തലസ്ഥാനത്ത് മസ്തിഷ്ക ജ്വരം പടരുന്നു ..അതീവ ജാഗ്രത നിർദ്ദേശം
തലസ്ഥാനത്ത് ഒരാൾക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ 24 കാരി ശരണ്യയ്ക്കാണ് രോഗം ബാധിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സ്ത്രീയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുന്നത്. കല്ലമ്പല്ലത്തും മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ ജില്ലയിൽ മൂന്ന് സ്ഥലത്ത് രോഗകാരിയുടെ സാന്നിധ്യമായി. ജില്ലയിൽ ഏഴുകേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്.
നെയ്യാറ്റിൻകര കണ്ണറവിള ഭാഗത്തും പേരൂർക്കടയിലുമാണ് നിലവിൽ രോഗബാധിതരെ കണ്ടെത്തിയത്. രോഗലക്ഷണങ്ങളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞ ദിവസം എത്തിയ ശരണ്യയുടെ സ്രവ പരിശോധനാഫലം ഇന്നലെയാണ് ലഭിച്ചത്. അടുത്തിടെ ഇവർ തോട്ടിൽ കുളിച്ചതായി ആരോഗ്യപ്രവർത്തകരോട് പറഞ്ഞു. ലക്ഷണങ്ങളുണ്ടെങ്കിലും മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലാത്തതിനാൽ ഇവരെ പേ വാർഡിലേക്ക് മാറ്റി. നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആറ് പുരുഷന്മാർ അമീബിക് മസ്തിഷ്ക ജ്വരത്തിന് ചികിത്സയിലുണ്ട്. അമീബിക് മസ്തിഷ്ക ജ്വര ചികിത്സയ്ക്കായി വാർഡാക്കി മാറ്റിയ ഫിവർ ഐ.സി.യുവിലാണ് പുരുഷൻമാർ.
നഗരപരിധിയിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ വെള്ളക്കെട്ടുകളും ഉറവകളും ഉപയോഗിക്കുന്നതിന് ആരോഗ്യവകുപ്പ് വിലക്കേർപ്പെടുർത്തിയിരുന്നു. രോഗത്തിന്റെ തീവ്രത സംബന്ധിച്ച് ജനങ്ങൾക്കു ബോധവത്കരണം നൽകുന്നതിനൊപ്പം ജലസ്രോതസ്സുകളിലെ വെള്ളം ഉപയോഗിക്കുന്നതിലും ശ്രദ്ധവേണമെന്ന് മെഡിക്കൽ കോളേജ് അധികൃതരും അറിയിച്ചു. പേരൂർക്കട സ്വദേശിക്കു രോഗം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് കെട്ടിക്കിടക്കുന്ന വെള്ളം ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.
സംസ്ഥാനത്ത് ആദ്യഘട്ടങ്ങളിൽ റിപ്പോർട്ട് ചെയ്ത അമീബിക് മസ്തിഷ്ക ജ്വര കേസുകളെല്ലാം കുട്ടികളിലായിരുന്നു. ആദ്യമായി മുതിർന്നവരിൽ രോഗം കണ്ടെത്തിയതും തലസ്ഥാനത്തായിരുന്നു. കഴിഞ്ഞമാസം 23ന് മരിച്ച നെയ്യാറ്റിൻകര അതിയന്നൂർ സ്വദേശി അഖിലെന്ന 27 വയസ്സുകാരനാണ് ആദ്യരോഗി. തുടർന്ന് ഇയാളുടെ സുഹൃത്തുക്കൾ ഉൾപ്പെടെ അഞ്ചുപേർക്ക് കൂടി രോഗം ബാധിച്ചു. മരിച്ചയാളും സുഹൃത്തുക്കളും പ്രദേശത്തെ കാവിൻകുളത്തിൽ കുളിച്ചവരായിരുന്നു. പിന്നാലെ പേരൂർക്കട മണ്ണാമൂല സ്വദേശിക്കും രോഗബാധയുണ്ടായി. ഇയാളുടെ രോഗബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ചികിത്സയിലുള്ള ആറുപേരും അപകടനിലതരണം ചെയ്തിരുന്നു.
കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജലസ്രോതസുകളുമായി ബന്ധമുള്ള ആളുകളിൽ അപൂർവമായി കാണുന്ന രോഗമാണ് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്. ഈ അപൂർവ രോഗത്തെപ്പറ്റി ശാസ്ത്രീയമായ പഠനങ്ങളും പഠനഫലങ്ങളും വളരെ കുറവാണ്. സാധാരണമായി നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ഈ രോഗം മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് പകരില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ ഒഴുക്കില്ലാത്ത ജലാശയങ്ങളിലാണ് പൊതുവേ കാണുന്നത്. നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ മൂക്കിലെ നേർത്ത സുഷിരങ്ങൾ വഴി ബാധിക്കുന്നു. മനുഷ്യന്റെ ശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും എൻസെഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു.
രോഗലക്ഷണങ്ങൾ
രോഗാണുബാധ ഉണ്ടായി ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിലാണ് രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവുന്നു. നട്ടെല്ലിൽനിന്നു സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നതുവഴിയാണ് രോഗനിർണയം നടത്തുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നവർ ഈ രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടേണ്ടതാണ്.
കെട്ടിക്കിടക്കുന്നതോ വൃത്തിയില്ലാത്തതോ ആയ വെള്ളത്തിൽ കുളിക്കുമ്പോഴാണ് അമീബ ശരീരത്തിലെത്തുക. ശരിയായ രീതിയിൽ ക്ലോറിനേറ്റ് ചെയ്ത നീന്തൽ കുളങ്ങളിൽ കുളിക്കുന്നത് കൊണ്ട് പ്രശ്നമില്ല. നിലവിൽ ജർമനിയിൽ നിന്നെത്തിച്ച മരുന്നുൾപ്പെടെയുള്ള സംയുക്തമാണ് രോഗികൾക്ക് നൽകുന്നത്.
https://www.facebook.com/Malayalivartha