ഇമ്മാതിരി നാറിയ വര്‍ത്താനം വേണ്ട;പിണറായിയെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഎം,മുഖ്യന്റെ ഡിക്ഷണറി കത്തിക്കാന്‍ നേതാക്കള്‍ കച്ചകെട്ടി ഇറങ്ങി,കുലംകുത്തി മുതല്‍ വിവരദോഷി വരെ എട്ടിന്റെ പണിയായി,പാര്‍ട്ടിയെ പ്രതിസന്ധിയില്‍ തള്ളിവിടുന്നത് കാരണഭൂതന്‍ തന്നെ

പിണറായി എവിടൊക്കെ ചെന്ന് വാ തുറന്നിട്ടുണ്ടോ അവിടെല്ലാം സിപിഎമ്മിന്റെ തലതെറിച്ചിട്ടുണ്ട്. ഇനി വാ തുറന്ന് വല്യ വര്‍ത്താനം പറഞ്ഞാല്‍ തൂക്കി പുറത്തിടും. പിണറായിസം ചുരുട്ടിക്കൂട്ടി മൂലയില്‍ ഒതുക്കാന്‍ തന്നെയാണ് സിപിഎമ്മിലെ ഒരുകൂട്ടരുടെ തീരുമാനം. പിണറായിക്ക് പ്രത്യേക ഡിക്ഷണറി ഉണ്ട്. അതിലെ പദപ്രയോഗങ്ങള്‍ മൂപ്പര് എവിടെക്കൊണ്ട് ഇറക്കിയാലും സിപിഎം തോല്‍ക്കും അത് അച്ചട്ടാ. ആദ്യം പിണറായീടെ ഡിക്ഷണറിയാണ് കത്തിക്കേണ്ടത്. അതിന് ഇറങ്ങിയിരിക്കുകയാണ് പാര്‍ട്ടി സെക്രട്ടറി. ആരും വിമര്‍ശനത്തിന് അതീതരല്ലെന്ന് നാഴികയ്ക്ക് നാല്‍പ്പത് വട്ടം മേനി പറയുമ്പോഴും ഈ പറഞ്ഞ കാര്യം തനിക്ക് ബാധകമല്ലെന്ന മട്ടാണ് പിണറായിക്ക്.
പാര്‍ട്ടി പ്രതിസന്ധിഘട്ടങ്ങളില്‍ വന്നപ്പോഴൊക്കെ അതിന്റെ കാരണഭൂതനായി പിണറായി ഉണ്ടാകാറുണ്ടെന്നതാണ് വസ്തുത. പിണറായിയുടെ ഭാഷാ പ്രയോഗം തന്നെയാണ് ഇതിന് കാരണവും. പക്ഷെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയും മുഴുവന്‍ പാര്‍ട്ടി തന്നെ അതിന്റെ പേരില്‍ ജനങ്ങളില്‍ നിന്ന് അകലുകയും ചെയ്യുന്ന സാഹചര്യത്തില്‍ അണികളില്‍ നിന്ന് പോലും നേതൃത്വത്തിന് വിമര്‍ശനം നേരിട്ടുതുടങ്ങിയിട്ടുണ്ട്. പാര്‍ട്ടിയുടെ ഏറ്റവും വലിയ ശക്തിയായി എന്നും പറയുന്ന അണികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല. മേല്‍ഘടകങ്ങളും കുഴങ്ങുകയാണ്.
ഇടതുപക്ഷത്തിനൊപ്പം അടിയുറച്ചു നില്‍ക്കുന്ന യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയില്‍ പാര്‍ട്ടി നേതാക്കളിലും അണികള്‍ക്കിടയിലും അമര്‍ഷം ശക്തമാവുകയാണ്. മുഖ്യമന്ത്രിയുടേത് വാവിട്ട വാക്കാണെന്നാണ് പൊതുവില്‍ നേതാക്കള്‍ വിലയിരുത്തുന്നത്. പൊതുവേ എല്ലാക്കാര്യത്തിലും പിണറായിയെ അന്ധമായി പിന്തുണയ്ക്കുന്ന സൈബര്‍ സഖാക്കളും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയെ കൈവിട്ട മട്ടാണ്. തങ്ങളുടെ പക്ഷത്തു നിന്നുള്ള ഒരു വ്യക്തി വിമര്‍ശനം ഉന്നയിക്കുമ്പോള്‍ അതിനെ പരിശോധിക്കുന്നതിന് പകരം പൊതുസമൂഹത്തില്‍ അവഹേളിക്കുന്ന വിധത്തില്‍ പരാമര്‍ശം എന്തിനു നടത്തി എന്നതാണ് ചോദ്യം.
