വിദേശത്തുള്ള എം.പിമാരോട് അടിയന്തരമായി തിരിച്ചെത്താൻ നിർദേശം നൽകി കോൺഗ്രസ് നേതൃത്വം

മണ്ഡല പുനർനിർണയ, വനിതാ സംവരണ ബില്ലുകൾ കേന്ദ്രസർക്കാർ വീണ്ടും പാർലമെന്റിലേക്കെത്തുമ്പോൾ വിദേശത്തുള്ള എം.പിമാരോട് അടിയന്തരമായി തിരിച്ചെത്താൻ കോൺഗ്രസ് നേതൃത്വം നിർദേശം നൽകി. ഞായറാഴ്ച രാവിലെ പത്ത് മണിയോടെ മുഴുവൻ എം.പിമാരും ഡൽഹിയിലെത്തണമെന്നാണ് നിർദേശം. അതേസമയം, ചികിത്സാർഥം വിദേശത്തേക്ക് പോയ കെ. സുധാകരൻ എം.പി സമ്മേളനത്തിൽ പങ്കെടുക്കുമോയെന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു.
ഈ മാസം 30ന് പ്രത്യേക പാർലമെന്റ് സമ്മേളനം ആരംഭിക്കാനിരിക്കെ നിർണായക കേന്ദ്ര മന്ത്രിസഭ യോഗം നാളെ ചേരും. മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ബില്ലുകൾക്ക് യോഗം അംഗീകാരം നൽകിയേക്കും. പാർലമെന്റിൽ സ്വീകരിക്കേണ്ട നിലപാടുകളും തന്ത്രങ്ങളും ചർച്ച ചെയ്യാനായി കോൺഗ്രസ് നേതൃയോഗവും ഞായറാഴ്ച ചേരുന്നുണ്ട്.
നിലവിലെ ലോക്സഭ അംഗസംഖ്യ 543ൽനിന്ന് പരമാവധി 850 ആയി ഉയർത്താനും വർധിപ്പിക്കുന്ന സീറ്റുകളിൽ 33 ശതമാനം വനിതകൾക്ക് സംവരണം ചെയ്യാനുമാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം.
മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതി ബിൽ, മണ്ഡല പുനർനിർണയ കമീഷൻ രൂപവത്കരണ ബിൽ, കേന്ദ്രഭരണ പ്രദേശങ്ങളുമായി ബന്ധപ്പെട്ട ബിൽ എന്നിവ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകളുള്ളത്.
"
https://www.facebook.com/Malayalivartha
























