പതിനാറാം ധനകാര്യ കമ്മീഷൻ സംസ്ഥാന ധനമന്ത്രിമാരുടെ കോൺക്ലേവ് നാളെ
പതിനാറാം ധനകാര്യ കമ്മീഷനുമായി ബന്ധപ്പെട്ട നിലപാടുകൾ തീരുമാനിക്കുന്നതിനായി അഞ്ച് സംസ്ഥാനങ്ങളിലെ മന്ത്രിമാർ പങ്കെടുക്കുന്ന കോൺക്ലേവ് വ്യാഴാഴ്‌ച തിരുവനന്തപുരത്ത് നടക്കും. ഹോട്ടൽ ഹയാത്ത് റിജൻസിയിൽ രാവിലെ 10ന് ആരംഭിക്കുന്ന ഏകദിന കോൺക്ലേവ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകും.
തെലങ്കാന ഉപമുഖ്യമന്ത്രിയും ധനകാര്യവകുപ്പ് മന്ത്രിയുമായ ഭട്ടി വിക്രമാർക്ക മല്ലു, കർണാടക റവന്യുവകുപ്പ് മന്ത്രി കൃഷ്‌ണ ബൈരെ ഗൗഡ, പഞ്ചാബ് ധനകാര്യവകുപ്പ് മന്ത്രി ഹർപാൽ സിങ് ചീമ, തമിഴ്‌നാട് ധനകാര്യവകുപ്പ് മന്ത്രി തങ്കം തെന്നരസു എന്നിവർക്കൊപ്പം സംസ്ഥാന പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രമുഖ സാമ്പത്തിക ശാസ്‌ത്രജ്ഞനും കേന്ദ്ര സർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. അരവിന്ദ് സുബ്രഹ്മണ്യൻ, മുൻ ധനകാര്യവകുപ്പ് മന്ത്രി ടി എം തോമസ് ഐസക്, കേരള സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി കെ രാമചന്ദ്രൻ തുടങ്ങിയവരും വിശിഷ്ടാതിഥികളാകും.
ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ചടങ്ങിന് സ്വാഗതം പറയും. രാജ്യത്ത് സാമ്പത്തിക ഫെഡറിലസം വലിയതോതിൽ വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിലാണ് ഇത്തരത്തിൽ ഒരു ചർച്ചാസമ്മേളനത്തിന് കേരളം നേതൃത്വം നൽകുന്നത്. സംസ്ഥാനങ്ങൾ നേരിടുന്ന വികസന-ധനകാര്യ പ്രശ്‌നങ്ങൾ ഡോ.എ അരവിന്ദ് പനഗാരിയ അധ്യക്ഷനായ പതിനാറാം ധനകാര്യ കമ്മീഷൻ മുമ്പാകെ അവതരിപ്പിക്കുന്നത് സംബന്ധിച്ച ആശയരൂപീകരണമാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം.
ആരോഗ്യപരമായ കേന്ദ്ര-സംസ്ഥാന ബന്ധത്തിന് സംസ്ഥാനങ്ങളുടെ ധനകാര്യസുസ്ഥിരത അത്യാവശ്യമാണ്. കേന്ദ്രസർക്കാരിൽ നിന്ന് സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട അർഹമായ ധന വിഭവങ്ങൾ ഇതിൽ ഒരു പ്രധാനഘടകമാണ്. എന്നാൽ, നീതിപൂർവ്വമല്ലാത്ത ധനവിഭജന രീതികളിലൂടെ തികച്ചും വിഭിന്നമായ നിലപാടാണ് യൂണിയൻ സർക്കാർ സ്വീകരിക്കുന്നതെന്നും രാജ്യത്തെ മൊത്തം പൊതുചെലവിന്റെ 62.4 ശതമാനവും സംസ്ഥാനങ്ങൾ വഹിക്കേണ്ടിവരുന്നു.
രാജ്യത്തെ മൊത്തം വരുമാനത്തിന്റെ 37.3 ശതമാനം മാത്രം സംസ്ഥാനങ്ങൾക്ക് ലഭിക്കുമ്പോൾ 63 ശതമാനത്തോളം കേന്ദത്തിനാണ് കിട്ടുന്നത്. കേന്ദ്ര നികുതി വരുമാനത്തിന്റെ 50 ശതമാനമെങ്കിലും സംസ്ഥാനങ്ങൾക്കായി വിഭജിക്കപ്പെടണം എന്നതാണ് പൊതുവിൽ ഉയരുന്ന ആവശ്യം. കേന്ദ്ര നികുതി വരുമാനത്തിന്റെ ഗണ്യമായ ഭാഗം സംസ്ഥാനങ്ങൾക്ക് വിഭജിക്കേണ്ടതില്ലാത്ത നിലയിൽ സമാഹരിക്കുന്നു എന്നതാണ് മറ്റൊരു പ്രശ്‌നം. ഇതിനായി സെസ്, സർചാർജ് തുടങ്ങിയവ ആയുധമാക്കുന്നു.
2011-12ൽ കേന്ദ്ര സർക്കാരിന്റെ വരുമാനത്തിൽ സെസ്, സർചാർജ് എന്നിവയുടെ പങ്ക് 9.4 ശതമാനമായിരുന്നു. 2022-23 അത് 22.8 ശതമാനമായി ഉയർന്നു. സെസും സർചാർജും സംസ്ഥാനങ്ങളുമായി പങ്ക് വയ്‌ക്കുന്ന പൊതു പൂളിൽ ഉൾപ്പെടുന്നില്ല. ഇത് സംസ്ഥാനങ്ങൾക്ക് വലിയ വരുമാന നഷ്ടത്തിന് കാരണമാകുന്നു. പതിനഞ്ചാം ധന കമ്മീഷൻ യൂണിയൻ സർക്കാരിന്റെ വരുമാനത്തിന്റെ 41 ശതമാനം സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യാൻ ശുപാർശ ചെയ്‌തു. ഫലത്തിൽ സംസ്ഥാനങ്ങൾക്ക് ലഭിച്ചത് ഏകദേശം 29.6 ശതമാനം മാത്രം.
ഇതിന് കാരണം ഉയർന്ന തോതിലുള്ള സെസും സർചാർജുമാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പിലും സംസ്ഥാനങ്ങളുടെ താൽപര്യങ്ങൾ പരിഗണിക്കപ്പെടുന്നവില്ല. കേന്ദ്രധനവിഹിതത്തിൽ കേരളത്തിന് വലിയ നഷ്ടം വരുന്ന ശുപാർശകളാണ് മുൻ ധനകാര്യകമ്മീഷനുകളിൽനിന്ന് ഉണ്ടായത്.
പത്താം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്‌ത വിഹിതം 3.875 ശതമാനമായിരുന്നെങ്കിൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ നിർദേശിച്ചത് 1.92 ശതമാനം മാത്രമാണ്. അതേസമയം, ഉത്തർപ്രദേശിന് പത്താം ധനകാര്യ കമ്മീഷൻ നീക്കിവച്ചത് 17.8 ശതമാനമായിരുന്നെങ്കിൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ നിക്കിവച്ചത് 17.9 ശതമാനമാണ്. ഇത്തരത്തിൽ കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങൾക്കും പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശകളിൽ വലിയ ധനനഷ്ടമാണുണ്ടായത്.
https://www.facebook.com/Malayalivartha