ശബരിമല നിറഞ്ഞ് ഭക്തര്‍... ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ നടപ്പിലാക്കിയ തിരുപ്പതി മോഡല്‍ ക്യൂവിന്റെ പരീക്ഷണം വിജയമെന്ന് അവകാശപ്പെട്ടെങ്കിലും അതിലും രക്ഷയില്ല; ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്; നിയന്ത്രിക്കാന്‍ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പരിധി കുറച്ചു

ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ നടപ്പിലാക്കിയ തിരുപ്പതി മോഡല്‍ ക്യൂവിന്റെ പരീക്ഷണം കഴിഞ്ഞ ദിവസമാണ് വിജയിച്ചത്. ക്യൂ കോംപ്ലക്‌സുകളില്‍ പരമാവധി ആളുകളെ എത്തിച്ച് മുന്നോട്ട് കടത്തി വിടുന്ന രീതിയാണ് പരീക്ഷിച്ചത്. തിക്കിലും തിരക്കിലും പെടാതെ വിശ്രമിക്കാന്‍ അവസരം കിട്ടുന്നതോടെ തീര്‍ത്ഥാടകര്‍ക്കും ആശ്വാസമാണ് പുതിയ രീതി. പക്ഷെ വീണ്ടും ശബരിമലയില്‍ വന്‍ തിരക്കായി.
കഴിഞ്ഞ ഒരാഴ്ചയായി എഴുപതിനായിരത്തിലധികം ആളുകളാണ് പ്രതിദിനം ശബരിമല ദര്‍ശനം നടത്തുന്നത്. ഇതോടെയാണ് മരക്കൂട്ടത്തിനും ശരംകുത്തി ഇടയ്ക്കുള്ള ക്യൂ കോംപ്ലക്‌സുകളെ ഉപയോഗിക്കാന്‍ തുടങ്ങിയത്. പുതിയ രീതി പ്രകാരം ക്യൂ കോംപ്ലക്‌സുകളില്‍ ആളുകളെ പ്രവേശിപ്പിച്ച് അവിടെ നിന്ന് നിശ്ചിത എണ്ണം ആളുകളെയാണ് മുന്നോട്ട് കടത്തി വിടുന്നത്. ക്യൂ കോപ്ലക്‌സുകളില്‍ ഭക്തര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കി. വെള്ളവും ലഘുഭക്ഷണവും നല്‍കും.
തിരക്ക് കൂടിയതോടെ ശബരിമല ദര്‍ശനത്തിനായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പരിധി 80000 ആക്കി കുറച്ചു. നിലവില്‍ 90000 ആയിരുന്നു ബുക്കിംഗ് പരിധി. ബുക്കിംഗ് പരിധി 90000 ആയപ്പോള്‍ ഉണ്ടായ ക്രമാതീതമായ ഭക്തജന തിരക്ക് കണക്കിലെടുത്താണ് തീരുമാനം. സംസ്ഥാന സര്‍ക്കാരും ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സംയുക്തമായി നടത്തിയ കൂടിയാലോചനക്കൊടുവിലാണ് ബുക്കിംഗ് പരിധി കുറക്കാന്‍ തീരുമാനമായത്.
എന്നാല്‍ നേരത്തെ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളില്‍ അയ്യപ്പഭക്തര്‍ക്കായി സ്‌പോട്ട് ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ലെന്ന പ്രചാരണം വസ്തുതകള്‍ക്ക് നിരക്കാത്തതാണ്.
ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് നിലയ്ക്കല്‍ ,പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ബാത്ത് റൂം, ടോയിലറ്റ്, യൂറിനല്‍ സൗകര്യങ്ങള്‍, ബയോ ടോയ്ലറ്റുകള്‍ എന്നിവ തീര്‍ത്ഥാടകര്‍ എത്തുന്ന ഇടങ്ങളില്‍ ക്രമീകരിച്ചിരിക്കുന്നു. എല്ലായിടങ്ങളിലും കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. യഥാസമയം വൈദ്യസഹായം ലഭ്യമാക്കുന്നു. അയ്യപ്പഭക്തരുടെ തിരക്ക് നിയന്ത്രിച്ച് ഭക്തര്‍ക്ക് സുഗമമായ ദര്‍ശന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി മരക്കൂട്ടത്ത് ക്യൂ കോംപ്ലെക്‌സില്‍ ദേവസ്വം ബോര്‍ഡ് ആരംഭിച്ച ഡയനാമിക് ക്യൂ സിസ്റ്റം പൂര്‍ണ്ണമായും പ്രവര്‍ത്തിച്ചു വരുന്നു.
പ്രതികൂല കാലാവസ്ഥയിലും ഭക്തര്‍ക്ക് ഡയനാമിക് ക്യൂ സിസ്റ്റം അനുഗ്രഹമായി മാറുകയാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പൊലീസിന് ഭക്തജനതിരക്ക് നിയന്ത്രിക്കാന്‍ പുതിയ ക്യൂ സിസ്റ്റം സഹായകരമായി. ചുക്കുവെള്ളം, ബിസ്‌ക്കറ്റ് ഇവയൊക്കെ എല്ലാ ക്യൂ കോംപ്ലെക്‌സുകളും ഭക്തര്‍ക്ക് യഥേഷ്ടം നല്‍കി വരുന്നു.
നടപ്പന്തലിലും കുടിവെള്ള വിതരണവും ബിസ്‌ക്കറ്റ് വിതരണവും ഭക്തര്‍ക്ക് ആശ്വാസം പകരുന്നുണ്ട്. പതിനെട്ടാം പടി കയറിയെത്തുന്ന ഭക്തര്‍ക്ക് നല്ല രീതിയില്‍ അയ്യപ്പ ദര്‍ശനം സാധ്യമാകുന്നുണ്ട്. ഭക്തര്‍ക്കായി മൂന്നു നേരവും അന്നദാനവും നല്‍കുന്നുണ്ട്. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുമായി ചേര്‍ന്ന് എല്ലാ തരത്തിലും അയ്യപ്പ ഭക്തര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി നല്‍കിക്കൊണ്ടാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്നോട്ടു പോകുന്നതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വ്യക്തമാക്കി.
ശബരിമലയില്‍ തിരക്കു നിയന്ത്രിക്കാനുള്ള നടപടികള്‍ ഉറപ്പാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. അവധി ദിവസം സ്‌പെഷല്‍ സിറ്റിങ് നടത്തിയാണു സന്നിധാനം ചീഫ് പൊലീസ് കോഓര്‍ഡിനേറ്റര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്‌പെഷല്‍ ഓഫിസര്‍, സ്‌പെഷല്‍ കമ്മിഷണര്‍ ഓഫിസിലെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ട് എന്നിവര്‍ക്കു ദേവസ്വം ബെഞ്ച് ഈ നിര്‍ദേശം നല്‍കിയത്.
ദര്‍ശനസമയം ഒന്നോ രണ്ടോ മണിക്കൂര്‍ കൂട്ടാനാവുമോയെന്നു തന്ത്രിയോടു ചോദിച്ചറിയാന്‍ ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി.അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. നിലവില്‍ ദര്‍ശന സമയം പുലര്‍ച്ചെ 3 മുതല്‍ ഉച്ചയ്ക്ക് 1 വരെയും 4 മുതല്‍ 11 വരെയുമായി 17 മണിക്കൂറാണ്. ഇതു കൂട്ടാനാവില്ലെന്നു തന്ത്രി അറിയിച്ചതായി ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. ഇത് കൂട്ടാനാകുമോയെന്ന് പരിശോധിക്കുകയാണ്.
"
https://www.facebook.com/Malayalivartha