കുലംകുത്തികള്‍ കടക്കുപുറത്ത്
പിണറായിയുടെ വാവിട്ട വാക്കിന്റെ നിരതന്നെ കേരളരാഷ്ട്രീയത്തില്‍ ചര്‍ച്ചവിഷയമാണ്. 2012 മെയ് നാലിന് ആര്‍.എംപി നേതാവ് ടി.പി ചന്ദ്രശേഖരന്‍ കൊല ചെയ്യപ്പെട്ടപ്പോള്‍ അന്നത്തെ സിപിഎം. സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ തന്റെ അണികളെ അഭിസംബോധനചെയ്തു സംസാരിക്കുമ്പോഴായിരുന്നു 'കുലം കുത്തികള്‍ എന്നും കുലം കുത്തികള്‍ തന്നെ' എന്നു പ്രയോഗം. അതോടെ കേരള രാഷ്ട്രീയത്തിലെ ഒഴിച്ചുകൂടാനാവാത്ത പദമായി മാറി കുലംകുത്തി എന്നത്. ആവശ്യത്തിനും അനാവശ്യത്തിനും കുലംകുത്തി നിരന്തരമായി ഉപയോഗിക്കപ്പെട്ടു. ആരുടെയൊക്കെയോ അഭിമാനം വ്രണപ്പെട്ടു, ചിലര്‍ പരിഹസിക്കപ്പെട്ടു. ടി.പിയുടെ ഭാര്യ രമയെ ആശ്വസിപ്പിക്കാന്‍ പോയ വി എസ്സിന്റെ നെഞ്ചിലേക്കും കൂടിയായിരുന്നു ആ വാക്കിന്റെ മൂര്‍ച്ച വന്നുപതിച്ചത്.
പിന്നാലെയെത്തിയ വാക്കായിരുന്നു 'കടക്ക് പുറത്ത്' എന്നത്.സിനിമയിലെ മാസ് ഡയലോഗിനെ വെല്ലുംവിധം ഇത് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ ഹിറ്റായി. 2017 ജൂലൈ മുപ്പത്തിയൊന്നിനാണ് മാധ്യമങ്ങളോട് 'കടക്ക് പുറത്ത്' എന്ന പ്രയോഗം ഉണ്ടായത്. സംസ്ഥാനത്ത് നടന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപി. ആ.ര്‍എസ്എസ്. പ്രവര്‍ത്തകരുമായി സമാധാന ചര്‍ച്ചയ്‌ക്കെത്തിയപ്പോഴായിരുന്നു മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ കടക്ക് പുറത്ത് ഉണ്ടായത്. കുലംകുത്തിയെപ്പോലെ തന്നെ ഈ വാക്കും അവസരോചിതമായും അല്ലാതെയും അര്‍ഥം നോക്കിയും നോക്കാതെയും ആളുകള്‍ ഏറ്റെടുത്ത് പ്രയോഗിച്ചു.
