യൂസഫലിയുടെ പാര്‍ക്കിങ് കൊള്ളക്കെതിരെ യുവതിയുടെ ഒറ്റയാള്‍ പോരാട്ടം

കോട്ടയം പുതുപ്പള്ളക്കാരിയായ രമാ ജോര്‍ജ്ജെന്ന പൊതു പ്രവര്‍ത്തകയാണ് ലുലുമാളിനും യൂസഫലിക്കുമെതിരായ പാര്‍ക്കിങ് കൊള്ളക്കതിരെ ഒറ്റയാള്‍ പോരാട്ടം നടത്തി ജനശ്രദ്ധ നേടിയിരിക്കുന്നത്. പുതുപ്പള്ളിയിലാണ് താമസമെങ്കിലും കൊച്ചിയില്‍ സ്ഥിരമായി വന്നേ പറ്റൂ. രാംവിലാസ് പാസ്വാന്റെ എല്‍ജെപിയെന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവാണ് അവര്‍. ചിലപ്പോഴൊക്കെ കുടുംബവും കൊച്ചിയിലെത്തും. അത്തരമൊരു ദിവസം സാധാരണ ഷോപ്പിംഗിനായി ലുലു മാളിലെത്തിയതാണ് രമാ ജോര്‍ജ്ജ്. അപ്പോഴാണ് കാര്‍ പാര്‍ക്ക് ചെയ്യണമെങ്കില്‍ ഫീസ് നല്‍കണമെന്ന ആവശ്യം മുന്നിലെത്തിയത്. പണം നല്‍കാം രസീത് എവിടെയെന്ന് ചോദിച്ചപ്പോള്‍ സെക്യൂരിറ്റിക്കാരന്‍ പറഞ്ഞ മറുപടി ഉള്‍ക്കൊള്ളാനാകുന്നതല്ലായിരുന്നു. രസീത് നല്‍കാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം. പക്ഷേ പണം തരികയും വേണം. നിര്‍ബന്ധിച്ചപ്പോള്‍ ഗത്യന്തരമില്ലാതെ സെക്യൂരിറ്റിക്കാരന്‍ രസീത് നല്‍കി. ഇവിടെ നിന്നാണ് ശതകോടീശ്വരനായ എം എ യൂസഫലിയുടെ ലുലുമാളിനെതിരെ നിയമ പോരാട്ടം തുടരുന്നത്.
എന്തുകൊണ്ട് രസീത് നല്‍കില്ലെന്ന് പറഞ്ഞുവെന്ന ചിന്തയായിരുന്നു എല്ലാത്തിനും വഴിയൊരുക്കിയത്. ഇതിന്റെ രഹസ്യം അന്നു തന്നെ കണ്ടെത്തി. കേരള കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ അനുസരിച്ച് മതിയായ പാര്‍ക്കിങ് സൗകര്യം സൗജന്യമായി ഏര്‍പ്പെടുതിയെങ്കില്‍ മാത്രമേ കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കാനാകൂ എന്നാണ് നിയമം. ഇത് അംഗീകരിച്ച് തന്നെയാണ് ലുലുവും കെട്ടിടം പണിതത്. അതുകൊണ്ട് തന്നെ ഇത്തരമൊരു രസീതിന് നിയമപരമായി മുന്‍സിപ്പാലിറ്റികളോ കോര്‍പ്പറേഷനോ അംഗീകരാം നല്‍കില്ല. അതുകൊണ്ട് പാര്‍ക്കിംഗിന് രസീതില്ല. എന്നാല്‍ ഫീസ് വാങ്ങുന്നുമുണ്ട്മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ സുഹൃത്തുക്കളില്‍ നിന്ന് ഇത് മനസ്സിലാക്കിയതോടെ രമാ ജോര്‍ജ് നിയമ പോരാട്ടത്തിന് ഒരുങ്ങി. കണ്‍സ്യൂമര്‍ കോടതി തെരഞ്ഞെടുക്കാനും ഒരു കാരണമുണ്ട്. അത് രമാ ജോര്‍ജ് തന്നെ വിശദീകരിക്കുന്നത് ഇങ്ങനെ.
കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാനാണ് ഇതിലേക്ക് വഴി തുറന്നത്. മുമ്പ് കേരളത്തിലെത്തിയപ്പോള്‍ കണ്‍സ്യൂമര്‍ കോടതികളുടെ സാധ്യതകള്‍ മന്ത്രി വിവരിച്ചിരുന്നു. കണ്‍സ്യൂമര്‍ എന്ന നിലയ്ക്ക് ആര്‍ക്കും കണ്‍സ്യൂമര്‍ കോടതിയെ സമീപിക്കാം. അവിടെ വക്കീലും വേണ്ട. നേരിട്ട് തന്നെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താം. അങ്ങനെ ഹൈക്കോടതിയിലേക്ക് പോകാനുള്ള കാശില്ലാത്ത താന്‍ കണ്‍സ്യൂമര്‍ കോടതിയിലെത്തി. ലുലുവുമായുള്ള കേസില്‍ കണ്‍സ്യൂമര്‍ കോടതി വിശദമായി തന്നെ പരിശോധിച്ചു. അങ്ങനെയാണ് ഇടക്കാല ഉത്തരവില്‍ കാര്യങ്ങളെത്തിയത്. ഇവിടെ പകുതി മാത്രമേ വിജയിച്ചിട്ടുള്ളൂ. മുന്‍സിപ്പാലിറ്റിയുടേയോ മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളുടേയോ അറിവോ അനുമതിയോ കൂടാതെയാണ് പാര്‍ക്കിങ് കൊള്ളയെന്ന് കണ്‍സ്യൂമര്‍ കോടതി തിരിച്ചറിയുന്നു. ഇനി പരിക്കുന്ന പണം കോടതിയില്‍ കെട്ടിവയ്ക്കണം. അന്തിമ വിധിക്ക് ശേഷം അക്കാര്യത്തില്‍ തീരുമാനം വരുംരമാ ജോര്‍ജ് പറയുന്നു.
