അര്‍ജുന്‍ ദൗത്യം പ്രതീക്ഷയേറെ... ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചില്‍ ഇന്ന് രാവിലെ മുതല്‍ ഗംഗാവലി പുഴയില്‍ ആരംഭിക്കും; ഈശ്വര്‍ മല്‍പെയില്‍ പ്രതീക്ഷ, നാവികസേനയടക്കം തെരച്ചിലിനെത്തും
സൈന്യം, നേവി, പോലീസ്, ഫയര്‍ഫോഴ്‌സ് തുടങ്ങി വലിയ സന്നാഹമാണ് ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനനായി തെരച്ചില്‍ നടത്തിയത്. നദിയിലെ അടിയൊഴുക്കും കാര്യമായി കണ്ടെത്താനാകാത്തതോടെയും ശ്രമം ഉപേക്ഷിച്ചു. ഇപ്പോഴിതാ അര്‍ജുനായുള്ള തെരച്ചില്‍ ഇന്ന് രാവിലെ എട്ട് മുതല്‍ ഗംഗാവലി പുഴയില്‍ ആരംഭിക്കും. മത്സ്യത്തൊഴിലാളിയായ പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തിലുള്ള സംഘം, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് എന്നിവ സംയുക്തമായാണ് തെരച്ചില്‍ നടത്തുക.
നാവികസേനയും തെരച്ചിലില്‍ പങ്കെടുക്കും. കാലാവസ്ഥയും ഒഴുക്കും അനുകൂലമെങ്കില്‍ മാത്രമേ നാവികസേനയുടെ ഡൈവിംഗ് സംഘം പുഴയിലിറങ്ങി മുങ്ങി പരിശോധന നടത്തൂ. നാവിക സേനാംഗങ്ങളെ സഹായിക്കാനായി കരസേനയുടെ ചെറു ഹെലികോപ്റ്റര്‍ തെരച്ചിലിന് എത്തും. ഇന്നലെ ഈശ്വര്‍ മല്‍പെ നടത്തിയ തെരച്ചിലില്‍ അര്‍ജുന്റെ ലോറിയുടെ ഹൈഡ്രോളിക് ജാക്കിയും ടാങ്കര്‍ ലോറിയുടെ ചില ഭാഗങ്ങളും കണ്ടെത്തിയിരുന്നു. ഗംഗാവലി പുഴയിലെ ഒഴുക്കിന്റെ ശക്തി കുറഞ്ഞതിനാല്‍ തെരച്ചില്‍ എളുപ്പമാകുമെന്നാണ് ഈശ്വര്‍ മല്‍പെയുടെ വിലയിരുത്തല്‍.
അതേസമയം ഗംഗാവലി പുഴയില്‍ നടത്തിയ തിരച്ചിലില്‍ വാഹനങ്ങളുടെ ഓരോ യന്ത്ര ഭാഗങ്ങള്‍ കിട്ടുമ്പോഴും അത് അര്‍ജുന്റെ ലോറിയുടേത് ആകുമോ എന്നതായിരുന്നു ആശങ്ക. എന്നാല്‍ ലഭിച്ച മൂന്നു പാര്‍ട്‌സുകളില്‍ ഒന്നുപോലും അര്‍ജുന്റെ ലോറിയുമായി നേരിട്ട് ബന്ധപ്പെട്ടതല്ലെന്ന സംശ.വുമുണ്ട്. വിവിധ വാഹനങ്ങളുടേതായ ഹൈഡ്രോളിക് ജാക്കി, സൈഡ് ആംഗ്‌ളര്‍, ബാറ്ററി ബോക്‌സ് ഡോര്‍ ഇത്രയുമാണു ഗംഗാവലി പുഴയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. ജാക്കി അര്‍ജുന്റെ ലോറിയിലെ ആണെന്നു സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇതടക്കം ഒന്നും നേരിട്ട് അര്‍ജുന്റെ ലോറിയുടെ പാര്‍ട്‌സുകളല്ല. ലോറി പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നു പാര്‍ട്‌സുകള്‍ വേര്‍പെട്ടിരിക്കാനുള്ള സാധ്യത വിരളമാണ് എന്ന സൂചനയാണ് ഇതു നല്‍കുന്നത്. ഹൈഡ്രോളിക് ജാക്കി അപകട സമയത്ത് ലോറിയില്‍നിന്നു തെറിച്ച് പുഴയിലേക്ക് വീണതാവാനാണു സാധ്യത.