പരനാറി പ്രയോഗത്തിന്റെ ദുര്‍ഗന്ധം
രാഷ്ട്രീയനിലപാടുമായി യോജിക്കാന്‍ പറ്റില്ലെന്നും പറഞ്ഞ് പാര്‍ട്ടി വിട്ടുപോയ എന്‍.കെ പ്രേമചന്ദ്രനെ ഉന്നം വെച്ചുകൊണ്ട് നടത്തിയ 'പരനാറി' പ്രയോഗവും പിണറായിയുടേതായ അക്കൗണ്ടിലുള്ളതാണ്. പരനാറി എന്നാല്‍ അന്യര്‍ക്ക് ദുര്‍ഗന്ധം വമിപ്പിക്കുന്നവന്‍ എന്നാണ്. മറ്റൊരു വിവാദ വാക്കായിരുന്നു 'നികൃഷ്ടജീവി' എന്ന പ്രയോഗം. താമരശ്ശേരി ബിഷപ്പിനുനേര്‍ക്കായിരുന്നു ഈ അസ്ത്രപ്രയോഗം. 2007ല്‍ തിരുവമ്പാടി എംഎ!ല്‍എ മത്തായി ചാക്കോയുടെ മരണവും അന്ത്യകൂദാശാവിവാദവുമായി ബന്ധപ്പെട്ടാണ് പിണറായി നികൃഷ്ടജീവി പ്രയോഗം നടത്തിയത്. 2013 ഡിസംബര്‍ ഏഴിന് താമരശ്ശേരി രൂപതയില്‍ നേരിട്ട് കൂടിക്കാഴ്ച നടത്തിയാണ് ആ പിണക്കം തീര്‍ത്തത്.
മേല്‍പ്പറഞ്ഞ വാക്കുകള്‍ ഒക്കെ അമര്‍ഷത്തില്‍ നിന്നുണ്ടായതാണെങ്കില്‍, എതിരഭിപ്രായക്കാരെ ട്രോളാനും പിണറായിക്ക് സാധിച്ചിരുന്നു. അങ്ങനെ ഹിറ്റടിച്ച വാക്കായിരുന്നു ഒക്കച്ചങ്ങായി. 2018 നവംബര്‍ ഇരുപതിന് ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടിനെ പിണറായി ട്രോളിയത് ഈ വാക്കുപയോഗിച്ചായിരുന്നു. കോണ്‍ഗ്രസ്സുകാര് ബിജെപിയുടെ ഒക്കച്ചങ്ങായി ആയി നടക്കുകയാണല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
ഒക്കച്ചങ്ങായി എന്നത് ഉത്തരകേരളത്തില്‍ കല്യാണച്ചടങ്ങുമായി ബന്ധപ്പെട്ട പദമാണ്. തലശ്ശേരി, പാനൂര്‍ പ്രദേശങ്ങളിലാണ് പൊതുവായി ഈ പ്രയോഗം കണ്ടുവരുന്നത്. വിവാഹത്തിനുപോകുമ്പോള്‍ വരനൊപ്പം അനുഗമിക്കുന്ന ഒരു ഉറ്റ സുഹൃത്തുകൂടി ഉണ്ടാവും. ആ കുട്ടുകാരനെയാണ് ഇങ്ങനെ വിശേഷപ്പിക്കുക. മറ്റു സുഹൃത്തുക്കളെക്കാള്‍ കൂടുതല്‍ സ്വാതന്ത്ര്യവും അധികാരവും ഒക്കച്ചങ്ങായിക്ക് ഉള്ളതാണ്. ശബരിമല വിഷയത്തില്‍ ബിജെപിയുടെ ഒക്കച്ചങ്ങായിയാണ് കോണ്‍ഗ്രസ് എന്നു പ്രസ്താവിച്ചതിലൂടെ കേരളത്തിലെ കക്ഷിരാഷ്ടീയത്തിന്റെ അന്തര്‍ധാരയെയാണ് മുഖ്യമന്ത്രി പരിഹസിച്ചുകാട്ടിയത്.
തൃക്കാക്കരയിലെ 'സൗഭാഗ്യം'
വാക്കുകളുടെ മൂര്‍ച്ച മാത്രമല്ല സാധാരണ ഉപയോഗിക്കുന്ന അര്‍ത്ഥം മറ്റൊന്നായ വാക്കുകളും അനവസരത്തിലുള്ള പിണറായിയുടെ പ്രയോഗം മൂലം പാര്‍ട്ടിക്ക് തിരിച്ചടി വാങ്ങിക്കൊടുത്തിട്ടുണ്ട്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലായിരുന്നു ഇതിന്റെ നേര്‍സാക്ഷ്യം. പ്രയോഗിച്ചത് സൗഭാഗ്യം എന്ന വാക്കാണെങ്കിലും അതുണ്ടാക്കിയത് നേര്‍വിപരീത ഫലമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പിണറായി പറഞ്ഞത് ഇങ്ങനെയായിരുന്നു: 'കേന്ദ്ര സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികളെയടക്കം തെറ്റായി ഉപയോഗിച്ചു കൊണ്ടു കേരളത്തില്‍ ഇടപെടാനുള്ള ശ്രമം നടത്തി. ഇതിലൊന്നും വലിയ തോതില്‍ ജനങ്ങള്‍ കുടുങ്ങിയില്ല. തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്കു ജനങ്ങളെ പൂര്‍ണ വിശ്വാസമുണ്ടായിരുന്നു. ജനങ്ങള്‍ക്കു ഞങ്ങളെയും വിശ്വാസമുണ്ടായിരുന്നു.
അങ്ങനെയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 99 സീറ്റുമായി കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി എല്‍ഡിഎഫിന് ഒരു രണ്ടാമൂഴം ജനങ്ങള്‍ സമ്മാനിച്ചത്. ഇവിടെ ബഹുമാന്യനായ അധ്യക്ഷന്‍ പ്രസ്താവിച്ചതു പോലെയും നമ്മുടെ നാടൊക്കെയും ജനങ്ങള്‍ ആഗ്രഹിക്കുന്നതു പോലെയും ആ 99 നിറഞ്ഞ നൂറിലേക്ക് എത്തിക്കാനുള്ള ഒരവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. ആ ഘട്ടത്തില്‍ പറ്റിയ അബദ്ധം തിരുത്തുന്നതിനുള്ള ഒരവസരം കൂടി തൃക്കാക്കരയ്ക്ക് ഒരു സൗഭാഗ്യമായി കൈവന്നിരിക്കുകയാണ് എന്നതു നാം കാണേണ്ടതാണ്'' എന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശവും വന്‍വിവാദത്തിന് വഴിവെച്ചു. മുഖ്യമന്ത്രിയുടെ പരാമര്‍ശം പ്രതിഷേധാര്‍ഹവും ദുഃഖകരവും ഒരു മുഖ്യമന്ത്രിക്കു യോജിക്കാത്തതുമാണെന്നായിരുന്നു പി.ടി.തോമസിന്റെ ഭാര്യയും സ്ഥാനാര്‍ത്ഥിയുമായ ഉമ തോമസിന്റെ പ്രതികരണം. പി.ടി.തോമസിനെപോലെ ഒരാളുടെ നഷ്ടത്തെ സുവര്‍ണാവസരമായി കാണാന്‍ മുഖ്യമന്ത്രിക്ക് എങ്ങനെ സാധിക്കുമെന്നും അവര്‍ ചോദിച്ചു.ഫലമോ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മിന്നുന്ന ജയവും. പരനാറി പ്രയോഗത്തിന്റെ തനിയാവര്‍ത്തനമായിരുന്നു സൗഭാഗ്യമെന്നാണ് അന്നുണ്ടായ വിലയിരുത്തല്‍.
പിപ്പിടി വിദ്യ വിലപ്പോയില്ല
അതേ വര്‍ഷം വീണ്ടും പിണറായിക്ക് നാക്കിടറി. 2022 മാര്‍ച്ച് ഇരുപത്തിയൊന്നിനാണ് കണ്ണൂരിലെ പാനൂരില്‍ നടന്ന പൊതുയോഗത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ചുള്ള സംസാരം പിപ്പിടി വിദ്യയിലേക്കെത്തിയത്. പിപ്പിടി വിദ്യ എന്നതിന്റെ അര്‍ഥം പേപ്പിടി എന്നാണ്. പേപ്പിടി എന്നാല്‍ ഭീഷണിപ്പെടുത്തുക, ഭയപ്പെടുത്തുക എന്നൊക്കെയാണ്. ഭയപ്പെടുത്താനായി പറഞ്ഞുകൂട്ടുന്ന പൊയ്വാക്കുകളെയാണ് പിപ്പിടി വാക്കുകള്‍ എന്നു പറയുന്നത്. കെ.റെയിലിന്റെ പേരും പറഞ്ഞ് കേരളത്തിലെ ജനങ്ങളെ ഭയപ്പെടുത്തുന്ന പ്രതിപക്ഷത്തിന്റെ പിപ്പിടിവിദ്യ തന്റെയടുക്കല്‍ ചെലവാകില്ലെന്നാണ് പിണറായി അര്‍ഥമാക്കിയിരുന്നത്.
