കോടതി 15 ദിവസത്തേക്ക് തിഹാര്‍ ജയിലില്‍ അടച്ച സാഹചര്യത്തില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് രാജിവയ്‌ക്കേണ്ടിവന്നേക്കും.... ഇതുവരെ ഇ ഡിയുടെ കസ്റ്റഡിയിലായിരുന്നു കേജ്‌രിവാള്‍...
കോടതി 15 ദിവസത്തേക്ക് തിഹാര്‍ ജയിലില്‍ അടച്ച സാഹചര്യത്തില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് രാജിവയ്‌ക്കേണ്ടിവന്നേക്കും. ഇതുവരെ ഇ ഡിയുടെ കസ്റ്റഡിയിലായിരുന്നു കേജ്‌രിവാള്‍. കസ്റ്റഡിയില്‍ ഇരുന്ന് ദുരൂഹ സാഹചര്യത്തില്‍, ഉത്തരവുകള്‍ ഇറക്കി ഭരിക്കുകയായിരുന്നു ദല്‍ഹി മുഖ്യമന്ത്രി. ഇനി അത് സാധ്യമാണോയെന്ന് നിയമജ്ഞര്‍ തന്നെ സംശയം ഉന്നയിക്കുന്നു.
പതിനഞ്ചു ദിവസത്തേക്കാണ് കേജ്‌രിവാളിനെ തിഹാര്‍ ജയിലില്‍ അടച്ചിരിക്കുന്നത്. ഇത്രയും ദിവസം ദല്‍ഹിക്ക് മുഖ്യമന്ത്രി ഇല്ലാതിരിക്കുക സാധ്യമല്ല. ഉപമുഖ്യമന്ത്രിയില്ല, ചുമതല ആരെയും ഏല്‍പ്പിച്ചിട്ടുമില്ല. മുഖ്യമന്ത്രിയുടെ രാജിതേടി ബിജെപി സമരം ശക്തമാക്കുകയുമാണ്. ഭരണ പ്രതിസന്ധിയിലേക്ക് സംസ്ഥാനം നീങ്ങുന്ന സാഹചര്യത്തില്‍ രാജി അനിവാര്യമെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ലോക്‌സഭയിലേക്കുള്ള ഒന്നാം ഘട്ട വോട്ടെടുപ്പിന് ഇനി കൃത്യം 18 ദിവസം മാത്രം. പതിനഞ്ചാം തീയതിയാണ് ജുഡീഷ്യല്‍ കസ്റ്റഡി തീരുന്നത്. ഇത് നീട്ടാനുള്ള സാധ്യതയാണ് കൂടുതല്‍. നീട്ടിയില്ലെങ്കില്‍ പോലും ആദ്യ ഘട്ട പ്രചാരണത്തിനിറങ്ങാന്‍ കേജ്‌രിവാളിന് സാധിക്കില്ല. ദല്‍ഹിയില്‍ മെയ് 25നാണ് വോട്ടെടുപ്പ്. അപ്പോഴേക്കും ഒരു പക്ഷെ പുറത്തുവരാന്‍ സാധിച്ചേക്കാം, ഉറപ്പില്ല. മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇതേ അഴിമതിക്കേസില്‍ മാസങ്ങളായി ജയിലിലാണ്.
അറസ്റ്റിലായി ദിവസങ്ങളായിട്ടും കോടതിയില്‍ നിന്ന് ഒരാശ്വാസവും കേജ്‌രിവാളിന് ലഭിച്ചില്ല. അതായത് കേസില്‍ കഴമ്പുണ്ടെന്ന് കോടതി കരുതുന്നു. ഈ സാഹചര്യത്തില്‍ കേജ്‌രിവാളിന്റെ പ്രഭാവവും പ്രചാരണവും മങ്ങും.
കേജ്‌രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീളുക കൂടി ചെയ്താല്‍ പടക്കളത്തില്‍ ക്യാപ്റ്റന്‍ ഇല്ലാത്ത അവസ്ഥയിലാകും ആപ്പ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുക. അഴിമതി രഹിതനെന്നു വീമ്പിളക്കി അഴിമതിയുടെ ചെളിക്കുണ്ടില്‍ വീണതോടെ പൊരുതാനുള്ള ധാര്‍മ്മികതയും കേജ്‌രിവാളിന് നഷ്ടപ്പെട്ടു.
ഡൽഹിയിൽ രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം ശക്തമാക്കി ബിജെപി സംസ്ഥാന ഘടകം. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് ലഫ്റ്റനന്റ് ഗവർണർക്ക് ബിജെപി കത്ത് നൽകി. വിഷയത്തിൽ എല്ലാ വശവും പരിശോധിച്ച് തീരുമാനമെടുക്കുമെന്നാണ് കേന്ദ്രം അറിയിക്കുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കോടതി റിമാൻഡ് ചെയ്ത പശ്ചാത്തലത്തിലാണ് ഇത്. മുഖ്യമന്ത്രി ജയിലിലിരുന്ന് ഭരിക്കുന്നത് പ്രതിസന്ധിയാണെന്ന് ബിജെപി പറയുന്നു. രാഷ്ട്രപതി ഭരണത്തിന് ലഫ്റ്റന്റ് ഗവർണ്ണർ ശുപാർശ ചെയ്‌തേയ്ക്കും.
സർക്കാരിനെ രാഷ്ട്രപതി പുറത്താക്കിയാൽ ആംആദ്മിയും ബദൽ ചിന്തകളിലേക്ക് കടക്കും. നിയമസഭയെ അസാധുവാക്കാൻ രാഷ്ട്രപതി മുതിരില്ലെന്നും വിലയിരുത്തലുണ്ട്. അങ്ങനെ വന്നാൽ മറ്റൊരാളെ ആംആദ്മി മുഖ്യമന്ത്രിയാക്കും. അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ നേതൃത്വം ഏറ്റെടുക്കുമെന്നാണ് സൂചന. അതിനിടെ മദ്യ നയകേസിൽ കെജ്രിവാൾ കൈക്കൂലി ചോദിച്ചെന്നാണ് ഇഡി പറയുന്നത്. ഇന്ന് ഹൈക്കോടതിയിൽ ഇഡി റിപ്പോർട്ട് സമർപ്പിക്കും. ഹൈക്കോടതി നിഗമനങ്ങൾ ആ കേസിൽ നിർണ്ണായകമാകും. ഇതു കൂടി മനസ്സിലാക്കിയാകും ഡൽഹിയിലെ രാഷ്ട്രപതി ഭരണത്തിൽ തീരുമാനം വരിക.
ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട കെജ്രിവാളിനെ ഇന്നലെ തീഹാർ ജയിലിലേക്ക് മാറ്റിയിരുന്നു. 15 ദിവസത്തേക്കാണ് കെജ്രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഇതിനിടെ മദ്യനയക്കേസിൽ കെജ്രവാളിനെ സിബിഐ കസ്റ്റഡിയിലെടുക്കാനുള്ള അപേക്ഷ ഉടൻ നൽകുമെന്നാണ് വിവരം. മന്ത്രിമാരായ അതിഷിയും സൗരഭ് ഭരദ്വാജുമാണ് പ്രതികളിലൊരാളായ വിജയ് നായരുമായി ബന്ധപ്പെട്ടതെന്ന് കെജ്രിവാൾ പറഞ്ഞതായി ഇഡി കോടതിയിൽ അവകാശപ്പെട്ടിരുന്നു. ഇതിനിടെ കേസ് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തൽ ഇന്ന് നടത്തുമെന്ന് മന്ത്രി അതിഷി വ്യക്തമാക്കി.
https://www.facebook.com/Malayalivartha