കൂലി ഏകീകരണം വരുന്നു, ഇനി കേരളത്തില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് നില്‍ക്കും

എല്ലാ പണികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കുന്ന മലയാളി ഇനി അവ സ്വയം ചെയ്യേണ്ടിവരും. കേരളത്തോടൊപ്പം ബിഹാര്‍, പശ്ചിമബംഗാള്‍, അസം, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ കൂലിയും ഏകീകരിക്കാന്‍ കളമൊരുങ്ങുകയാണ്.
ഇവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ ഒഴുക്ക് ക്രമേണ നിലച്ചേക്കും. കേന്ദ്ര തൊഴില്‍മന്ത്രാലയം തയ്യാറാക്കിയ 'മിനിമം വേജസ് നിയമ ഭേദഗതി ബില്‍' പ്രകാരം കേരളത്തിലും മറ്റു 15 സംസ്ഥാനങ്ങളിലും ഒരേ കൂലിയായാണ് നടപ്പാവുക. സംസ്ഥാനങ്ങളെ മൂന്നു ഗ്രൂപ്പുകളായി തിരിച്ച് വെവ്വേറെ മിനിമം കൂലി ദേശീയതലത്തില്‍ നിശ്ചയിക്കും. ബില്‍ ഉടന്‍ മന്ത്രിസഭയുടെ അന്തിമപരിഗണനയ്ക്ക് സമര്‍പ്പിക്കും.
മുഖ്യ നിര്‍ദേശങ്ങള്‍
*എല്ലാത്തരം തൊഴിലാളികള്‍ക്കും മിനിമംകൂലി (1948ലെ മിനിമം വേജസ് ആക്ടിന്റെ രണ്ടു പട്ടികകളില്‍ പറയുന്ന തൊഴില്‍ ചെയ്യുന്നവര്‍ക്കേ മിനിമം വേതനത്തിന് അര്‍ഹതയുള്ളൂ).
* ഓരോ തൊഴിലിനും വെവ്വേറെ കൂലി സംസ്ഥാനങ്ങള്‍ നിശ്ചയിക്കണം.
* ഒരു പൊതു സൂചിക ഉണ്ടാക്കി അതിന്റെ അടിസ്ഥാനത്തിലാവണം ഒരോ മേഖലയിലും കൂലി നിശ്ചയിക്കേണ്ടത്.
* അവിദഗ്ധ തൊഴിലാളി, വൈദഗ്ധ്യം കുറഞ്ഞ തൊഴിലാളി, വിദഗ്ധ തൊഴിലാളി, അതിവിദഗ്ധ തൊഴിലാളി എന്നിങ്ങനെ നാലു വിഭാഗങ്ങള്‍ക്കും വേവ്വേറേ കൂലി.
* ഓരോ തൊഴിലിനും ആവശ്യമായ വൈദഗ്ധ്യം, ജോലിയുടെ കാഠിന്യം, പ്രദേശത്തെ ജീവിതച്ചെലവ് മുതലായ ഘടകങ്ങള്‍കൂടി പരിഗണിക്കണം.
*കുറഞ്ഞകൂലി നിശ്ചയിക്കുമ്പോള്‍, മറ്റു തൊഴിലാളികള്‍ക്കുള്ള 'വേരിയബിള്‍ ഡി.എ.' ഒരു ഘടകമായി എടുത്തിട്ടുണ്ടെങ്കില്‍ ഓരോ അഞ്ചുവര്‍ഷത്തിലും കൂലി പുതുക്കണം. അല്ലെങ്കില്‍ ഈരണ്ടുകൊല്ലം കൂടുമ്പോള്‍ പുതുക്കണം.
* തൊഴിലാളികള്‍ക്ക് വേജസ് കാര്‍ഡ്.
* തൊഴിലാളികളുടെ നഷ്ടപരിഹാരവിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക അതോറിറ്റി.
* നിയമപ്രകാരമുള്ള കുറഞ്ഞകൂലി നല്‍കിയില്ലെങ്കില്‍ ആദ്യതവണ 20,000 രൂപ പിഴ.
പുതിയ വേജ്‌കോഡ് ബില്ലും സര്‍ക്കാറിന്റെ പരിഗണനയിലാണ്. ഇതോടൊപ്പം 1948ലെ 'മിനിമം വേജസ് നിയമ'വും ഭേദഗതി ചെയ്യാനാണ് തീരുമാനം. ദേശീയതലത്തില്‍ മാസം 18,000 രൂപ കുറഞ്ഞകൂലി നിശ്ചയിക്കണമെന്നാണ് തൊഴിലാളി യൂണിയനുകള്‍ ഏറ്റവുമൊടുവില്‍ മുന്നോട്ടുവെച്ചിരിക്കുന്ന ആവശ്യം. എന്നാല്‍, രാജ്യമൊട്ടുക്കും 'ഏക മിനിമം വേജ്' പ്രായോഗികമല്ലെന്നാണ് കേന്ദ്രനിലപാട്. വിവിധ സംസ്ഥാനങ്ങളുടെ ഗ്രൂപ്പുകള്‍ക്ക് വെവ്വേറെ കുറഞ്ഞകൂലി എന്നതാണ് ബദല്‍ നിര്‍ദേശം.
വിവിധ സംസ്ഥാനങ്ങളില്‍ കുറഞ്ഞകൂലി കേന്ദ്രം നിശ്ചയിക്കുന്നതിനുപുറമേ, സംസ്ഥാനങ്ങള്‍ ഓരോ തൊഴിലിനും വെവ്വേറെ കൂലി കണക്കാക്കണം. ദേശീയതലത്തിലെ കൂലിയോ സംസ്ഥാനം നിശ്ചയിക്കുന്ന കൂലിയോ ഏതാണ് കൂടുതലെന്നുവെച്ചാല്‍ അതാണ് തൊഴിലാളിക്ക് ലഭിക്കുക.
നിലവില്‍ ദേശീയതലത്തില്‍ 'നാഷണല്‍ ഫ്‌ളോര്‍ ലവെല്‍ മിനിമം വേജസ്' മാത്രമാണുള്ളത്. കഴിഞ്ഞ ജൂലായ് വരെ അത് ദിവസം 137 രൂപയായിരുന്നു. പിന്നീട് 160 രൂപ ആക്കി. ഫ്‌ളോര്‍ ലവല്‍ മിനിമം വേജസിനു പകരം രാജ്യമൊട്ടുക്കും കുറഞ്ഞകൂലി ഏകീകൃതമാക്കണമെന്നാണ് തൊഴിലാളി യൂണിയനുകളുടെ ആവശ്യം. ഇവയുള്‍പ്പെടെയുള്ള പുതിയ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഫിബ്രവരി പത്തിന് കേന്ദ്ര തൊഴിലാളി യൂണിയനുകളുടെ സംയുക്തയോഗം ചേരുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























