വീരേന്ദ്രകുമാറിനോടു വ്യക്തിപരമായ ശത്രുതയില്ല: പിണറായി

വീരേന്ദ്രകുമാറിനോടു വ്യക്തിപരമായ ശത്രുതയില്ലെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. എം.പി. വീരേന്ദ്രകുമാറിന്റെ ഇരുള്‍ പരക്കുന്ന കാലം എന്ന ലേഖന സമാഹാരത്തിന്റെ പ്രകാശനം പ്രസ്‌ക്ലബ് ഹാളില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വീരേന്ദ്ര കുമാറുമായി വിയോജിപ്പുകളുണ്ട്. ആ വിയോജിപ്പുകള്‍ വ്യക്തിപരമല്ല, മറിച്ച് രാഷ്ട്രീയപരമാണ്. നാളെ ഒരുമിച്ചുനിന്നു പൊരുതുന്നതിന് ഇതൊരു തടസ്സമല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
അടിയന്തരാവസ്ഥക്കാലത്ത് ഒരുമിച്ചു പ്രവര്‍ത്തിച്ചുവെങ്കിലും പിന്നീട് വീരേന്ദ്രകുമാര്‍ ഇടതുപക്ഷം വിട്ട് യുഡിഎഫിനൊപ്പം പോയപ്പോള്‍ സ്വാഭാവികമായും രാഷ്ട്രീയമായി വിമര്‍ശിക്കേണ്ടി വന്നു. കമ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും തമ്മില്‍ യോജിപ്പും വിയോജിപ്പുകളും ഉണ്ടായിട്ടുണ്ട്. സോഷ്യലിസ്റ്റുകളുടെ സ്വാഭാവിക സ്ഥാനം ഇടതുപക്ഷത്താണ്. ജനങ്ങള്‍ ആഗ്രഹിക്കുന്നതും അതാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്നിടത്തേക്ക് എത്താന്‍ വേണ്ട പുനരാലോചനയാണു വേണ്ടത്. അനുകൂലിച്ചപ്പോഴും എതിര്‍ത്തപ്പോഴും വീരേന്ദ്രകുമാറിന് അര്‍ഹമായ ആദരവ് നല്‍കിയിട്ടുണ്ടെന്നും അതു കാണാതിരിക്കരുതെന്നും പിണറായി പറഞ്ഞു.
ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഉത്കണ്ഠപ്പെട്ടു കൊണ്ടിരിക്കുന്ന മനസാണു വീരേന്ദ്ര കുമാറിന്റെത്. ആഗോളവത്കരണ രാഷ്ട്രീയത്തിനെതിരേ വീരേന്ദ്രകുമാര്‍ കടുത്ത നിലപാടു സ്വീകരിച്ചു. രാജ്യത്തിന്റെ ഐക്യത്തെയും ഒരുമയെയും തകര്‍ക്കുന്ന വര്‍ഗീയശക്തികളെ ചെറുത്തു തോല്പിക്കാന്‍ ധീരമായ നിലപാടെടുത്തു. അടിയന്തരാവസ്ഥക്കാലത്ത് വീരേന്ദ്രകുമാറുമൊന്നിച്ചു ജയിലില്‍ കഴിഞ്ഞ അനുഭവങ്ങളും പിണറായി വിജയന്‍ പങ്കുവച്ചു.
ഒരു സാധാരണ പുസ്തക പ്രകാശനത്തിനു ലഭിക്കുന്നതിനേക്കാള്‍ വലിയ മാധ്യമശ്രദ്ധയാണ് ഈ പുസ്തക പ്രകാശനത്തിനു ലഭിച്ചതെന്നും പിണറായി വിജയന്‍ പറഞ്ഞു. താനും വീരേന്ദ്രകുമാറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍ വച്ചുപുലര്‍ത്തുന്ന ധാരണപ്പിശകാണ് ഇതിനു കാരണം. ശത്രുവിന്റെ പുസ്തകം ശത്രു പ്രകാശനം ചെയ്യുന്നു എന്ന തരത്തിലാണ് മാധ്യമങ്ങള്‍ അതു കാണുന്നത്.
താനും വീരേന്ദ്രകുമാറും തമ്മിലുള്ള ബന്ധം വളര്‍ന്നത് വിയോജിച്ചുകൊണ്ടുതന്നെയാണ്. തമ്മില്‍ വിയോജിക്കേണ്ട മേഖലകള്‍ മറച്ചുവയ്‌ക്കേണ്ടതില്ല, ഒളിച്ചുവയ്‌ക്കേണ്ടത് വിളിച്ചുപറയേണ്ടതുമില്ല. നല്ലതിനെ നല്ലതായി കാണുകയാണു തങ്ങളുടെ രീതി. വിയോജിപ്പുള്ളത് തുറന്നുപറയും. പറയുന്നത് പ്രിയമോ അപ്രിയമോ എന്നു നോക്കാറില്ല. അപ്രിയം വിദ്വേഷമായി മാറില്ല എന്നുറപ്പുണ്ട്. ഒരുമിച്ച് പൊരുതേണ്ട കാലം വീണ്ടും വരുമെന്നാണു കാണുന്നത്. അതില്‍ അസ്വാഭാവികതയില്ലെന്നും പിണറായി പറഞ്ഞു.
വര്‍ഗീയതയ്‌ക്കെതിരേ യോജിപ്പുകള്‍ ആവശ്യമാണെന്നു വീരേന്ദ്രകുമാര്‍ മറുപടിപ്രസംഗത്തില്‍ പറഞ്ഞു. ഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്നതിന് എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍, വര്‍ഗീയതയ്‌ക്കെതിരായി യോജിപ്പുകള്‍ ആവശ്യമാണ്. അതിനു മുന്നണികള്‍ തടസമല്ല. അല്ലെങ്കില്‍ രാഷ്ട്രത്തിനു നിലനില്‍പ്പില്ല. കഴിഞ്ഞ കുറച്ചു നാളുകളായി നരേന്ദ്ര മോദിയെക്കുറിച്ചും സംഘപരിവാറിനെക്കുറിച്ചും പിണറായിയുടെ ശബ്ദം ഉയരുന്നു. വര്‍ഗീയതയുടെ പേരില്‍ സംഘടിക്കുന്നത് കോര്‍പറേറ്റ് ആധിപത്യത്തിനു വേണ്ടിയാണ്. അതിനെതിരേ പോരാടിയേ മതിയാകൂ. രാജ്യം നേരിടുന്ന പോരാട്ടങ്ങളില്‍ നിന്നും സോഷ്യലിസ്റ്റുകള്‍ക്ക് മാറിനില്‍ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഷങ്ങള്‍ക്കു ശേഷം പിണറായി വിജയനും വീരേന്ദ്ര കുമാറും ഒരുവേദിയില്‍ പങ്കെടുത്ത ചടങ്ങ് എന്ന നിലയില്‍ പുസ്തകപ്രകാശനച്ചടങ്ങ് ശ്രദ്ധയാകര്‍ഷിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന്‍ പുസ്തകം ഏറ്റുവാങ്ങി. ചിന്ത പബ്ലിഷേഴ്‌സ് ചീഫ് എഡിറ്റര്‍ സി.പി. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ടി.എന്‍. സീമ എംപി, ചെറുകഥാകൃത്ത് ആര്‍. ഉണ്ണി എന്നിവര്‍ പ്രസംഗിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















