കൊലക്കേസ് പ്രതികളായ സഹോദരങ്ങള്‍ തമ്മില്‍ ശത്രുത; ജ്യേഷ്ഠനെ അടിച്ചുകൊന്ന അജീഷ് എന്ന തക്കുവിന് ജാമ്യമില്ല

വര്‍ക്കല കാറാത്തലയില് നടന്ന ദീപു കൊലക്കേസിലെ പ്രതികളായ സഹോദരങ്ങള്‍ തമ്മിലുള്ള ശത്രുതയില്‍ ജ്യേഷ്ഠനെ അടിച്ചുകൊന്ന കേസില്‍ പ്രതിയായ അനുജന് അജീഷ് എന്ന തക്കുവിന് ജില്ലാ കോടതി ജാമ്യം നിഷേധിച്ചു. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പ്രസുന്മോഹന് ആണ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്. സെപ്റ്റംബര്‍ 9 മുതല്‍ റിമാന്റില്‍ കഴിയുന്ന ചെറുന്നിയൂര്‍ കാറാത്തല ലക്ഷംവീട് അജിത്ത് വിലാസത്തില്‍ അജീഷ് എന്ന തക്കു (36) വിനാണ് ജാമ്യം നിരസിച്ചത്. ഇയാളുടെ ജ്യേഷ്ഠ സഹോദരന് അജിത്തിനെ (38) കൊലപ്പെടുത്തിയ കേസിലാണ് ഉത്തരവ്. സെപ്റ്റംബര്‍ 8 ഞായറാഴ്ച രാത്രി ഒന്‍പതു മണിയോടെ ഇവരുടെ കുടുംബവീട്ടിലാണ് കൊലപാതകം നടന്നത്.
ഇരുവരും തമ്മില്‍ നേരത്തെ ശത്രുതയിലായിരുന്നു. അജീഷ് കുടുംബവീട്ടിലെത്തുന്നത് അജിത്ത് പറഞ്ഞു വിലക്കിയിരുന്നു. ഞായറാഴ്ച രാത്രിയോടെ അജീഷ് കുടുംബവീട്ടിലെത്തി. തുടര്‍ന്ന് ഇരുവരും വഴക്കിടുകയും പരസ്പരം ഏറ്റുമുട്ടുകയും ചെയ്തു.
നിലത്തുവീണ അജിത്തിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പിടിച്ചു മാറ്റാന്‍ ശ്രമിച്ച അമ്മ ശ്യാമയ്ക്കും പരിക്കേറ്റു. അജിത്തിന്റെ മുഖത്തും തലയിലും ആഴത്തിലുള്ള ഏഴോളം മുറിവുകള്‍ ഉള്ളതായും രക്തം വാര്‍ന്നാണ് മരണം സംഭവിച്ചതെന്നുമാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്.
കെട്ടിട നിര്‍മാണത്തിന് ഉപയോഗിക്കുന്ന തേപ്പ് കരണ്ടി ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് അജീഷ് വര്‍ക്കല പോലീസിന് കുറ്റ സമ്മത മൊഴി നല്‍കിയിട്ടുണ്ട്. അജിത്തിനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
2015 ജനുവരിയില്‍ കാറാത്തല വെച്ച് സുഹൃത്ത് ചാണിക്കല്‍ കോളനിയില്‍ ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയാണ് മരിച്ച അജിത്ത്. അജീഷും ഈ കേസില്‍ പ്രതിയാണ്. ഈ കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണ്. കേസുമായി ബന്ധപ്പെട്ട് ഇരുവരും ശത്രുതയിലാവുകയും നിരന്തരം വഴക്കിടുകയും ചെയ്തിരുന്നതായി പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























