പെരിയ ഇരട്ടക്കൊലക്കേസ്: ശിക്ഷിക്കപ്പെട്ട ഒന്‍പതു പ്രതികളെ വിയ്യൂര്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും

പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഒന്‍പതു പ്രതികളെ വിയ്യൂര്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നിന്നാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ഇവരെ മാറ്റുന്നത്. കോടതി നിര്‍ദേശപ്രകാരമാണ് പ്രതികളെ മാറ്റുന്നതെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് സിബിഐ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഒന്നു മുതല്‍ എട്ടുവരെയുള്ള പ്രതികളായ എ.പീതാംബരന്, സജി.സി.ജോര്‍ജ്, കെ.എം.സുരേഷ്, കെ.അനില്‍കുമാര്‍, ജി.ഗിജിന്‍, ആര്.ശ്രീരാഗ്, എ.അശ്വിന്, സുബീഷ് എന്നിവരും പത്താം പ്രതി ടി.രഞ്ജിത്തും വിയ്യൂരിലെ അതീവ സുരക്ഷാ ജയിലാണ് കേസിന്റെ തുടക്കം മുതല്‍ കഴിഞ്ഞിരുന്നത്.
പ്രതികളുടെ അപേക്ഷ പരിഗണിച്ച്, വിചാരണ കോടതിയായ കൊച്ചി സിബിഐ കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മാറ്റം. ബന്ധുക്കള്‍ക്കടക്കം വന്നുകാണാന്‍ കണ്ണൂരിലേക്ക് മാറ്റണമെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് വിചാരണ കോടതി അംഗീകരിച്ച സാഹചര്യത്തിലാണ് പ്രതികളുടെ ജയില്‍ മാറ്റം.
10 പ്രതികള്‍ക്കാണ് കേസില്‍ കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നത്. 2 ലക്ഷം രൂപ പിഴയും നല്‍കണം. കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ മറ്റ് നാല് പ്രതികള്‍ക്ക് 5 വര്‍ഷം തടവും 1000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്.
5 വര്‍ഷം കഠിന തടവിനു ശിക്ഷിക്കപ്പെട്ട കെ.വി.കുഞ്ഞിരാമന്, കെ.മണികണ്ഠന്, രാഘവന് വെളുത്തോളി, കെ.വി.ഭാസ്കരന് എന്നിവരെ എറണാകുളം ജില്ലാ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇവര്‍ ഇതുവരെ ജയിലില്‍ കിടന്നിട്ടില്ല. എ ബ്ലോക്കിലാണ് ഇവരുള്ളത്. എ ബ്ലോക്കിലെ പ്രത്യേക സെല്ലിലാണ് സുരേന്ദ്രന്. ഇവരെ നാളെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റാനാണ് ആലോചന. ഇതോടെ പെരിയ കേസിലെ എല്ലാ പ്രതികളും കണ്ണൂര്‍ ജയിലിലേക്കെത്തും.
ആറ് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ഒടുവിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കേസിലെ 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പത്ത് പ്രതികള്‍ക്കെതിരെ വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളായിരുന്നു ചുമത്തിയിരിക്കുന്നത്. എന്നാല്‍ മറ്റ് പത്ത് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.
ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കെതിരെ കൊലക്കുറ്റവും ഗൂഢാലോചനയും തെളിഞ്ഞിട്ടുണ്ട്. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന് അടക്കമുള്ളവര്‍ കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയത്. കുറ്റക്കാരായ 16 പേരില്‍ ആറ് പേര് സിപിഎമ്മിന്റെ പ്രധാന നേതാക്കളാണ്.
മുഖ്യ ആസൂത്രകന്‍ സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം എ പീതാംബരന്, കൊലപാതകം കൃത്യം നടത്തിയ സജി സി. ജോര്‍ജ് (സജി), കെ.എം. സുരേഷ്, കെ. അനില്‍ കുമാര്‍ (അബു), ജിജിന്, ആര്. ശ്രീരാഗ് (കുട്ടു), എ. അശ്വിന് (അപ്പു), സുബീഷ് (മണി) എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം തെളിഞ്ഞത്.
കൂടാതെ ടി. രഞ്ജിത്ത്, കെ. മണികണ്ഠന് (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), എ. സുരേന്ദ്രന് (വിഷ്ണു സുര), കെ.വി. കുഞ്ഞിരാമന് (ഉദുമ മുന്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), രാഘവന് വെളുത്തോളി (മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി), കെ. വി. ഭാസ്കരന് എന്നിവരാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റ് പ്രതികള്‍.
2019 ഫെബ്രുവരി 17-നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ട് ശരത് ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതിയും സിപിഎം മുന്‍ ലോക്കല്‍ക്കമ്മിറ്റിയംഗം എ.പീതാംബരനള്‍പ്പെടെ 14 പേരെ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തിരുന്നത്. മുന്‍ എം എല്‍ എ കെ.വി.കുഞ്ഞിരാമന് ഉള്‍പ്പെടെ പത്തുപേരെ സി.ബി.ഐയുമാണ് അറസ്റ്റു ചെയ്തത്.
https://www.facebook.com/Malayalivartha

























