കോൺഗ്രസിലെ തലമുതിർന്നവരുടെ പോര് ഏറ്റെടുത്ത് രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ, ചെന്നിത്തലയെയും ഷാഫിയെയും രാഹുലിനെയും കടന്നാക്രമിച്ച് അമൽ ഉണ്ണിത്താൻ രംഗത്ത്

കിരീടം സിനിമയിലെ ആ രംഗം ഓർമയില്ലേ? അച്ഛനായ തിലകൻ മകനായ മോഹൻലാലിനോട് പറയുന്ന ഒരു ഡയലോഗുണ്ട്. "നിന്റെ അച്ഛനാടാ പറയുന്നത്, കത്തി താഴെയിട്..."
ആ ഡയലോഗ് ഇപ്പോൾ രാജ്മോഹൻ ഉണ്ണിത്താൻ എംപി സ്വന്തം മകനോട് പറയേണ്ട അവസ്ഥയിലാണോ എന്നാണ് കേരള രാഷ്ട്രീയത്തിലെ പുതിയ ചർച്ചകൾ കണ്ടാൽ തോന്നുക. കാരണം കോൺഗ്രസിലെ തലമുതിർന്ന നേതാക്കൾ തമ്മിൽ തുടങ്ങിയ പോര് ഇപ്പോൾ യുവാക്കളും ഏറ്റെടുത്തിരിക്കുകയാണ്. അതിനിടയിൽ സ്വന്തം അച്ഛനെതിരെ സൈബർ ആക്രമണങ്ങൾ ഉയർന്നപ്പോൾ മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത് രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ അമൽ ഉണ്ണിത്താനാണ്. അച്ഛനെ വിമർശിക്കുന്നവരോട് മാത്രമല്ല, കോൺഗ്രസിലെ ചില മുതിർന്ന നേതാക്കളോടും അമൽ ചോദ്യങ്ങൾ ചോദിക്കുന്നു. രമേശ് ചെന്നിത്തലയ്ക്ക് എതിരായാണ് മകന്റെ വിമർശനം എന്നതിനാൽ അത് വലിയ രാഷ്ട്രീയ ചലനം ഉണ്ടാക്കും എന്നതിൽ തർക്കമില്ല. പരസ്യ വിമർശനം പാടില്ലെന്ന താക്കീതെല്ലാം ഇപ്പോൾ കാറ്റിൽ പറക്കുകയാണ്.
കോൺഗ്രസിൽ ഇപ്പോൾ നടക്കുന്നത് വെറുമൊരു അഭിപ്രായവ്യത്യാസമല്ല. ആരുടെ വാക്കാണ് പാർട്ടിയിൽ അവസാന വാക്ക്, ആരുടെ ആളുകളാണ് അധികാരസ്ഥാനങ്ങളിൽ എത്തേണ്ടത്, ആരാണ് പാർട്ടിയുടെ രാഷ്ട്രീയ ദിശ തീരുമാനിക്കേണ്ടത് എന്നിങ്ങനെ പല തലങ്ങളിലേക്കും തർക്കം വളരുകയാണ്.
കാസർകോട്ടെ സർക്കാർ അഭിഭാഷക നിയമനവുമായി ബന്ധപ്പെട്ട തർക്കമാണ് രാജ്മോഹൻ ഉണ്ണിത്താനും യൂത്ത് കോൺഗ്രസും തമ്മിലുള്ള പരസ്യ പോരിലേക്ക് വഴിമാറിയത്. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനത്തിൽ ഇടത് അനുകൂല അഭിഭാഷകനായ വിദ്യാധരൻ നമ്പ്യാരെ ഉൾപ്പെടുത്തിയതിനെച്ചൊല്ലിയാണ് വിവാദം. ഡിസിസി നൽകിയ പട്ടികയിൽ അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നുവെന്നാണ് ഉണ്ണിത്താന്റെ വാദം. എന്നാൽ പട്ടികയിൽ പേരില്ലെന്ന് യൂത്ത് കോൺഗ്രസും ഡിസിസി അധ്യക്ഷനും നിലപാടെടുത്തു. ഇതോടെ തർക്കം സമൂഹമാധ്യമങ്ങളിലേക്കും വ്യാപിച്ചു.
