പൂയപ്പള്ളി പ്രതികളെ ഏഴ് ദിവസത്തേയ്ക്ക് കസ്റ്റഡിയിൽ വിട്ടു; മുഖം ഷാൾ കൊണ്ട് മറച്ച് അനുപമയും, പത്മകുമാറും...
ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള അന്വേഷണ സംഘത്തിന്റെ അപേക്ഷ കോടതി പരിഗണിച്ചു. ഏഴ് ദിവസത്തേയ്ക്ക് പ്രതികളെ കസ്റ്റഡിയിൽ വിട്ടു. ഷാൾ കൊണ്ട് മുഖം മറച്ചായിരുന്നു അനുപമയ്ക്കും, അനിത കുമാരിയും കോടതിയിലേയ്ക്ക് എത്തിയത്. പ്രതികളെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയി. ദൂരവും സമയവും സംബന്ധിച്ച പൊലീസ് വാദം യോജിക്കുന്നില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
കേസിൽ മറ്റാർക്കെങ്കിലും ബന്ധമുണ്ടോ എന്ന് ചോദിക്കാൻ ഏഴ് ദിവസം എന്തിന്? പ്രതികളുടെ സാന്നിധ്യത്തിൽ കൂടുതൽ ശാസ്ത്രീയ തെളിവ് എടുക്കാൻ എന്നാണ് വാദം. എന്നാൽ തമിഴ്നാട്ടിലെത്തിക്കാൻ ഇത്രയും ദിവസം എന്തിനെന്നും പ്രതിഭാഗം അഭിഭാഷകൻ ചോദിച്ചു. അഡ്വ. അജി മാത്യു പണിക്കരാണ് അനിതയുടെയും അനുപമയുടെയും അഭിഭാഷക. അഡ്വ. സുഗുണനാണ് പത്മകുമാറിന്റെ അഭിഭാഷകൻ.
കൊല്ലം റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കേസില്‍ പത്മകുമാര്‍ ഒന്നാം പ്രതിയും ഭാര്യ അനിത രണ്ടാം പ്രതിയും മകൾ അനുപമ മൂന്നാം പ്രതിയുമാണ്. പ്രതികള്‍ക്ക് മേല്‍ തട്ടിക്കൊണ്ട് പോകല്‍ അടക്കം ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
നവംബർ 27ന് വൈകുന്നേരം നാലരയോടെയാണ് ഓയൂരിൽ വച്ച് ആറു വയസുകാരിയെ അജ്ഞാത സംഘം തട്ടികൊണ്ട് പോയെന്ന വാർത്ത പടർന്നത്. പിന്നീട് പോലീസ് വിപുലമായ അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. എന്നാൽ പ്രതികളിലേക്ക് പോലീസ് എത്തുന്നതിന് മുൻപ് തന്നെ കുട്ടിയെ ഈ സംഘം ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. പിന്നീട് നീലക്കാർ കേന്ദ്രീകരിച്ച് നടന്ന അന്വേഷണമാണ് പ്രതികളിലേക്ക് എത്താൻ പോലീസിനെ സഹായിച്ചത്.
കേസിൽ ഡിസംബർ ഒന്നിനാണ് പത്മകുമാറിനെയും ഭാര്യയെയും മകളെയും പോലീസ് പിടികൂടിയത്. കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ തെങ്കാശിക്ക് സമീപമുള്ള പുളിയറൈയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. പത്മകുമാറിനേയും കുടുംബത്തേയും പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളിലേക്ക് എത്താൻ കാരണമായത്. പത്ത് ലക്ഷം രൂപയ്ക്ക് വേണ്ടിയാണ് തട്ടിക്കൊണ്ട് പോയതെന്നാണ് പ്രതികളുടെ മൊഴി. പത്മകുമാറും കുടുംബവും സമാനമായ കുറ്റകൃത്യം നേരത്തെ ചെയ്തിട്ടുണ്ടോയെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കും.
അന്വേഷണ സംഘത്തലവനായ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എം.എം. ജോസ് പറഞ്ഞു. ഓയൂരിലെ കേസ് ഒഴികെ പ്രതികൾക്കെതിരെ മറ്റ് പരാതികൾ ലഭിച്ചിട്ടില്ല. ഇനിയുള്ള ചോദ്യം ചെയ്യലിൽ ഇതും ചോദിച്ചറിയും.
പിടിയിലാകുമ്പോൾ ലഭിച്ച പത്മകുമാറിന്റെ ഡയറിയിൽ നിന്ന് വിവിധ പ്രദേശങ്ങളിലെ റൂട്ട് മാപ്പുകൾ ലഭിച്ചിരുന്നു. അതിൽ ഏറ്റവും ഒടുവിലായിരുന്നു ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ പൂയപ്പള്ളി മുതൽ ചാത്തന്നൂർ വരെയുള്ള റൂട്ട് മാപ്പ്.
https://www.facebook.com/Malayalivartha