ദീപു സോമനെ ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്തിയ ശേഷം സര്‍ജിക്കൽ ബ്ലേഡ് ഉപയോഗിച്ച് പ്രതി കഴുത്തറുത്ത് കൊലപ്പെടുത്തി; ബ്ലേഡും ഗ്ലൗസും അമ്പിളിക്ക് വാങ്ങി നൽകിയത് പാറശാല സ്വദേശി സുനിൽ: കൊലപ്പെടുത്തി കഴിഞ്ഞാൽ കാറുമായി വന്ന് കൂട്ടാമെന്ന് ഉറപ്പ് നൽകിയ സുനിൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി: മെഡിക്കൽ സ്റ്റോറിൽ നിന്ന് കിട്ടിയത് നിർണായക തെളിവ്...

കളിയിക്കാവിളയില്‍ കാറിനുള്ളിലിട്ട് കഴുത്തറത്ത് ക്രഷർ ഉടമ ദീപു സോമനെ കൊലപ്പെടുത്തിയ സംഭവത്തിൽ ദീപുവിനെ കൊലപ്പെടുത്തുന്നതിന് മുൻപ് ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്തിയതായി വ്യക്തമായി. കൈയിൽ ഗ്ലൗസ് ധരിച്ച പ്രതി ചൂഴാറ്റുകോട്ട അമ്പിളി കാറിൻ്റെ പിൻസീറ്റിലിരുന്നാണ് കൃത്യം നടത്തിയത്. ഡ്രൈവിങ് സീറ്റിലായിരുന്ന ദീപുവിനെ സര്‍ജിക്കൽ ബ്ലേഡ് ഉപയോഗിച്ചാണ് കഴുത്തിൽ മുറിവേൽപ്പിച്ചത്. പാറശാല സ്വദേശി സുനിലാണ് സര്‍ജിക്കൽ ബ്ലേഡും ഗ്ലൗസും അമ്പിളിക്ക് വാങ്ങി നൽകിയത്. ഇയാൾക്കായി പൊലീസ് അന്വേഷണം തുടങ്ങി.
ദീപുവിനെ കൊലപ്പെടുത്തി കഴിഞ്ഞാൽ കാറുമായി വന്ന് കൂട്ടാമെന്ന് സുനിൽ ഉറപ്പ് നൽകിയെങ്കിലും പിന്നീട് വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നു എന്നാണ് അമ്പിളിയുടെ മൊഴി. തുടര്‍ന്ന് കാറിൽ നിന്ന് ഇറങ്ങിയ അമ്പിളി കുഴിതുറയിലെ ഒരു കടയിൽ പോയി ഓട്ടോറിക്ഷ പിടിക്കാൻ സഹായം തേടി. എന്നാൽ അത് ലഭിച്ചില്ല. ഇതോടെ ഇയാൾ നടന്ന് ബസ് സ്റ്റാൻ്റിൽ പോയി. നേരെ വീട്ടിൽ പോയ പ്രതി ഇവിടെ പണം വച്ച ശേഷം ധരിച്ചിരുന്ന വസ്ത്രം ഊരിയെടുത്ത് കത്തിച്ചുകളഞ്ഞു. ബാഗിൽ നിന്ന് പണം മാറ്റിയ ശേഷം ബാഗും കത്തിയും വീടിനടുത്തുള്ള പുഴയിൽ വലിച്ചെറിഞ്ഞു. കത്തിച്ച വസ്ത്രത്തിൻ്റെ ബാക്കി ഭാഗങ്ങൾ പ്രതിയുടെ വീട്ടിനടുത്ത് നിന്ന് കണ്ടെത്തി. ഏഴ് ലക്ഷം രൂപ ഇന്ന് പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു.
മുണ്ടും ഷർട്ടും മാത്രം ധരിക്കുന്ന അമ്പിളിക് ടീ ഷർട്ടും പാന്റും വാങ്ങി നൽകിയത് പാറശാല സ്വദേശി സുനിലാണ്. ജെസിബി വാങ്ങാൻ വലിയൊരു തുകയുമായി കോയമ്പത്തൂരിലേക്ക് പോകാനാണ് ദീപു വന്നത്. ജെസിബി ഓപ്പറേറ്ററുമായി കളിയിക്കാവിള സ്റ്റേഷന് സമീപം നിൽക്കാമെന്ന് നേരിട്ട് കണ്ടാണ് ദീപുവിനോട് പ്രതി അമ്പിളി പറഞ്ഞത്. കളിയിക്കാവിളയിൽ എത്തിയ ദീപു വാഹനം നിര്‍ത്തിയ ശേഷം അമ്പിളിയെ കാത്തുനിന്നു. പിന്നീട് ഇവിടെയെത്തിയ അമ്പിളി കാറിൻ്റെ പിൻസീറ്റിൽ കയറി ദീപുവിനെ ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്തുകയായിരുന്നു.
