ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നു, ഡാം എപ്പോള്‍ വേണമെങ്കിലും തുറന്നു വിട്ടേയ്‌ക്കും, ദുരന്ത നിവാരണ സേനയും രംഗത്ത്

ഒരുജനതയ്‌ക്ക്‌മേല്‍ ആശങ്കകളുടെ തീകോരിയിട്ട് ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമാതീതമായി കൂടുകയാണ്. ഏത് നിമിഷം വേണമെങ്കിലും ഡാം തുറന്നുവിടും. 21 വര്‍ഷത്തിന് ശേഷം ആണ് ഇടുക്കി അണക്കെട്ടില്‍ ഇത്രയേറെ ജലനിരപ്പ് ഉയരുന്നത്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് കനത്തമഴയും നീരൊഴുക്കും തുടരുകയാണ്. 2403 അടിയാണ് അണക്കെട്ടിന്റെ സംഭരണ ശേഷി. സംഭരണ ശേഷിയുടെ 97.67 ശതമാനം ജലം നിറഞ്ഞ് കഴിഞ്ഞു. ആലത്തോട്, പമ്പാ ഡാമുകള്‍ പൂര്‍ണമായും തുറന്നുവിട്ടതിനെ തുടര്‍ന്ന് പമ്പാ മണല്‍ തീരം പൂര്‍ണമായി മുങ്ങി. ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടകര്‍ കുടുങ്ങിക്കിടക്കുകയാണ്.
ഇടുക്കി ഡാമിലെ ജലനിരപ്പ് 2402.1 അടിയായാല്‍ ഡാം തുറന്ന് വിടുമെന്ന് ചീഫ് എഞ്ചിനിയര്‍ കെ കറുപ്പന്‍കുട്ടിയുടെ നേതൃത്വത്തിലുളള സംഘം വ്യക്തമാക്കി. നിലവില്‍ 2401.39 അടിയാണ് ജലനിരപ്പ്. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 2403 അടിയാണ്. ക്രമാതീതമായി ജലനിരപ്പുയര്‍ന്ന സാഹചര്യത്തില്‍ അണക്കെട്ട് വിഭാഗം ചീഫ് എഞ്ചിനിയര്‍ കെ കറുപ്പന്‍കുട്ടിയുടെ നേതൃത്വത്തിലുളള സംഘം ഇടുക്കി ചെറു തോണി അണക്കെട്ടുകള്‍ സന്ദര്‍ശിച്ചാണ് തീരുമാനം അറിയിച്ചത്.
എന്നാല്‍ ജലനിരപ്പ് ഉയര്‍ന്നാലും രാത്രിയില്‍ ഡാം തുറന്നു വിടില്ലെന്ന് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. രാത്രിയില്‍ ഡാം തുറക്കേണ്ട സാഹചര്യം വന്നാല്‍ പകല്‍ സമയത്ത് ഡാം തുറന്നു വിടുമെന്നും ആര്യാടന്‍ വ്യക്തമാക്കി.
അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ദുരന്ത നിവാരണ സേന എത്തും. ചെറുതോണി അണക്കെട്ട് തുറക്കേണ്ടി വന്നാല്‍ സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനാണ് ആര്‍ക്കോണത്തു നിന്നും ഒരു കമ്പനി സേന എത്തുന്നത്. കൂടാതെ ഇടുക്കി ജില്ലയിലെ മുഴുവന്‍ പോലീസ് സേനയോടും അഗ്നിശമന സേനയോടും സജ്ജരാകാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha