കളമാകെ മാറുന്നു... വെള്ളാപ്പള്ളിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍; 'സംഘപരിവാര്‍ അജണ്ടയ്ക്ക് കീഴ്പ്പെടുന്ന മനസ്സ് രൂപപ്പെട്ടുവരുന്നു; തിരിച്ചടിച്ച് വെള്ളാപ്പള്ളി; ബി.ജെ.പി ഭരണത്തില്‍ മുസ്‌ലിം പ്രാതിനിധ്യമില്ലെങ്കില്‍ അത് മേടിച്ചെടുക്കണമെന്ന് വെള്ളാപ്പള്ളി

കഴിഞ്ഞ തവണത്തെ ഇടതുമുന്നണിയു#െ ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ശബരിമലയാണെങ്കില്‍ ഇത്തവണ ഈഴവരും ക്രിസ്ത്യാനികളുമാണെന്ന് കണ്ടെത്തല്‍. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ രംഗത്തെത്തിയത്.
രാജ്യസഭാ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവന അവരുടെ സംഘപരിവാര്‍ അജണ്ടയ്ക്ക് കീഴ്പ്പെടുന്ന ഒരു മനസ്സ് രൂപപ്പെട്ട് വരുന്നുവെന്ന് കാണിക്കുന്നുവെന്ന് ഗോവിന്ദന്‍ പറഞ്ഞു. രാജ്യസഭാ സ്ഥാനാര്‍ഥി നിര്‍ണയത്തോടെ ഇടതുപക്ഷം ന്യൂനപക്ഷത്തിന് കീഴ്പ്പെട്ടുവെന്നാണ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. കേന്ദ്ര മന്ത്രിസഭയില്‍ ബിജെപി ഒരു മുസ്ലിമിനേയും ഉള്‍പ്പെടുത്താത്തതില്‍ ഒരു പ്രശ്നവും അദ്ദേഹം ഉന്നയിച്ചിട്ടില്ല.
സംഘപരിവാര്‍ അജണ്ടയ്ക്ക് കീഴ്പ്പെടുന്ന ഒരു മനസ്സ് രൂപപ്പെട്ടുവരുന്നു എന്നതാണ് ഇതിലൂടെ മനസ്സിലാകുന്നത്. ശ്രീനാരായ ഗുരുവിന്റെ ദാര്‍ശനിക കാഴ്ചപ്പാടില്‍നിന്ന് വ്യത്യസ്തമായ ഒരു നിലപാടാണ് സംഘപരിവാറിന് അനുകൂലമായ എസ്എന്‍ഡിഎപി നേതൃനിരയിലുള്ളവര്‍ എടുത്തുകൊണ്ടിരിക്കുന്നത്. ഇതൊന്നും മതനിരപേക്ഷ ഉള്ളടക്കമുള്ള കേരളത്തിന് അനുയോജ്യമല്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.
തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബിഡിജെഎസിന്റെ രൂപീകരണത്തോട് കൂടി ബിജെപി അജണ്ടയുടെ ഭാഗമായി എസ്എന്‍ഡിപിയിലേക്ക് കടന്നുകയറി. എസ്എന്‍ഡിപിയില്‍ വര്‍ഗീയ വത്കരണത്തിലേക്ക് നീങ്ങുന്ന ഒരു വിഭാഗം ബിജെപിക്കായി സജീവമായി ഇടപെട്ടിട്ടുണ്ട്. ജാതി രാഷ്ട്രീയത്തിന്റെയും സ്വത്വ രാഷ്ട്രീയത്തിന്റെയും കാര്യത്തില്‍ ആര്‍എസ്എസ് ഇടപെടല്‍മൂലം ഇടതുമുന്നണിക്ക് കിട്ടേണ്ട ഒരുവിഭാഗം വോട്ടുകള്‍ നഷ്ടമായിട്ടുണ്ടെന്ന് കണ്ടെത്തിയെന്നും അത് തിരിച്ചുകൊണ്ടുവരുമെന്നും ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം ന്യൂനപക്ഷ പ്രീണനത്തെ കുറിച്ച് സമചിത്തതയോടെ ചിന്തിച്ചാല്‍ മനസിലാകുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുസ്‌ലിംകളെ തള്ളിപ്പറഞ്ഞിട്ടില്ല. ക്രിസ്ത്യാനിയെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. കാര്യം പറയുമ്പോള്‍ മുസ്‌ലിം വിരോധിയാക്കരുത്. ജാതി പറഞ്ഞുവെന്ന് പറയരുതെന്നും സാമൂഹിക നീതിയെ കുറിച്ചാണ് താന്‍ പറയുന്നതെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
പിന്നാക്ക സമുദായ സംരക്ഷണ മുന്നണിയുടെ പേരില്‍ താന്‍ മുസ്‌ലിംകളൊപ്പം നടന്നതാണ്. തന്നെ കൊണ്ട് ധാരാളം പണവും മുസ്‌ലിം സമുദായം ചെലവഴിപ്പിച്ചു. മുസ്‌ലിംകള്‍ പി.എസ്.സിയില്‍ അടക്കം കാര്യങ്ങള്‍ നേടിയെടുത്തു. തന്റെ സമുദായത്തിന് എന്ത് മേടിച്ചുതന്നു. മലപ്പുറം, വയനാട്, കാസര്‍കോട് എന്നീ ജില്ലകളില്‍ ഒരു സ്‌കൂള്‍ പോലും തന്നില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
ബി.ജെ.പി ഭരണത്തില്‍ മുസ്‌ലിം പ്രാതിനിധ്യമില്ലെങ്കില്‍ അത് മേടിച്ചെടുക്കണം. അതിനാരും എതിരല്ല. ഇവിടെ ഈഴവര്‍ക്ക് എന്താണുള്ളത്. ഈഴവര്‍ക്ക് പരിഗണന നല്‍കിയില്ല. ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നു. രാജ്യസഭാംഗങ്ങളുടെ പട്ടിക ഇതിന് ഉദാഹരണമാണ്. പിന്നാക്കക്കാരനും അധഃസ്ഥിതനും ഒന്നുമില്ല. മുസ്‌ലിംകള്‍ അധികമില്ലാത്ത സി.പി.ഐ സീറ്റ് കൊടുത്തത് ആര്‍ക്കാണ്. സി.പി.എമ്മിന്റെ സീറ്റ് പോലും കേരള കോണ്‍ഗ്രസിന് കൊടുത്തുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഈഴവര്‍ സി.പി.എമ്മില്‍ നിന്ന് അകന്ന് പോയെങ്കില്‍ അതിന്റെ കാരണം കണ്ടെത്തണം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെതിരെ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. ആകുന്ന നിലയില്‍ സഹായിച്ചെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
ജാതി പറയുന്നത് അപമാനമല്ല അഭിമാനമാണെന്നും ഇനിയും പറയുമെന്നും വ്യക്തമാക്കിയ വെള്ളാപ്പള്ളി, നവോത്ഥാന സമിതിയുടെയും എസ്.എന്‍.ഡി.പി യോഗത്തിന്റെയും ലക്ഷ്യങ്ങള്‍ രണ്ടാണെന്നും പറഞ്ഞു. എന്‍.ഡി.എ കണ്‍വെന്‍ഷനില്‍ ഭാര്യ പങ്കെടുത്തത് അറിഞ്ഞില്ല. കണ്‍വെന്‍ഷനില്‍ പങ്കെടുത്തുവെന്ന് പറഞ്ഞ് ഭാര്യയെ ഉപേക്ഷിക്കാന്‍ സാധിക്കുമോ. തനിക്ക് തന്റെ അഭിപ്രായമെന്നും ഭാര്യക്ക് ഭാര്യയുടെ അഭിപ്രായമെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
മുസ്ലിം സമുദായം സര്‍ക്കാറില്‍ നിന്ന് അവിഹിതമായി പലതും നേടിയെടുക്കുന്നുവെന്നാണ് വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചത്. ഇടതു സര്‍ക്കാര്‍ മുസ്ലിം പ്രീണനം നടത്തിയതു കൊണ്ടാണ് ഈഴവര്‍ ഇടതുപക്ഷത്തെ കൈയൊഴിഞ്ഞതെന്നും അതാണ് തെരഞ്ഞെടുപ്പില്‍ കണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