സജികുമാർ കൊലപാതകം നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പോലീസ് പറയുന്നു. തെളിവുകൾ അവശേഷിപ്പിക്കാതെ കൊലപാതകം നടത്തി മടങ്ങാനുള്ള മുന്നൊരുക്കങ്ങൾ ഇയാൾ ദിവസങ്ങൾക്കു മുന്നേ നടത്തിയിരുന്നു. മൊബൈൽ ഫോൺ വീട്ടിൽ വെച്ച് ബസിലാണ് കളിയിക്കാവിളയിൽ എത്തിയത്. എന്നാൽ, കളിയിക്കാവിളയിലെ മെഡിക്കൽ സ്റ്റോർ ജീവനക്കാരന്റെ മൊബൈൽ വാങ്ങി ദീപുവുമായി ബന്ധപ്പെടാനുള്ള ശ്രമമാണ് പോലീസിനു പിടിവള്ളിയായത്. മെഡിക്കൽ സ്റ്റോർ ജീവനക്കാരന്റെ മൊഴിയും സി.സി.ടി.വി. ദൃശ്യങ്ങളും പോലീസിനെ അമ്പിളിയിലേക്ക് എത്തിക്കുകയായിരുന്നു.
കൊല്ലപ്പെട്ട ദീപുവിന്റെ ഫോൺ കേന്ദ്രീകരിച്ച് തമിഴ്നാട് പോലീസ് നടത്തിയ അന്വേഷണത്തിൽ ടിപ്പർ ലോറി വിൽപ്പനയുമായി ബന്ധപ്പെട്ട് ദീപു ആരുമായും സംസാരിച്ചതു കണ്ടെത്താനായില്ല. ജെ.സി.ബി. ഡ്രൈവർമാരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ തുമ്പുകൾ ലഭിക്കാതായതോടെ പോലീസ് വഴികളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ വ്യാപകമായി പരിശോധിച്ചുതുടങ്ങി. സി.സി.ടി.വി.കൾ പരിശോധിക്കുന്നതിനിടയിലാണ് മെഡിക്കൽ സ്റ്റോർ ജീവനക്കാരൻ കടയിലെത്തിയ അപരിചിതനെക്കുറിച്ച് വിവരം നൽകിയത്.
തിങ്കളാഴ്ച രാത്രി അപരിചിതനായ ഒരാൾ മെഡിക്കൽ സ്റ്റോറിൽ വന്ന് ഫോൺ കൈമോശം വന്നുവെന്നു പറഞ്ഞ് ജീവനക്കാരന്റെ ഫോൺ വാങ്ങി വിളിച്ചിരുന്നു. ഫോൺ കിട്ടാത്തതിനാൽ ഡയൽ ചെയ്ത നമ്പർ ഡിലീറ്റ് ചെയ്ത ശേഷം ഫോൺ മടക്കിനൽകുകയും ചെയ്തു. ഇതിൽ സംശയം തോന്നിയ പോലീസ് മെഡിക്കൽ സ്റ്റോറിലെ സി.സി.ടി.വി.യിൽനിന്ന് അമ്പിളിയുടെ ചിത്രങ്ങൾ ശേഖരിച്ചു.
കൊല്ലപ്പെട്ട ദീപുവിന്റെ ജീവനക്കാരെ കാണിക്കുകയും ഇവർ അമ്പിളിയെ തിരിച്ചറിയുകയുമായിരുന്നു. തുടർന്ന് പ്രത്യേക സംഘം സജികുമാറിന്റെ മൊബൈൽ ടവർ ലൊക്കേഷൻ കണ്ടെത്തിയാണ് മലയത്തുനിന്നു പിടികൂടിയത്.
കൊലപാതകം നടന്ന ദിവസവും തലേദിവസവും ഇയാൾ ദീപുവിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നില്ല. അതിനാൽ ദീപുവിന്റെ ഫോൺകോളുകൾ പരിശോധിച്ചപ്പോൾ സംശയമുള്ളവരുടെ പട്ടികയിൽ വന്നതുമില്ല. കടം കൂടിയതിനാൽ ഇൻഷുറൻസ് ലഭ്യമാകാൻ ദീപു തന്നെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും തന്നെക്കൊണ്ട് ചെയ്യിപ്പിച്ചതെന്നുമാണ് പ്രതി പോലീസിന് മൊഴി നൽകിയത്.
https://www.facebook.com/Malayalivartha
























