ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ മരം വീണ് ഒന്നാംവര്‍ഷ എക്കണോമിക്‌സ് ബിരുദ വിദ്യാര്‍ഥിനി മരിച്ചു; ആറ് പേര്‍ക്ക് പരിക്ക്

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ മരം ദേഹത്ത് വീണ് വിദ്യാര്‍ഥിനി മരിച്ചു. ശ്രീകൃഷ്ണ കോളജിലെ ഒന്നാംവര്‍ഷ എക്കണോമിക്‌സ് ബിരുദ വിദ്യാര്‍ഥിനി അനുഷയാണ് മരിച്ചത്. അഞ്ച് വിദ്യാര്‍ഥിനികളടക്കം ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നയന, സുജില, ഹരിത, ശ്രീലക്ഷ്മി എന്നിവരാണ് പരിക്കേറ്റ വിദ്യാര്‍ഥിനികള്‍. ഒരു ആണ്‍കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് സൂചന. പരിക്കേറ്റവര്‍ തൃശൂര്‍ അമല മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കലിക്കറ്റ് സര്‍വകലാശാലാ 'ഡി' സോണ്‍ കലോത്സവം നടക്കുന്നതിനിടെ രാവിലെ പത്തരയോടെയായിരുന്നു അപകടം. മരച്ചുവട്ടില്‍ ഇരുന്ന കുട്ടികളാണ് അപകടത്തില്‍ പെട്ടത്. കാമ്പസിനകത്ത് കോളേജ് ഗ്രൗണ്ടിനോടടുത്ത് നിന്നിരുന്ന മരം കാറ്റില്‍പെട്ട് മരം കടപുഴകി വീഴുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. രാവിലെ മുതല്‍ തൃശൂര്‍ ജില്ലയില്‍ ശക്തമായ കാറ്റ് വീശുന്നുണ്ട്. ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്.
കലോത്സവത്തിന്റെ സ്‌റ്റേജിതര മത്സരമാണ് ശ്രീകൃഷ്ണ കോളജില്‍ നടക്കുന്നത്. ബുധനാഴ്ചയാണ് മത്സരം തുടങ്ങിയത്. നാളെ മുതല്‍ സ്‌റ്റേജ് ഇനങ്ങള്‍ നടക്കാനിരിക്കുകയാണ്. മത്സരങ്ങള്‍ക്കായി അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ എത്തുന്ന കാമ്പസിലാണ് ദുരന്തമുണ്ടായത്. അപകടത്തെ തുടര്‍ന്ന് കലോത്സവം മാറ്റിവെച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha