഞ നടത്തുന്നത് ഉചിതമാണോ എന്ന് ഗവർണർ മുഖ്യമന്ത്രിയോട് ആരാഞ്ഞു. സജി ചെറിയാനെ മന്ത്രിയാക്കുന്നതിൽ നിയമതടസ്സമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. പൊലീസ് റിപ്പോര്‍ട്ട് അനുകൂലമാണെന്നും വ്യക്തമായ നിയമോപദേശം ഇക്കാര്യത്തിൽ ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു പ്രശ്നവും ഇല്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതോടെ ഗവർണർ തീരുമാനം മാറ്റി. സർക്കാരിന് അത്ര ആത്മവിശ്വാസമുണ്ടെങ്കിൽ താൻ തടസ്സം നിൽക്കുന്നില്ലെന്നു ഗവർണർ നിലപാടെടുത്തു.സത്യപ്രതിജ്ഞയ്ക്കു സമയം അനുവദിക്കുന്ന കാര്യം ഔദ്യോഗികമായി സർക്കാരിനെ അറിയിക്കാനും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താനും രാജ്ഭവൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. ഭരണഘടനയെ വിമർശിച്ചതിനു സ്ഥാനമൊഴിയേണ്ടി വന്നത് അസാധാരണമാണെന്നാണു ഗവർണർ വിലയിരുത്തിയത്. ആ സാഹചര്യം നിലനിൽക്കെ, സജി ചെറിയാനെ എങ്ങനെ മന്ത്രിസ്ഥാനത്തേക്കു തിരിച്ചെടുക്കാനാകുമെന്നാണു ഗവർണർ ഉയർത്തിയ ചോദ്യം.
മുതിർന്ന അഭിഭാഷകരുമായി ഗവർണർ ആശയവിനിമയം നടത്തി. അറ്റോർണി ജനറലുമായും സംസാരിച്ചു. സത്യപ്രതിജ്ഞയ്ക്ക് തടസ്സമില്ലെന്നായിരുന്നു ലഭിച്ച നിയമോപദേശം. കോടതി പരാമർശത്തെ തുടർന്നല്ല, ധാർമികത മുൻനിർത്തിയാണ് സജി ചെറിയാൻ രാജിവച്ചതെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ ഇതിനു മുമ്പും മുഖ്യമന്ത്രി എത്തിയാൽ ഗവർണറുടെ മഞ്ഞുരുകുമായിരുന്നു. അപ്പോഴും ഭീഷണിപ്പെടുത്തി കാര്യം നടത്താനാണ് സർക്കാർ ശ്രമിച്ചത്. അതാണ് ആരിഫ് മുഹമ്മദ് ഖാന് അമ്പരപ്പുണ്ടാക്കിയത്. രാജ്യത്തിന് വേണ്ടി രാഷ്ട്രപതി ചെയ്യുന്ന എല്ലാ പ്രവൃത്തികളും സംസ്ഥാനങ്ങൾക്ക് വേണ്ടി നിർവഹിക്കുന്നത് ഗവർണർമാരാണ്. ഒരേ സമയം കേന്ദ്രസർക്കാരിന്റെ പ്രതിനിധിയായും സംസ്ഥാനങ്ങളുടെ തലവനായും പ്രവർത്തിക്കുന്നുതിലൂടെ രണ്ടു പദവികൾ വഹിക്കുന്നവരായി ഗവർണർമാരെ വിശേഷിപ്പിക്കാം. ഭരണപരമായും നിയമനിർമ്മാണപരമായും നിരവധി അധികാരങ്ങൾ ഗവർണർക്കുണ്ട്. കേരളത്തിലെ 13 യൂണിവേഴ്സിറ്റികളുടെയും ചാൻസലർ പദവി ഗവർണർക്ക് അവകാശപ്പെട്ടതാണ്. യൂണിവേഴ്സ്റ്റികളുമായി ബന്ധപ്പെട്ട നിയനവും പ്രവർത്തനങ്ങളുമെല്ലാം ഗവർണറുടെ അധികാരത്തിൽ പെടുന്നതാണെന്ന് സാരം.ഇതിന് പുറമേ മറ്റു ചില ഭരണപരമായ അധികാരങ്ങളും ഗവർണർക്കുണ്ട്. ഒരു സംസ്ഥാനത്തിലെ മുഖ്യമന്ത്രിയെയും മന്ത്രി സഭയെയും നിയമിക്കുന്നത് ഗവർണറാണ്. മറ്റു ചില ഭരണനിർവഹണ ഉദ്യോഗസ്ഥരായ സംസ്ഥാനത്തിന്റെ അഡ്വക്കേറ്റ് ജനറൽ, സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങൾ ഇവരെ നിയമിക്കുന്നതും ഗവർണറാണ്. നിയമസഭ തിരഞ്ഞെടുത്തതിനു ശേഷം ഉള്ള ആദ്യ സെഷൻസ് അഭിസംബോധന ചെയ്യാനുള്ള ഉത്തരവാദിത്തവും ഗവർണറുടേതാണ്. എന്നാൽ സംസ്ഥാന പട്ടികയെ അടിസ്ഥാനമാക്കി സംസ്ഥാന നിയമസഭയിൽ നിന്നും പാസാകുന്ന ബില്ലുകൾ രാഷ്ട്രപതി അനുമതി നൽകിയാൽ മാത്രമാണ് പ്രവൃത്തിയിലേക്ക് കൊണ്ടുവരാൻ സാധിക്കുകയുള്ളൂ.സംസ്ഥാനത്തെ ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നത് രാഷ്ട്രപതിയാണെങ്കിലും സബോർഡിനേറ്റ് കോടതികളിൽ ജഡ്ജിമാരെ നിയമിക്കുന്നതും ഗവർണർ ആണ്. നിയമസഭ വിളിച്ചുകൂട്ടുന്നതും സമ്മേളനം പിരിച്ചുവിടാനുമുള്ള ഉത്തരവാദിത്തവും ഗവർണർക്കുള്ളതാണ്.ഇത്തരത്തിൽ അധികാരങ്ങൾ ഏറെയുള്ള സ്ഥാനമാണ് ഗവർണർ. അതിനെ തൊട്ടു കളിക്കാനുളള പിണറായിയുടെ നീക്കമാണ് പാളിയത്. ഇപ്പോൾ പിണറായി കാത്തിരിക്കുന്നത് വെള്ളിയാഴ്ചക്ക് വേണ്ടിയാണ്. പട്ടിണികിടക്കുന്ന ഒരു സംസ്ഥാനം കെ.കെ. വേണുഗോപാലിന് വേണ്ടി ലക്ഷങ്ങൾ ചെലവഴിക്കും എന്നതിൽ കവിഞ്ഞ് ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല. അത് വിശ്രുത നിയമജ്ഞനായ കെ.കെ. വേണു ഗോപാലിനുമറിയാം.