അര്‍ജുന്റെ ലോറിയിലുണ്ടായിരുന്നതായി കരുതുന്നതും പരിശോധനയില്‍ ലഭിച്ചതുമായ ഹൈഡ്രോളിക് ജാക്കി അര്‍ജുന്‍ ഓടിച്ച ഭാരത് ബെന്‍സിന്റെ 3523ആര്‍ മോഡല്‍ ലോറിയുടെ ഭാഗമല്ല. ഇത് ഭാരത് ബെന്‍സ് കമ്പനിയില്‍ നിന്നല്ലാതെ പുറമേനിന്നു വാങ്ങി ലോറിയില്‍ വച്ചതാണെന്ന് ലോറി ഉടമ മനാഫും വ്യക്തമാക്കി.
25 ടണ്‍ ലോഡ് കയറ്റാനുള്ള പെര്‍മിറ്റുള്ള ലോറിയാണ് അര്‍ജുന്‍ ഓടിച്ചിരുന്ന 3523ആര്‍ മോഡല്‍ ലോറി. ഈ ലോറിയുടെ ഗ്രോസ് വെഹിക്കിള്‍ വെയ്റ്റ് (ജിവിഡബ്ല്യു) 35,000 കിലോഗ്രാം ആണ്. ലോറിയുടെ എന്‍ജിന്‍ ഉള്‍പ്പെടെയുള്ള ഭാരവും ലോഡും അടക്കം ഈ വാഹനത്തില്‍ ആകെ കയറ്റാവുന്ന ഭാരമാണിത്. 230 എച്ച്പി ആണ് വാഹനത്തിന്റെ പവര്‍. ഇത്തരം ലോറികള്‍ക്ക് ഭാരത് ബെന്‍സ് കമ്പനി ലോറിയോടൊപ്പം ഷോറൂമില്‍നിന്ന് ഹൈഡ്രോളിക് ജാക്കി കൊടുക്കുന്നില്ല.
5 ടണ്ണില്‍ താഴെ ഭാരം കയറ്റാവുന്ന വാഹനങ്ങള്‍ക്കു മാത്രമാണ് ബെന്‍സ് കമ്പനി ഹൈഡ്രോളിക് ജാക്കി നല്‍കുന്നത്. അതിനാല്‍ ജാക്കി കിട്ടിയപ്പോള്‍ അത് അര്‍ജുന്റെ ലോറിയുടെ ആണെന്ന് സ്ഥീരീകരിച്ചത് ഭാരത് ബെന്‍സ് കമ്പനി അല്ല. ലോറി ഉടമ നേരിട്ടാണ്. ജാക്കിക്കു പുറമേ പുഴയില്‍നിന്നു കിട്ടിയിരിക്കുന്ന മറ്റൊരു ഭാഗം ലോറിയുടെ സൈഡ് ആംഗ്ലര്‍ ആണ്. ഇതും അര്‍ജുന്റെ ലോറിയുടെ അല്ല. 10 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് ഈ സൈഡ് ആംഗ്‌ളര്‍, അര്‍ജുന്റെ ലോറി 2 വര്‍ഷത്തില്‍ താഴെ മാത്രം പഴക്കമുള്ളതാണ്. അതിനാല്‍ ഇത് മണ്ണിടിച്ചിലില്‍പ്പെട്ട ടാങ്കര്‍ ലോറിയുടെ ആണെന്നു കരുതുന്നു. മാത്രമല്ല സൈഡ് ആംഗ്ലര്‍ കിട്ടിയാലും അത് അര്‍ജുന്റെ ലോറിയുടെ ആണെന്ന് സ്ഥിരീകരിക്കുക എളുപ്പമല്ല. ഭാരത് ബെന്‍സ് കമ്പനി ലോറി പൂര്‍ണ രൂപത്തിലല്ല നല്‍കുന്നത്. അതിന്റെ ചേസ് മാത്രമാണ്. പിന്നീട് ഉടമയാണ് ബോഡി വര്‍ക്ക് ചെയ്യുന്നത്. അതിനാല്‍ സൈഡ് ആംഗ്ലറും പുറമെ വര്‍ക്ക് ഷോപ്പില്‍നിന്ന് ചെയ്തതാവും.
ബാറ്ററി ബോക്‌സ് ഡോര്‍ ലഭിച്ചത് അര്‍ജുന്റെ ലോറിയുടെ ആകുമെന്ന സംശയം തുടക്കത്തില്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് അതും മറ്റൊരു ടാങ്കര്‍ ലോറിയുടെ ആണെന്നു വ്യക്തമായി.
https://www.facebook.com/Malayalivartha