യൂത്ത് കോൺഗ്രസ് നേതാക്കൾ ഉണ്ണിത്താനെതിരെ രംഗത്തെത്തി. ഉണ്ണിത്താന്റെ പരിഹാസങ്ങൾക്ക് മറുപടിയായി കാർട്ടൂൺ വീഡിയോ വരെ പുറത്തിറക്കി. എംപിക്കെതിരെ സൈബർ ആക്രമണങ്ങളും ശക്തമായി. തലമുതിർന്ന നേതാവും യുവജനസംഘടനയിലെ നേതാക്കളും തമ്മിലുള്ള പോര് അങ്ങനെ പാർട്ടിക്കുള്ളിലെ വലിയൊരു ഏറ്റുമുട്ടലായി മാറി.
പക്ഷേ ഉണ്ണിത്താൻ പിന്നോട്ടുപോകാൻ തയ്യാറായില്ല. ഇന്ന് കടുത്ത ഭാഷയിൽ രംഗത്തെത്തി. ഷാഫി പറമ്പിലിനെതിരെ ആഞ്ഞടിച്ചു. ഷാഫി എ ഗ്രൂപ്പാണെങ്കിൽ അതൊരു എട്ടാമത്തെ അത്ഭുതമായിരിക്കുമെന്നായിരുന്നു പരിഹാസം. ഉമ്മൻചാണ്ടി സ്കൂൾ ഓഫ് പൊളിറ്റിക്സിന്റെ സർട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെ ലക്ഷ്യമിട്ടും ഉണ്ണിത്താൻ കടുത്ത വാക്കുകൾ ഉപയോഗിച്ചു. സൈബർ ആക്രമണത്തിന് പിന്നിൽ പെട്ടിതാങ്ങികളാണെന്നും ആശാന് വേണ്ടി ശിഷ്യൻ ഇറങ്ങിയിരിക്കുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. യൂത്ത് കോൺഗ്രസ് അധ്യക്ഷനായി ഉമ്മൻചാണ്ടി നിർദേശിച്ചത് മറ്റൊരാളെയായിരുന്നുവെന്നും ആ നിർദേശം ചിലർ ചവറ്റുകുട്ടയിലിട്ടെന്നും ഉണ്ണിത്താൻ ആരോപിച്ചു.
ഇതോടെ പോര് കൂടുതൽ ചൂടുപിടിച്ചു. ഒരു വശത്ത് ഉണ്ണിത്താൻ, മറുവശത്ത് ഷാഫി പറമ്പിലിനെയും രാഹുൽ മാങ്കൂട്ടത്തിലിനെയും പിന്തുണയ്ക്കുന്ന യുവ നേതാക്കൾ. മുതിർന്ന നേതാക്കളുടെ രാഷ്ട്രീയ നിലപാടുകൾക്ക് യുവാക്കൾ സമൂഹമാധ്യമങ്ങളിലൂടെ മറുപടി നൽകുന്ന സാഹചര്യം.
