സംസ്ഥാനത്ത് ഇന്ന് 85 മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങും:- മൊബൈൽ ടവറുകളിലും സർക്കാർ കെട്ടിടങ്ങളിലും സൈറൺ മുഴങ്ങും:- തിരുവനന്തപുരം ജില്ലയിലെ എട്ട് സ്ഥലങ്ങളിൽ മുന്നറിയിപ്പ്...
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള ‘കവചം’ സംവിധാനത്തിന്റെ പ്രവർത്തനം പരീക്ഷിക്കാൻ സംസ്ഥാനത്ത് ഇന്ന് 85 മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങും. പരീക്ഷണമായതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അതോറിറ്റി അറിയിച്ചു. പ്രകൃതി ദുരന്തങ്ങളുണ്ടാവുന്ന സാഹചര്യങ്ങളിൽ മുന്നറിയിപ്പ് നൽകാനാണ് ‘കവചം’ എന്ന പേരിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സൈറണുകൾ സ്ഥാപിച്ച് പ്രവർത്തന സജ്ജമാക്കുന്നത്. ഇതിന് പുറമെ ഫ്ലാഷ് ലൈറ്റുകളും സ്ഥാപിക്കുന്നുണ്ട്. മൊബൈൽ ടവറുകളിലും സർക്കാർ കെട്ടിടങ്ങളിലുമൊക്കെ സൈറണുകൾ സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാന കൺട്രോൾ റൂമുകൾക്ക് പുറമെ പ്രാദേശിക ഭരണകൂടങ്ങൾക്കും ഇതിലൂടെ അപായ മുന്നറിയിപ്പുകൾ നൽകാൻ സാധിക്കും.
സംസ്ഥാന തലത്തിൽ സ്ഥാപിച്ച 85 സൈറണുകളുടെ പ്രവർത്തന പരീക്ഷണമാണ് ഇന്ന് നടക്കുന്നത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ എട്ട് സ്ഥലങ്ങളിൽ സ്ഥാപിച്ച സൈറണുകൾ രാവിലെ മുതൽ പല സമയങ്ങളിലായി മുഴങ്ങും.ഗവൺമെന്റ് എച്ച്.എസ്.കരിക്കകം, ഗവൺമെന്റ് വി.എച്ച്.എസ്.എസ്. കല്ലറ, ഗവൺമെന്റ് യു.പി.എസ്, കിഴുവില്ലം, ഗവൺമെന്റ് യു.പി.എസ് വെള്ളറട, ഗവൺമെന്റ് എച്ച്.എസ്.എസ് കാട്ടാക്കട, ഗവൺമെന്റ് വി. എച്ച്. എസ്. എസ്. പൂവാർ, മിനി ഓഡിറ്റോറിയം, പൊഴിയൂർ, ഗവൺമെന്റ് എച്ച്.എസ്.എസ്. വിതുര എന്നിവിടങ്ങളിലാണ് ജില്ലയിൽ സൈറണുകൾ സ്ഥാപിച്ചിട്ടുള്ളത്. പരീക്ഷണമായതിനാൽ സൈറണുകൾ മുഴങ്ങുമ്പോൾ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
അതേ സമയം സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത ഉണ്ട്. ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കണ്ണൂരും കാസർകോടും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. ശക്തമായ കാറ്റോടും ഇടിയോടും കൂടിയ മഴയ്ക്കും കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിന് വിലക്കുണ്ട്. മറാത്തവാഡയ്ക്ക് മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. നാളെയും കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ 10-മുതൽ 12- വരെ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലായെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 10-മുതൽ 12-വരെ: കേരള – കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് നൽകിയ മുന്നറിയിപ്പ്.
വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറിത്താമസിക്കണം. മത്സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കി വെക്കണം.
അതുപോലെ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ നദികള്‍ മുറിച്ചുകടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടില്ല. ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടില്ല. അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് തയാറെടുപ്പുകള്‍ നടത്തണം. അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കണം. മലയോര മേഖലയിലേക്കുള്ള രാത്രിസഞ്ചാരം പൂര്‍ണമായി ഒഴിവാക്കണം. കാറ്റില്‍ മരങ്ങള്‍ കടപുഴകിയും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ ശ്രദ്ധിക്കണം.
https://www.facebook.com/Malayalivartha