ആറ്റിങ്ങല്‍ കൊലപാതകം: കൊലക്ക് പിന്നില്‍ മുന്‍വൈരാഗ്യം, പൊലീസ് തെളിവെടുപ്പ് നടത്തി

ആറ്റിങ്ങലില്‍ നടുറോഡില്‍ യുവാവിനെ ക്രൂരമായി തല്ലിക്കൊന്ന സംഭവത്തില്‍ സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കൊലക്ക് പിന്നില്‍ ഇരുകൂട്ടരും തമ്മിലുള്ള മുന്‍വൈരാഗ്യമാണ് എന്നാണ് പൊലീസ് ഭാഷ്യം. പ്രതികളായ അഞ്ചുപേരെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതായും ഇനിയും രണ്ടുപേര്‍ പിടിയിലാകാനുണ്ടെന്നും തിരുവനന്തപുരം റൂറല്‍ എസ്.പി ഷഫീന്‍ അഹ്മദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് സന്തോഷ്, സതീഷ്, കിരണ്‍, വിനായക്, റെജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇരുസംഘങ്ങളും തമ്മില്‍ വഴക്കുകള്‍ നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് പ്രതികളായ സന്തോഷിന്റെയും സതീഷിന്റെയും വീടിന് നേരെ ഷബീര്‍ ഉള്‍പ്പെടുന്ന സംഘം ആക്രമണം നടത്തിയിരുന്നവത്രെ. ഇതിന്റെ പ്രതികാരമാണ് കൊലപാതകത്തില്‍ അവസാനിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302, 307 തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. വീഡിയോ റെക്കോര്‍ഡ് ചെയ്ത ദൃക്‌സാക്ഷിയുടെ പേര് സുരക്ഷാകാരണത്താല്‍ വെളിപ്പെടുത്താനാവില്ല എന്നും റൂറല്‍ എസ്.പി അറിയിച്ചു.
ആറംഗ സംഘത്തിലെ നാലുപേരാണ് അക്രമത്തിനു നേതൃത്വം നല്‍കിയത്. മറ്റു രണ്ടുപേര്‍ യുവാക്കള്‍ ബൈക്കില്‍ വരുന്നതു നിരീക്ഷിച്ചു മൊബൈല്‍ ഫോണ്‍ വഴി വിവരങ്ങള്‍ അപ്പപ്പോള്‍ കൈമാറിയാണു കൃത്യം നടത്തിയതെന്നുമാണ് സൂചന.
കഴിഞ്ഞ ഞായറാഴ്ച്ച വൈകിട്ട് അഞ്ചരയ്ക്കു വക്കം തോപ്പിക്കവിളാകം റയില്‍വേ ഗേറ്റിനു സമീപമായിരുന്നു മനസ്സാക്ഷിയെ ഞെട്ടിച്ച അക്രമസംഭവം നടന്നത്. ബൈക്കിലെത്തിയ ഷെബീറിനെയും സുഹൃത്തിനെയും നാലംഗ സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു. വടികൊണ്ടു തലങ്ങും വിലങ്ങും അതിക്രൂരമായി മര്‍ദനമേറ്റ വക്കം സ്വദേശി ഷെബീര്‍(23) പിറ്റേന്ന് ആശുപത്രിയില്‍ മരിച്ചു. സുഹൃത്തുമൊത്തു ഷെബീര്‍ സമ്മാനം വാങ്ങാന്‍ ബൈക്കില്‍ നിലയ്ക്കാമുക്ക് ജംക്ഷനില്‍ പോയിരുന്നു. അപ്പോള്‍ മുതല്‍ നിരീക്ഷിച്ചിരുന്ന സംഘം ഇവര്‍ മടങ്ങുമ്പോള്‍ കാത്തിരുന്നു ചാടിവീഴുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഷെബീറിനെ കാറ്റാടിക്കഴ ഉപയോഗിച്ചു തലയ്ക്കടിച്ചു വീഴ്ത്തിയാണു ഭീകരമായി മര്‍ദിച്ചത്.
ആറ്റിങ്ങല്‍ ഡിവൈഎസ്പി പ്രതാപന്‍ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണത്തിനു നേതൃത്വം നല്‍കുന്നത്. യുവാവിനെ പട്ടാപ്പകല്‍ റോഡിലിട്ടു തല്ലിക്കൊല്ലുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ ദൃശ്യമാധ്യമങ്ങളിലും ചാനലുകളിലും പ്രചരിച്ചിരുന്നു. ഇതുവഴി അക്രമിസംഘത്തെ കഴിഞ്ഞ ദിവസം തന്നെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. കൊലപാതകം ആസൂത്രിതമായിരുന്നു എന്നു വ്യക്തമായിട്ടുണ്ട്.
ഷെബീറിന്റെ മരണത്തെത്തുടര്‍ന്നു പ്രദേശത്തു സംഘര്‍ഷാവസ്ഥ തുടരുകയാണെന്നും പൊലീസ് കാവല്‍ ശക്തമാക്കിയിട്ടുണ്ടെന്നും റൂറല്‍ എസ്പി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