സിനിമാ ആസ്വാദകന്‍ കൂടിയായ പിണറായി വിജയന്‍ ചില മാസ് സിനിമ ഡയലോഗുകളും തന്റെ പ്രസംഗത്തില്‍ പ്രയോഗിക്കാറുണ്ട്. തമിഴ് സിനിമാ 'ഐ' യിലെ വിക്രമിന്റെ നായകകഥാപാത്രമാണ് ആദ്യമായി 'അതുക്കും മേലെ' എന്ന ഡയലോഗ് അനശ്വരമാക്കുന്നത്.
ഈ പ്രയോഗവും ഒരിക്കല്‍ പിണറായി തന്റെ പ്രസംഗത്തില്‍ ഉപയോഗിച്ചു. മലയാളമാക്കി സ്വന്തമാക്കിക്കളഞ്ഞ തമിഴ് വാക്കിന്റെ അര്‍ത്ഥം അതിനും മീതെ എന്നാണ്.
'വിവരദോഷി' പ്രയോഗം
ഇതിനൊക്കെ സമാനമാണ് കഴിഞ്ഞ ദിവസം പാര്‍ട്ടി ഇത്രയും പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോള്‍ നാളിത്രയും തങ്ങളെ പിന്തുണച്ച യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ പരാമര്‍ശത്തോടുള്ള നീരസം മുഖ്യമന്ത്രി പരസ്യമായി പ്രകടിപ്പിച്ചത്. പുരോഹിതര്‍ക്കിടയിലും വിവരദോഷികള്‍ ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ അധിക്ഷേപ പരാമര്‍ശം.ഇതിനെതിരെയാണ് സൈബര്‍ സഖാക്കള്‍ ഉള്‍പ്പടെ പരസ്യമായി രംഗത്ത് വരുന്നത്. എപ്പോഴൊക്ക പിണറായിയുടെ പരാമര്‍ശങ്ങള്‍ നിലവിട്ടിട്ടുണ്ടോ അപ്പോഴൊക്കെയും ഏതെങ്കിലും തരത്തില്‍ പാര്‍ട്ടി അതിന്റെ തിക്തഫലം അനുഭവിച്ചിട്ടുമുണ്ട്.
പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തിയപ്പോള്‍ മുഖത്ത് ഒരു ചിരിയും പിടിപ്പിച്ചാണ് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. അനുകൂല ഘടകങ്ങള്‍ കൂടി വന്നപ്പോള്‍ രണ്ടാംഘട്ടത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ എന്നതില്‍ നിന്ന് രണ്ടാം പിണറായി സര്‍ക്കാര്‍ എന്നായി പ്രയോഗം. മുഖത്തെ ചിരി മാഞ്ഞുതുടങ്ങിയതിനൊപ്പം കാര്‍ക്കശ്യം പാര്‍ട്ടി സെക്രട്ടറി നിലയും വിട്ട് മുകളിലേക്ക് പോയി. എത്രയൊക്കെ മറക്കാന്‍ ശ്രമിച്ചാലും ഉള്ളിലുള്ളത് തനിയെ പുറത്ത് ചാടും എന്നതിന്റെ തെളിവാണ് ഈ കുറിലോസ് വിഷയവും.പാര്‍ട്ടിയും പ്രവര്‍ത്തകരും നിരാശയുടെ ചുഴിയില്‍പ്പെട്ട് വലയുമ്പോള്‍ പ്രസക്തമാകുന്നത് അണികളുടെ ആത്മഗതം തന്നെയാണ് ഇത് എവിടെ ചെന്ന് നില്‍ക്കുമെന്ന്..
https://www.facebook.com/Malayalivartha