വീണ്ടും കടുവാപ്പേടി... യുവാവിന്റെ ദാരുണ മരണത്തിനിടയാക്കിയ കടുവയെ പിടികൂടാന്‍ വനംവകുപ്പ്; ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്; വയനാട്ടില്‍ എട്ടുവര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് ഏഴുപേര്‍, ഈ വര്‍ഷം മാത്രം രണ്ടുപേര്‍
വീണ്ടും കടുവ പേടിയിലാണ് നാട്ടുകാര്‍. ജനവാസമേഖലയില്‍ വീണ്ടും കടുവയുടെ ആക്രമണം വലിയ പേടിയാണ് ഉണ്ടാക്കുന്നത്. വയനാട്ടില്‍ എട്ടുവര്‍ഷത്തിനിടെ ഏഴുപേരാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഈ വര്‍ഷം മാത്രം രണ്ട് മനുഷ്യ ജീവനുകള്‍ കടുവയെടുത്തു.
ഇന്നലെയാണ് ഒടുവിലായി വാകേരി സ്വദേശി പ്രജീഷ് കടുവയുടെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. 2015 മുതലാണ് കടുവയെടുത്ത മനുഷ്യ ജീവിന്റെ കണക്ക്, രേഖകള്‍ സഹിതം വനംവകുപ്പ് സൂക്ഷിക്കാന്‍ തുടങ്ങിയത്. 2015ന് മുമ്പും കടുവ ആക്രമണത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെങ്കിലും ഇതിന്റെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ല.
2015ല്‍ മാത്രം വയനാട്ടില്‍ മൂന്നുപേര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 2015 ഫെബ്രുവരി 10ന് നൂല്‍പ്പുഴ പഞ്ചായത്തിലെ മുക്കുത്തിക്കുന്ന് സ്വദേശി ഭാസ്‌കരനും പിന്നീട് ഇതേ വര്‍ഷം ജൂലൈയില്‍ കുറിച്യാട് വനഗ്രാമത്തിലെ ബാബുരാജും കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
2015 നവംബറില്‍ തോല്‍പ്പെട്ടി റേഞ്ചിലെ വനം വാച്ചര്‍ കക്കേരി കോളനിയിലെ ബസവയാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പിന്നീട് നാലു വര്‍ഷം കഴിഞ്ഞാണ് വയനാട്ടില്‍ മറ്റൊരു കടുവ ആക്രമണത്തില്‍ മരണം റിപ്പോര്‍ട്ടു ചെയ്തത്. 2019 ഡിസംബര്‍ 24ന് സുല്‍ത്താന്‍ ബത്തേരി പച്ചാടി കാട്ടുനായ്ക്ക കോളനിയിലെ ജഡയന്‍ വിറക് ശേഖരിക്കാന്‍ പോയതായിരുന്നു. പക്ഷേ തിരിച്ചു വന്നില്ല. തിരഞ്ഞു പോയവര്‍ ജഡയന്റെ ചേതനയറ്റ മൃതദേഹമാണ് കണ്ടത്. കടുവയുടെ ആക്രമണത്തില്‍ മാരകമായി മുറിവേറ്റ് ,ശരീര ഭാഗങ്ങള്‍ വേര്‍പ്പെട്ട നിലയിലായിരുന്നു മൃതദേഹം.
തൊട്ടടുത്ത വര്‍ഷം ജൂണ്‍ 16ന് വീണ്ടും കടുവ മനുഷ്യനെ പിടിച്ചു. അന്ന് പുല്‍പ്പള്ളി ബസവന്‍ കൊല്ലി കോളനിയിലെ ശിവകുമാര്‍ ആണ് കൊല്ലപ്പെട്ടത്. വിറകു ശേഖരിക്കാന്‍ പോയപ്പോഴാണ് കടുവ കടിച്ചു കീറിയത്. 2023ല്‍ കടുവ രണ്ടുപേരെ കൊന്നു. രണ്ടു സംഭവവും വനത്തിന് പുറത്താണ് സംഭവിച്ചത്. ഈ വര്‍ഷം ആദ്യം ജനുവരിയിലാണ് പുതുശ്ശേരി വെള്ളാംര കുന്ന് സ്വദേശി തോമസിനെ കടുവ ആക്രമിച്ചത്. ഒടുവിലായി കടുവയുടെ ആക്രമണത്തില്‍ പൊലിഞ്ഞത് ഇന്നലെ മരിച്ച വാകേരി സ്വദേശി പ്രജീഷ്. ഈ പട്ടികയിലേക്ക് മറ്റൊരു പേരും വരാതിരിക്കണമെങ്കില്‍ കാടിറങ്ങി കടുവകള്‍ ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്നതിന് ശാശ്വത പരിഹാരമുണ്ടായേ തീരു.
അതേസമ.#ം സുല്‍ത്താന്‍ ബത്തേരി വാകേരിയില്‍ കടുവയുടെ ആക്രമണത്തില്‍ മരിച്ച കൂടല്ലൂര്‍ സ്വദേശി പ്രജീഷിന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യും. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടത്തിനുള്ള ക്രമീകരണം ഒരുക്കിയിട്ടുള്ളത്. അതിനുശേഷമാകും സംസ്‌കാരം അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം ഉണ്ടാവുക. ഇന്നലെ രാവിലെ 11 മണിയോടെയാണ് പാടത്ത് പുല്ലരിയാന്‍ പ്രജീഷ് പോയത്. എന്നാല്‍, വൈകിട്ട് പാലളക്കുന്ന സമയമായിട്ടും പ്രജീഷ് തിരിച്ചെത്തിയില്ല. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് കടുവയെ പിടികൂടണം എന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും. കടുവയ്ക്കായി കെണിവയ്ക്കാനാണ് സാധ്യത കൂടുതല്‍. അതിന് പുറമെ, കടുവയുടെ കാല്‍പ്പാടുകള്‍ നോക്കി, വനംവകുപ്പിന്റെ തെരച്ചിലും ഉണ്ടാകും. പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയതിനാല്‍ തന്നെ പ്രദേശത്ത് ജനങ്ങള്‍ വലിയ ഭീതിയിലാണ്. നരഭോജി കടുവയാണെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. സംഭവത്തെതുടര്‍ന്ന് ഇന്നലെ രാത്രി ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, ഡിഎഫ്ഒ ഷജ്‌ന കരീം തുടങ്ങിയവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു.
കടുവയെ നരഭോജിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കാനും കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കാനും മേഖലയിലെ വനാതിര്‍ത്തിയില്‍ ടൈഗര്‍ ഫെന്‍സിങ് സ്ഥാപിക്കാനും യോഗത്തില്‍ ധാരണയായിരുന്നു. കാട് വെട്ടി തെളിക്കാന്‍ സ്വകാര്യ വ്യക്തികളായ ഭൂ ഉടമകള്‍ക്ക് നിര്‍ദേശം നല്‍കാനും കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ട് നോര്‍ത്ത് സിസിഎഫിന് കൈമാറാനും ധാരണയായിരുന്നു. കടുവയെ വെടിവെച്ചു കൊല്ലാന്‍ ഉത്തരവിറക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
"
https://www.facebook.com/Malayalivartha