വയനാട്ടിലെ ഉരുള്‍ദുരന്തം ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്...യു.എസ്, റഷ്യ, ചൈന, തുര്‍ക്കി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളാണ് വയനാടിന്റെ ദുഖത്തില്‍ ഐക്യദാര്‍ഢ്യം രേഖപ്പെടുത്തിയത്...
വയനാട്ടിലെ ഉരുള്‍ദുരന്തം ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ലോകരാജ്യങ്ങള്‍ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി രംഗത്തുവന്നു. യു.എസ്, റഷ്യ, ചൈന, തുര്‍ക്കി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളാണ് വയനാടിന്റെ ദുഖത്തില്‍ ഐക്യദാര്‍ഢ്യം രേഖപ്പെടുത്തിയത്. കേരളത്തിലെ വയനാട് ജില്ലയില്‍ അടുത്തിടെയുണ്ടായ ഉരുള്‍പൊട്ടലില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നാണ് യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റ് എക്സില്‍ കുറിച്ചത്. കേരളത്തെ ഞെട്ടിച്ച വയനാട് ഉരുൾപൊട്ടലിൽ ദുഃഖം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ജോബൈഡൻ. മരിച്ചവർക്ക് അനുശോചനം അറിയിക്കുന്നതായും അരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുച്ചേരുന്നതായും വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യൻ സൈന്യത്തിന്റെ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനത്തെയും ജോ ബൈഡൻ പ്രശംസിച്ചു. സങ്കീർണമായ സാഹചര്യവും വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയും അവഗണിച്ച് രക്ഷാപ്രവർത്തനം നടത്താൻ ധീരത കാണിക്കുന്ന സൈന്യത്തിനും മറ്റ് രക്ഷാപ്രവർക്കും അഭിനന്ദനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രതിസന്ധിഘട്ടത്തിൽ നിന്ന് കരകയറാനായി ഇന്ത്യക്കൊപ്പമുണ്ടെന്നും ബൈഡൻ പറഞ്ഞു.കേരളത്തിലെ ഉരുള്‍പൊട്ടല്‍ ദാരുണമാണെന്നും അനുശോചനം അറിയിക്കുന്നുവെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ച സന്ദേശത്തില്‍ പറഞ്ഞു.
”കേരളത്തിലെ ഉരുള്‍ പൊട്ടല്‍ ദാരുണമാണ്. ദുരന്തത്തില്‍ ആത്മാര്‍ഥമായ അനുശോചനം അറിയിക്കുന്നു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് എല്ലാ വിധ പിന്തുണയും. പരിക്കേറ്റ എല്ലാവരും വേഗം സുഖം പ്രാപിക്കട്ടെ.”-എന്നായിരുന്നു റഷ്യന്‍ പ്രസിഡന്റിന്റെ സന്ദേശം. സംഭവത്തില്‍ ചൈനയും അഗാധ ദുഃഖം അറിയിച്ചു. ‘ഇന്ത്യന്‍ സംസ്ഥാനമായ കേരളത്തില്‍ വലിയ ഉരുള്‍ പൊട്ടലുണ്ടായതായി അറിഞ്ഞു. ദുരന്തത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. മരിച്ചവരടെ കുടുംബത്തിന് എല്ലാ വിധ പിന്തുണയും അറിയിക്കുന്നു. പരിക്കേറ്റവര്‍ പെട്ടെന്ന് സുഖം പ്രാപിക്കട്ടെ.”-എന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ പറഞ്ഞത്.കേരളത്തിലെ ദുരന്തബാധിതരായ ജനങ്ങള്‍ക്ക് പിന്തുണയെന്നാണ് തുര്‍ക്കി വിദേശകാര്യമന്ത്രാലയം അറിയിച്ചത്.
മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവും ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്യുന്ന അനുശോചന സന്ദേശത്തില്‍, ദുരന്തത്തില്‍ വ്യാപക നഷ്ടമുണ്ടായെന്ന് മനസിലാക്കുന്നെന്നും നിരവധി പേര്‍ക്ക് ജീവനും ഉപജീവനമാര്‍ഗവും നഷ്ടപ്പെട്ടതായി അറിഞ്ഞെന്നും സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത ദുരന്തമാണ് നടന്നതെന്ന് അറിഞ്ഞതായും മുയിസു പറഞ്ഞു.വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ഇന്ത്യയിലെ ഇറാന്‍ എംബസിയും അനുശോചനം അറിയിച്ചു. ഐക്യരാഷ്ട്ര സഭയും വിഷയത്തില്‍ ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം രാജ്യത്തെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തിയ വയനാട് ഉരുള്‍പൊട്ടല്‍ അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ശശി തരൂര്‍ എം.പി, കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായ്ക്ക് കത്തുനല്‍കി.വയനാടിലുണ്ടായ ഉരുള്‍പൊട്ടല്‍, എം.പി ഫണ്ട് വിനിയോഗിക്കുന്നതിനുള്ള മാര്‍ഗരേഖയുടെ ഖണ്ഡിക 8.1 പ്രകാരം അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണം. എന്നാല്‍ എല്ലാ എം.പിമാര്‍ക്കും അവരുടെ എം.പി ഫണ്ടില്‍ നിന്നും ഒരു കോടി രൂപയുടെ വരെ പദ്ധതികള്‍ ദുരന്തബാധിത പ്രദേശത്തെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാകും.
ദുരിതത്തില്‍ കഴിയുന്ന ജനങ്ങള്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന നടപടിയായിരിക്കുമിത്.വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ തീവ്രത വിവരണാതീതമാണ്. ആ പ്രദേശത്തെ ജനങ്ങള്‍ക്ക് നഷ്ടമായതിനൊക്കെ പകരമാകില്ലെങ്കിലും അവര്‍ക്കായി പരമാവധി സഹായം നമ്മള്‍ ചെയ്യണം. ആകെ തകര്‍ത്തെറിയപ്പെട്ട ഗ്രാമങ്ങള്‍ പുനര്‍നിര്‍മിച്ച് അതിജീവിതര്‍ക്ക് ആശ്വാസമെത്തിക്കേണ്ടത് രാജ്യത്തിന്റെ കടമയാണെന്നും ഡോ. തരൂര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha