ചോദ്യം ചെയ്യലിനോട് മുഖം തിരിച്ച് പത്മകുമാർ:- അക്കര്യത്തിൽ പത്മകുമാറിനും അനിത കുമാരിയ്ക്കും പല അഭിപ്രായങ്ങൾ...
ഓയൂര്‍ തട്ടിക്കൊണ്ട് പോകല്‍ പ്രതികളുടെ ചോദ്യം ചെയ്യലില്‍ സുപ്രധാന വിവരങ്ങള്‍ പുറത്ത് വരുമ്പോള്‍ തന്നെ, മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് അന്വേഷണ സംഘം. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് റൂറല്‍ ക്രൈംബ്രാഞ്ച് സംഘം. പ്രതികളെ ഒറ്റയ്ക്കിരുത്തിയും ഒന്നിച്ചിരുത്തിയുമാണ് അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യല്‍. പോലീസിന് നല്‍കിയ ആദ്യ മൊഴിയില്‍ തന്നെ പ്രതികള്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണ്. ഒന്നാം പ്രതി കെ.ആര്‍. പദ്മകുമാര്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത് പണത്തിനു വേണ്ടിയെന്നാണ് അന്വേഷണ സംഘത്തോട് ആവര്‍ത്തിച്ചു പറയുന്നത്.
എന്നാൽ എന്ത് കടബാധ്യത തീർക്കാനായിരുന്നു എന്ന ചോദ്യത്തിന് പരസ്പ്പര വിരുദ്ധമായ ഉത്തരങ്ങളാണ് അനിത കുമാരിയും, പത്മകുമാറും നൽകുന്നത്. ഇവരെ മൂന്ന് പേരെയും ഒരുമിച്ച് തിരുത്തിയും ചോദ്യം ചെയ്യല്‍ ഉണ്ടായി. പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ചത് മുതല്‍ ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി ഏറെ വൈകിയും തുടര്‍ന്നിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം.ജോസിന്റെ ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍.
ഇവിടേയ്ക്ക് ഡിഐജി ആര്‍. നിശാന്തിനിയും വ്യാഴാഴ്ച വൈകുന്നേരം എത്തി. ഇവര്‍ ചില നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ശേഷമാണ് മടങ്ങിയത്. പ്രതികളുമായി ഇന്ന് തെളിവെടുപ്പ് തുടങ്ങി. പല വിലപ്പെട്ട വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിക്കേണ്ടത് ചാത്തന്നൂരിലെ വീട്ടില്‍ നിന്നാണ്. അതുകൊണ്ടുതന്നെ തെളിവെടുപ്പുകള്‍ അവിടെ നിന്നാണ് തുടങ്ങിയത്.
പ്രതികളെ എവിടെ കൊണ്ടുപോയാലും വന്‍ ജനക്കൂട്ടം എത്തുമെന്നത് കണക്കിലെടുത്താണ് തെളിവെടുപ്പ് സംബന്ധിച്ച കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ രഹസ്യമായി വയ്ക്കുകയാണ്. ശാസ്ത്രീയ തെളിവുകള്‍ അടക്കം ശേഖരിച്ച് ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തീകരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. പ്രതികളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡി അപേക്ഷയില്‍ വിശദമായ വാദമാണ് നടന്നത്.
ഇതില്‍ ചില നിര്‍ണായക വിവരങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. മറ്റ് പല കുട്ടികളെയും തട്ടിക്കൊണ്ടുപോകാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്നതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട് എന്നതാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞ ഏറ്റവും സുപ്രധാന വിവരം. പ്രതികളില്‍നിന്ന് പിടിച്ചെടുത്ത ബുക്കുകളിലും ഡയറികളിലും ഇതിന്റെ വിശദാംശങ്ങള്‍ ഉണ്ട്.
ഇങ്ങനെ ലക്ഷ്യമിട്ട കുട്ടികളുടെ താമസസ്ഥലം അടക്കം ഡയറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതികളില്‍നിന്ന് ലാപ്‌ടോപ്പുകളും നാല് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവയുടെ ശാസ്ത്രീയ പരിശോധനാ ഫലം കാക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം.
ഇതില്‍നിന്ന് നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചേക്കുമെന്ന പ്രതീക്ഷയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പങ്കുവയ്ക്കുന്നത്. ഇതിനിടെ പത്മകുമാര്‍ ചോദ്യം ചെയ്യലിനോട് പൂര്‍ണ തോതില്‍ സഹകരിക്കുന്നില്ല എന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നു.
https://www.facebook.com/Malayalivartha