തെളിവെടുപ്പിനു മുന്നോടിയായി ഫൊറൻസിക് വിദഗ്ധർ വീട്ടിലും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിലും പരിശോധന നടത്തി....ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എംഎം ജോസിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്...
ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളുമായി ക്രൈം ബ്രാഞ്ചിൻ്റെ തെളിവെടുപ്പ്. പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിത രാജിൽ കെആർ പത്മകുമാർ (52), ഭാര്യ എംആർ അനിതകുമാരി (45), മകൾ പി അനുപമ (20) എന്നിവരെ ചാത്തന്നൂരിലെ ഇവരുടെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിനു മുന്നോടിയായി ഫൊറൻസിക് വിദഗ്ധർ വീട്ടിലും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിലും പരിശോധന നടത്തി.
ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എംഎം ജോസിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. പ്രതികളെ എത്തിക്കുമെന്ന വിവരമറിഞ്ഞതോടെ നിരവധി പേർ ഇവിടേക്ക് എത്തിയിരുന്നു. പോലീസ് കയർകെട്ടിയാണ് ആളുകളെ നിയന്ത്രിച്ചത്. ആദ്യം പത്മകുമാറിനെയാണ് പോലീസ് വാഹനത്തിൽനിന്ന് പുറത്തിറക്കിയത്. പിന്നാലെ അനിതാകുമാരിയെയും അനുപമയെയും പുറത്തിറക്കി.
പത്മകുമാറിന് ഭാവഭേദങ്ങളില്ലായിരുന്നു. കൈകെട്ടിയായിരുന്നു നിൽപ്പ്. അനിതാകുമാരിയുടെയും അനുപമയുടെയും തല മറച്ചായിരുന്നു പോലീസ് എത്തിച്ചത്. ആറു വയസ്സുകാരിയെ തട്ടിയെടുത്ത ശേഷം പാർപ്പിച്ചത് ഇതേ വീട്ടിലായിരുന്നു. കുട്ടിയെ തട്ടിയെടുത്ത ദിവസത്തെ സംഭവങ്ങൾ വീടിനുള്ളിൽ പുനരാവിഷ്കരിച്ചു.
രാവിലെ 11.30 ഓടെ ആരംഭിച്ച തെളിവെടുപ്പ് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ അവസാനിച്ചു. വാഹനത്തിനായി വ്യാജ നമ്പർ പ്ലേറ്റ് നിർമിച്ച സ്ഥലത്തും കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ഥലത്തും ക്രൈം ബ്രാഞ്ച് തെളിവെടുപ്പ് നടത്തും. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ ചാത്തന്നൂരിലെ വീട്ടിൽനിന്ന് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാർ കേന്ദ്രീകരിച്ചു വിശദമായ ശാസ്ത്രീയ പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.
https://www.facebook.com/Malayalivartha