ആശ്വസിക്കാം... സോളാര്‍ കേസില്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ പരാമര്‍ശങ്ങള്‍ നടത്തിയ ജസ്റ്റിസ് സതീഷ്‌ചന്ദ്രനേയും മോഹനനേയും മാറ്റി

സോളാര്‍ കേസുകള്‍ പരിഗണിക്കുന്ന ജഡ്ജിമാര്‍ക്ക് മാറ്റം. ജസ്റ്റിസ് സതീഷ് ചന്ദ്രനേയും വി.കെ. മോഹനനേയുമാണ് സോളാര്‍ കേസ് പരിഗണിക്കുന്നതില്‍ നിന്നും മാറ്റിയത്. ജാമ്യാപേക്ഷകള്‍ ജസ്റ്റിസ് സതീഷ് ചന്ദ്രന്റെ ബഞ്ചില്‍ നിന്നും ക്രിമിനല്‍ കേസുകള്‍ ജസ്റ്റിസ് വി കെ മോഹനന്റെ ബഞ്ചില്‍ നിന്നും മാറ്റി. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഇരുവരും നടത്തിയ പരാമര്‍ശങ്ങള്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. അതേസമയം, സോളാര്‍ കേസ് പരിഗണിക്കുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള എറണാകുളം അഡീഷണല്‍ സിജെഎം എന്‍ജി രാജുവിന്റെ അപേക്ഷ സിജെഎം കോടതി അംഗീകരിച്ചു.
അവധിക്കാലത്തിന് ശേഷം ജഡ്ജിമാരുടെ പരിഗണനാവിഷയങ്ങള്‍ മാറ്റുന്ന ചീഫ്ജസ്റ്റിസ് മഞ്ജുള ചെല്ലൂരിന്റെ നടപടിക്രമത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ തീരുമാനം. ജസ്റ്റിസ് സതീഷ് ചന്ദ്രനായിരുന്നു ഇതുവരെ ജാമ്യാപേക്ഷകളും മുന്‍കൂര്‍ ജാമ്യാപേക്ഷകളും പരിഗണിച്ചിരുന്നത്. ഇത് ജസ്റ്റിസ് തോമസ് പി ജോസഫിന്റെ ബെഞ്ചിലേക്ക് മാറ്റി. സോളാര്‍ കേസില്‍ പെട്ട ടെന്നി ജോപ്പന്റെയും ശാലു മേനോന്റെയും എ ഫിറോസിന്റെയും ജാമ്യാപേക്ഷയില്‍ വാദം കേട്ട് തീര്‍പ്പ് കല്‍പ്പിച്ചത് ജസ്റ്റിസ് സതീഷ് ചന്ദ്രനായിരുന്നു.
രശ്മി വധക്കേസില്‍ സോളാര്‍ തട്ടിപ്പ് കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ ജാമ്യാപേക്ഷ വിധി പറയുന്നതിനായി അദ്ദേഹം മാറ്റിവെച്ചിരിക്കുകയായിരുന്നു. ഈ ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്ന വേളയില്‍ അദ്ദേഹം നടത്തിയ നിരീക്ഷണങ്ങള്‍ സര്‍ക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു.
ക്രിമിനല്‍, പലവക കേസുകള്‍ ജസ്റ്റിസ് വി കെ മോഹനന്റെ ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് ഹാറൂണല്‍ റഷീദിന്റെ ബെഞ്ചിലേക്ക് മാറ്റി. മുഖ്യമന്ത്രിയുടെ ബന്ധുവും പേഴ്‌സണല്‍ സ്റ്റാഫെന്നും പരിചയപ്പെടുത്തിയവര്‍ പണം തട്ടിയെന്ന വ്യവസായി എം കെ കുരുവിളയുടെ ഹര്‍ജിയും മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍മാന്‍ സലിംരാജിനെതിരായ ഭൂമി തട്ടിപ്പ് കേസിലെ ഹര്‍ജിയും ജസ്റ്റിസ് വി കെ മോഹനന്‍ ആയിരുന്നു പരിഗണിച്ചിരുന്നത്. ഓണാവധിക്കു ശേഷം തിങ്കളാഴ്ച ഈ ഹര്‍ജികള്‍ ജസ്റ്റിസ് ഹാറൂണല്‍ റഷീദ് പരിഗണിക്കും.
സലിംരാജിന്റെ ഫോണ്‍വിളി രേഖകളും ഭൂമി ഇടപാട് രേഖകളും പിടിച്ചെടുക്കണമെന്ന ജസ്റ്റിസ് വി കെ മോഹനന്റെ ഉത്തരവിനെതിരെ അഡ്വക്കേറ്റ് ജനറല്‍ നേരിട്ട് ഹാജരായി ചീഫ്ജസ്റ്റിസിന്റെ ബെഞ്ചില്‍ നിന്ന് സ്റ്റേ വാങ്ങിയതും വിവാദമായിരുന്നു.
അതേസമയം സോളാര്‍ കേസ് പരിഗണിക്കുന്നതില്‍ നിന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എന്‍ വി രാജുവിനെ എറണാകുളം സിജെഎം നീക്കി. എന്‍ വി രാജുവിന്റെ അപേക്ഷ പ്രകാരമാണ് നടപടി. സരിതയുടെ മൊഴി രേഖപ്പെടുത്താത്തതിന് ഹൈക്കോടതി വിജിലന്‍സ് അന്വേഷണം നേരിടുകയാണ് നിലവിലെ എസിജെഎം എന്‍ വി രാജു. അദ്ദേഹത്തിനു പകരം എറണാകുളം അഡീഷണല്‍ സിജെഎം മനോജ് കേസുകള്‍ പരിഗണിക്കും.
https://www.facebook.com/Malayalivartha