ഇതിനിടെയാണ് രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ അമൽ ഉണ്ണിത്താൻ അച്ഛന് പിന്തുണയുമായി രംഗത്തെത്തുന്നത്. പക്ഷേ അച്ഛനെ പിന്തുണയ്ക്കുന്ന ഒരു കുറിപ്പിൽ അമൽ ഒതുങ്ങിയില്ല. കോൺഗ്രസിലെ ആഭ്യന്തര അധികാരപ്പോരിലേക്ക് നേരിട്ട് കടന്നുചെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
രമേശ് ചെന്നിത്തലയെ ലക്ഷ്യമിട്ടായിരുന്നു അമലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എല്ലാ പണിയും ഒപ്പിച്ചുവെച്ചിട്ട് ഒന്നുമറിയാത്ത ഭാവത്തിൽ അരങ്ങിലെ കളി കണ്ടിരിക്കുകയാണോ എന്നായിരുന്നു ചെന്നിത്തലയോടുള്ള ചോദ്യം. കോൺഗ്രസിൽ ഇപ്പോൾ നടക്കുന്നത് ഭരണപ്രവർത്തനമാണോ അതോ മുഖ്യമന്ത്രി കസേരയ്ക്കുവേണ്ടിയുള്ള മ്യൂസിക്കൽ ചെയർ മത്സരമാണോ എന്നും അമൽ ചോദിച്ചു.
വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി ജനവികാരത്തിന്റെ പേരിൽ മറ്റൊരാൾ കസേര സ്വന്തമാക്കാനുള്ള നീക്കമാണോ നടക്കുന്നതെന്ന സംശയവും അദ്ദേഹം ഉന്നയിച്ചു. ഉമ്മൻചാണ്ടിയുടെ കാലത്തെ അധികാരവടംവലികൾ ആവർത്തിക്കരുതെന്നും കോൺഗ്രസ് നേതാക്കൾ അധികാരത്തർക്കം അവസാനിപ്പിച്ച് ജനങ്ങളുടെ പ്രശ്നങ്ങളിൽ ശ്രദ്ധിക്കണമെന്നും അമൽ ആവശ്യപ്പെട്ടു.
അച്ഛനെതിരെ ബിജെപി ബന്ധം ആരോപിച്ച് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നവരെയും അമൽ വെറുതെ വിട്ടില്ല. ആരോപണങ്ങൾക്ക് തെളിവുണ്ടെങ്കിൽ പുറത്തുവിടണമെന്നും രാഷ്ട്രീയമായി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഭിപ്രായം പറഞ്ഞാൽ ബിജെപി മുദ്രകുത്തുകയും വിമർശിച്ചാൽ പാർട്ടിവിരുദ്ധനാക്കുകയും ചെയ്യുന്നതാണോ കോൺഗ്രസിലെ ആഭ്യന്തര ജനാധിപത്യമെന്നും അമൽ ചോദിച്ചു.
ഇവിടെ ശ്രദ്ധിക്കേണ്ടത് മറ്റൊരു കാര്യമാണ്. കോൺഗ്രസിലെ ഈ പോരാട്ടം ഇപ്പോൾ നേതാക്കൾക്കിടയിൽ മാത്രം ഒതുങ്ങുന്നില്ല. നേതാക്കളുടെ നിലപാടുകൾക്ക് വേണ്ടി പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പോരടിക്കുന്നു. യൂത്ത് കോൺഗ്രസ് നേതാക്കൾ നേരിട്ട് ഏറ്റുമുട്ടുന്നു. ഒടുവിൽ മുതിർന്ന നേതാവിന്റെ മകനും പരസ്യമായി രംഗത്തെത്തുന്നു.
രാഷ്ട്രീയത്തിൽ തലമുറകൾ മാറിയെങ്കിലും ഗ്രൂപ്പ് പോരും അധികാരമോഹവും മാറുന്നില്ലെന്ന വിമർശനത്തിനും ഈ സംഭവങ്ങൾ വഴിവെക്കുന്നു. നേതാക്കൾ തമ്മിലുള്ള തർക്കത്തിൽ പ്രവർത്തകർ മാത്രമല്ല, ഇപ്പോൾ അവരുടെ കുടുംബാംഗങ്ങളും വാക്കുകളുമായി രംഗത്തിറങ്ങുന്ന കാഴ്ചയാണ് കേരളം കാണുന്നത്.
https://www.facebook.com/Malayalivartha


























