കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ ചെയര്‍മാനെ പുറത്താക്കാന്‍ പി.സി ജോര്‍ജിന് അധികാരമില്ലെന്ന് ടി.എസ് ജോണ്‍

കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ ചെയര്‍മാനെ പുറത്താക്കാന്‍ പി.സി ജോര്‍ജിന് അധികാരമില്ലെന്ന് ടി.എസ് ജോണ്‍. പാര്‍ട്ടിയുടെ പ്രത്യേക ക്ഷണിതാവ് മാത്രമായ ജോര്‍ജ് പാര്‍ട്ടി ചെയര്‍മാനായ തന്നെ പുറത്താക്കുന്നത് എങ്ങനെയാണെന്നും ടി.എസ് ജോണ്‍ ചോദിച്ചു. പി.സി ജോര്‍ജിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി എട്ടിന് കോട്ടയത്ത് നടന്ന യോഗം നിയമസാധുതയുള്ളതോ നിലനില്‍ക്കുന്നതോ അല്ലെന്നും ജോര്‍ജ് കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ പാര്‍ട്ടിയില്‍ അംഗം പോലും അല്ലെന്നും കോട്ടയം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ടി.എസ് ജോണ്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പി.സി ജോര്‍ജിന്റെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ ടി.എസ് ജോണിനെ പുറത്താക്കുകയും പുതിയ പാര്‍ട്ടി ചെയര്‍മാനായി പി.സി ജോര്‍ജിനെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ഇത്തവണ പൂഞ്ഞാര്‍ പിടിക്കാനൊരുങ്ങുന്ന പി.സി ജോര്‍ജിന് കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ പാര്‍ട്ടി തലവേദന സൃഷ്ടിക്കാനാണ് സാധ്യത. പാര്‍ട്ടിക്കായി അവകാശവാദമുന്നയച്ച് ടി.എസ് ജോണ്‍ പക്ഷവും പി.സി ജോര്‍ജും കട്ടക്ക് പിടിക്കാന്‍ തന്നെയാണ് സാധ്യത. പരസ്പരം പുറത്താക്കി കളിക്കുന്ന രണ്ട് നേതാക്കളുടെയും ലക്ഷ്യം നിയമസഭ കസേര തന്നെയാണ്. ടി.എസ് ജോണിന് ഇടതുപാളയത്തില്‍ സീറ്റ് ഉറപ്പിക്കാന്‍ സാധിക്കാത്തതാണ് പി.സിയെ പുറത്താക്കി കേരളാ കോണ്‍ഗ്രസ് സെക്കുലറിനെ മറ്റേതെങ്കിലും മുന്നണിയിലേക്ക് കൊണ്ടുപോകുകയെന്നതായിരുന്നു ടി.എസ് ജോണിന്റെ ലക്ഷ്യം.
പാര്‍ട്ടിയ്ക്ക് ഒരു ഭരണഘടനയുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പാര്‍ട്ടിയ്ക്ക് രജിസ്‌ട്രേഷന്‍ നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം സംസ്ഥാന കമ്മറ്റി വിളിച്ചുകൂട്ടാനുള്ള അധികാരം ചെയര്‍മാനോ, ചെയര്‍മാന്‍ നിയോഗിക്കുന്ന ആളിനോ മാത്രമേയുള്ളൂ എന്നും പി.സി ജോര്‍ജ് പാര്‍ട്ടിയെ ആരും എടുക്കാത്ത നാണയമാക്കി മാറ്റിയെന്നും ടി.എസ് ജോണ്‍ പറഞ്ഞു. പി.സി ജോര്‍ജിന്റെ വളയമില്ലാത്ത ചാട്ടം പാര്‍ട്ടിയ്ക്കും പ്രവര്‍ത്തകര്‍ക്കും ഏറെ ദോഷംചെയ്തിട്ടുണ്ട്. പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തില്‍ തന്നെ നില്‍ക്കേണ്ടവരാണ്. എന്നാല്‍, യാതൊരു മര്യാദയും ഇല്ലാതെ പാര്‍ട്ടി ഭരണഘടനാ വിരുദ്ധമായി വായില്‍ തോന്നുന്ന കാര്യങ്ങള്‍ വിളിച്ചുപറഞ്ഞ് സമൂഹത്തിലെ മാന്യന്മാരെ വ്യക്തിഹത്യ ചെയ്ത് എല്ലാവരെയും വെറുപ്പിച്ച് നടക്കുന്ന വ്യക്തിയാണ് പി.സി ജോര്‍ജെന്നും ടി.എസ് ജോണ്‍ ആരോപിച്ചു.
2016 ഫെബ്രുവരി ഒന്നിന് മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ പാര്‍ട്ടിയുടെ സഹകരണം അവസാനിപ്പിച്ചുകൊണ്ടും പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും പ്രസ്താവന ഇറക്കുകയും ചെയ്ത പി.സി ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിട്ടുള്ളതാണെന്നും പി.സി ജോര്‍ജ് ചീഫ് വിപ്പ് സ്ഥാനത്തു നിന്നും കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്നും പുറത്താക്കപ്പെട്ട് കഴിഞ്ഞപ്പോള്‍ അദ്ദേഹത്തെ ഒരു പ്രത്യേക ക്ഷണിതാവ് എന്ന നിലയില്‍ മാത്രമാണ് പാര്‍ട്ടി യോഗത്തിന് ക്ഷണിച്ചതെന്നും ടി.എസ് ജോണ്‍ വിശദീകരിച്ചു.
കേരളാ കോണ്‍ഗ്രസ് സെക്കുലറിന്റെ പേരില്‍ പാര്‍ട്ടി ചെയര്‍മാന്‍ എന്ന നിലയില്‍ താന്‍ അറിയാതെ മറ്റാര്‍ക്കും പ്രസ്താവനകള്‍ ഇറക്കാന്‍ അവകാശമില്ലെന്നും നിയമം ലംഘിക്കുന്നവര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. ചതിയും വഞ്ചനയും കൈവശമുള്ള നേതാവാണ് പിണറായി വിജയനെന്നും യു.ഡി.എഫുമായി സഹകരിക്കാനാണ് സെക്കുലറിന്റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























