ഓണാഘോഷം ഇന്ന് സമാപിക്കും ; ഘോഷയാത്ര വൈകിട്ട് അഞ്ചിന്

സംസ്ഥാനതല ഓണാഘോഷ പരിപാടികള്‍ക്ക് ഇന്ന് സമാപനം. അനന്തപുരിയെ ആഘോഷത്തിമിര്‍പ്പിലാറാടിച്ച ഏഴു സായന്തനങ്ങള്‍ക്ക് വര്‍ണ്ണശബളമായ ഘോഷയാത്രയോടുകൂടി ഇന്ന് തിരശ്ശീല വീഴും. കവടിയാറില്‍ നിന്ന് ആരംഭിച്ച് കിഴക്കേകോട്ടയില്‍ സമാപിക്കുന്ന ഘോഷയാത്രയില്‍ നൂറ്റിയന്‍പതോളം ഫ്‌ളോട്ടുകള്‍ അണിനിരക്കും. സംസ്ഥാന ഗവര്‍ണര്‍ നിഖില്‍ കുമാര്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ഉന്നതതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഘോഷയാത്രയ്ക്ക് സാക്ഷിയാകും. ഘോഷയാത്ര വൈകുന്നേരം അഞ്ചിന് വെള്ളയമ്പലം കെല്‍ട്രോണ്‍ ജംഗ്ഷനില്‍ ഗവര്‍ണര്‍ നിഖില്‍കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ മുഖ്യമന്ത്രി, ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍, ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍, ഘോഷയാത്രാ കമ്മിറ്റി കണ്‍വീനര്‍ വര്‍ക്കല കഹാര്‍ എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുക്കും.
ഘോഷയാത്രയ്ക്ക് പുറമെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കേരളകൗമുദിയുടെ മെഗാഷോ, നിശാഗന്ധി ആഡിറ്റോറിയത്തില്‍ ഹെല്‍ത്തി ലിവിംഗ് ആര്‍ട്ട്‌സ് അവതരിപ്പിക്കുന്ന സെമി ക്ലാസിക്കല്‍ ഡാന്‍സ്, ബ്രീത്ത് മ്യൂസിക്കല്‍ ഡാന്‍സ്, കോമഡി ഷോ, പൂജപ്പുര മൈതാനത്തില്‍ കല്ലറ ഗോപനും സംഘവും അവതരിപ്പിക്കുന്ന ഗാനമേള, തീര്‍ത്ഥപാദമണ്ഡപത്തില്‍ കലാബോധിനി കഥകളി വിദ്യാലയത്തിന്റെ വടക്കന്‍ രാജസൂയം കഥകളി, ഗാന്ധിപാര്‍ക്കില്‍ കൊല്ലം വിജയലക്ഷ്മിയുടെ കഥാപ്രസംഗം എന്നിവ അരങ്ങേറും.
വൈവിധ്യമാര്‍ന്ന നിരവധി കലാരൂപങ്ങളാണ് ഇത്തവണ ഓണസന്ധ്യകള്‍ക്ക് മിഴിവേകിയത്. 27 വേദികളിലായി ആയിരത്തിലധികം കലാകാരികളും കലാകാരന്മാരും തങ്ങളുടെ പ്രതിഭ തെളിയിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. പുതുതലമുറയ്ക്ക് അന്യമായ കേരളത്തിന്റെ അനുഷ്ഠാന കലാരൂപങ്ങളാണ് കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായത്. പ്രധാന വേദിയായ കനകക്കുന്ന് കൊട്ടാരവളപ്പിലെ വിവിധ അരങ്ങുകളിലായി അഷ്ടപദി, ഓട്ടന്‍തുള്ളല്‍, തോല്‍പ്പാവക്കൂത്ത്, ചരടുപിന്നിക്കളി, വില്‍പ്പാട്ട്, പാക്കനാര്‍കളി, കാക്കാരശ്ശിനാടകം, നിണബലി, ബലിക്കള/മലയന്‍കെട്ട്, വെളിച്ചപ്പാട് തുള്ളല്‍/പൂതനും തിറയും, കമ്പടി കളി, പരിചമുട്ട് കളി, തോറ്റംപാട്ട്, ഗരുഡന്‍ പറവ, ചവിട്ടുനാടകം, പൂപ്പടതുള്ളല്‍, നാടന്‍പാട്ട്, ചിമ്മാനക്കളി, വേലകളി, പുള്ളുവന്‍പാട്ട്, മുടിയേറ്റ്, കണ്യാര്‍കളി, അലാമിക്കളി, തിടമ്പുനൃത്തം, തിറയാട്ടം, മാരിയാട്ടം, തുടിപ്പാട്ട്, കരടികളി, കുറത്തിയാട്ടം, പൂരക്കളി, പടയണി, തമ്പുരാന്‍പാട്ട്, അര്‍ജ്ജുനനൃത്തം, തെയ്യം, കഥകളി തുടങ്ങിയ കേരളീയ കലാരൂപങ്ങള്‍ കാണികളുടെ കണ്ണും കരളും കവര്‍ന്നു. മഴയെ അവഗണിച്ചും പതിനായിരങ്ങളാണ് കലാരൂപങ്ങള്‍ ആസ്വദിക്കാന്‍ നഗരത്തിലെ വിവിധ വേദികളിലെത്തിയത്.
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വിവിധ മാധ്യമങ്ങളുടെ ആഭിമുഖ്യത്തില്‍ നടന്ന മെഗാഷോകള്‍ ആബാലവൃദ്ധം ജനങ്ങളെയും ആവേശഭരിതരാക്കി. നിറപ്പകിട്ടാര്‍ന്ന നൃത്തങ്ങളും, പുതിയതും പഴയതുമായ ഗാനങ്ങളും ഹാസ്യ സ്‌കിറ്റുകളും കൊണ്ട് സമ്പന്നമായിരുന്നു ഏഴു കലാസന്ധ്യകളും. ഉത്രാട ദിനത്തില്‍ അവിയല്‍ മ്യൂസിക്കല്‍ ബാന്‍ഡ് മാനവീയം വീഥിയില്‍ അവതരിപ്പിച്ച വിസ്മയ പ്രകടനവും ശംഖുംമുഖത്ത് കുട്ടികള്‍ക്കായി നടത്തിയ കൈറ്റ് ഫെസ്റ്റും ഇത്തവണ ഏറെ ആകര്‍ഷകമായി. ഇതോടൊപ്പം വിവിധ വേദികളില്‍ അരങ്ങേറിയ ശാസ്ത്രീയ നൃത്തവും ഗാനമേളയും ശാസ്ത്രീയ സംഗീതവും വാദ്യമേളങ്ങളും കളരിപ്പയറ്റും ഗസലും കഥാപ്രസംഗവും കവിയരങ്ങും കഥാപ്രസംഗവും ഹാസ്യപരിപാടികളും എല്ലാം ചേര്‍ന്ന് ആഘോഷ സന്ധ്യകള്‍ക്ക് കൂടുതല്‍ ചാരുതയേകി.
https://www.facebook.com/Malayalivartha