തെരച്ചില്‍ ദൗത്യം വിലയിരുത്തി മന്ത്രിതല സംഘം....
ബെയ്‌ലിപാലം മുതല്‍ ഉരുള്‍ ദുരന്തത്തിന്റെ പ്രഭവ സ്ഥാനം പുഞ്ചിരിമട്ടം വരെ. ദുരന്തനാടിന്റെ രക്ഷാപ്രവര്‍ത്തന വഴികളിലൂടെ മന്ത്രിസഭാ ഉപസമിതി ഒരിക്കല്‍ കൂടി സഞ്ചരിച്ചു. തകര്‍ന്ന വീടുകള്‍, കൃഷിഭൂമികള്‍, മുണ്ടക്കൈ അങ്ങാടി എന്നിവയെല്ലാം നോക്കി കണ്ടു. ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ നിരന്തരമായ തെരച്ചില്‍ നടക്കുന്ന പ്രദേശങ്ങള്‍ വീണ്ടും നേരില്‍ കണ്ട് വിലയിരുത്താനായിരുന്നു റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍, വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി ഒ.ആര്‍.കേളു എന്നിവരെത്തിയത്.
അത്രയധികം ആഘാതമുണ്ടാക്കിയ ദുരന്തത്തിന്റെ തുടര്‍ കാഴ്ചകളും നൊമ്പരപ്പെടുത്തുന്നതായിരുന്നു. വിവിധ സേനാവിഭാഗങ്ങള്‍ക്കൊപ്പം 191 സന്നദ്ധ സേവകരുമായിരുന്നു ബുധനാഴ്ചയും മുണ്ടക്കൈ ചൂരല്‍ മല മേഖലകളില്‍ കാണാതായവര്‍ക്കായുള്ള തെരച്ചിലിണ്ടായിരുന്നത്. യന്ത്രങ്ങളും മനുഷ്യ പ്രയത്‌നങ്ങളും ഒത്തുചേര്‍ന്നുള്ള കൂട്ടായ തെരച്ചില്‍ ദൗത്യം മന്ത്രിതല സംഘം നേരിട്ട് വിലയിരുത്തി.
മുണ്ടക്കൈ പുഞ്ചിരിമട്ടം പാതയോരത്ത് വീടുകളുണ്ടായിരുന്ന സ്ഥലം,വനാതിര്‍ത്തികള്‍ എന്നിവയെല്ലാം മനസ്സിലാക്കിയ മന്ത്രിസഭാ ഉപസമിതി പ്രദേശത്തുള്ളവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ദുരന്തമുണ്ടായി ദിവസങ്ങള്‍ പിന്നിടുമ്പോഴും കാണാതായവരെ തേടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാണ്. ഇനിയുള്ള ദിവസങ്ങളിലും തെരച്ചില്‍ തുടരുമെന്ന് അറിയിച്ചാണ് മന്ത്രിതല സംഘം ഇവിടെ നിന്നും മടങ്ങിയത്.
https://www.facebook.com/Malayalivartha