പാര്‍ക്കിങ് ഫീസ് ഇനത്തില്‍ പിരിച്ചെടുക്കുന്ന പണം കണ്‍സ്യൂമര്‍ കോടതിയില്‍ കെട്ടിവെക്കാനാണ് കോടതി ഉത്തരവിട്ടത്. പാര്‍ക്കിങ് സൗകര്യം ഒരുക്കേണ്ടത് സ്ഥാപന ഉടമകളുടെ ചുമതലയാണെന്നും അനധികൃതമായി പാര്‍ക്കിങ് ഫീസ് ഈടാക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമുള്ള രമയുടെ വാദങ്ങളെ അംഗീകരിച്ചു കൊണ്ടാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. എറണാകുളം കണ്‍സ്യൂമര്‍ കോടതിയാണ് ലുലു മാളിനെതിരായ ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്ന് മുതല്‍ ലുലു മാളില്‍ പാര്‍ക്കിങ് ഫീസ് ഇനത്തില്‍ പിരിക്കുന്ന പണം ഒന്നിടവിട്ട ദിവസങ്ങളില്‍ കോടതിയില്‍ കെട്ടിവെക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട ബാങ്കില്‍ പണം അടയ്ക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇന്നലെ വരെ ലുലുമാള്‍ കോര്‍പ്പറേഷന്‍ ടാക്‌സും സര്‍വീസ് ടാക്‌സും നല്‍കാതെ അനധികൃതമായാണ് പണപ്പിരിവ് നടത്തിയത്. കേസുമായി ബന്ധപ്പെട്ട് തുടര്‍ന്നും നിയമനടപടികള്‍ നടക്കുമ്പോള്‍ പണം നിയമാനുസ്രുതം തിരിച്ചു നല്‍കാവുന്നതോടെ അല്ലെങ്കില്‍ സര്‍ക്കാറിലേക്ക് കണ്ടുകെട്ടുകയോ ചെയ്യാമെന്നും ഉത്തരവില്‍ പറയുന്നു.
ഈ ഉത്തരവിലേക്ക് കാര്യങ്ങളെത്തിയതിന് പിന്നില്‍ ഒരു കാരണമുണ്ട്. കൊച്ചിയിലെ തന്നെ ശീമാട്ടിയുമായി ബന്ധപ്പെട്ട പാര്‍ക്കിങ് വിഷയത്തിലെ കേസ് കണ്‍സ്യൂമര്‍ കോടതിയില്‍ എത്തിയിരുന്നു. അന്ന് ശീമാട്ടിയുടെ മുതലാളി ബീനാകണ്ണനെതിരെയാണ് ഉത്തരവ് വന്നത്. എന്നാല്‍ അപ്പീല്‍ അധികാരികള്‍ ഈ വിധി റദ്ദ് ചെയ്തു. അപ്പീല്‍ വാദത്തില്‍ പരാതിക്കാര്‍ എത്തിയിരുന്നില്ല. അതുകൊണ്ടാണ് ബീനാ കണ്ണന്റെ വാദം അംഗീകരിക്കപ്പെട്ടത്. അതിന് ശേഷം ഇതുമായി ബന്ധപ്പെട്ട് ഇത്തരം വിഷയങ്ങളില്‍ ഹൈക്കോടതി വിധിയും ഉണ്ട്. കണ്‍സ്യൂമര്‍ കോടതികള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാനാകുമോ എന്ന സംശയമാണ് ഈ വിധി ഉയര്‍ത്തുന്നത്. രമാ ജോര്‍ജ്ജിന്റെ കേസില്‍ ഇതു വാദമായി യൂസഫലിയുടെ അഭിഭാഷകന്‍ ഉയര്‍ത്തി. ഇതുകൊണ്ട് മാത്രമാണ് പ്രത്യക്ഷത്തിലെ പകല്‍ കൊള്ളയില്‍ തീരുമാനം അന്തിമ വിധിയിലേക്ക് മാറ്റി വച്ചത്. എന്നാല്‍ ഹൈക്കോടതിയുടെ ശ്രദ്ധയില്‍ യഥാവിധി പ്രശ്‌നങ്ങള്‍ കൊണ്ടുവന്നാല്‍ ലുലു മാളിലെ പാര്‍ക്കിങ് ഫീസ് കൊള്ള തീരുമെന്നാണ് വിലയിരുത്തല്‍. അതില്‍ രമാ ജോര്‍ജിന് ശുഭാപ്തി വിശ്വാസം ഏറെയാണ്.
തിരുവനന്തപുരത്തെ സംഭവമാണ് രമാ ജോര്‍ജിന്റെ പ്രതീക്ഷയ്ക്ക് കാരണം. കളക്ടറായി ബിജു പ്രഭാകര്‍ എത്തി. ഇതിനിടെയാണ് സിനിമാ കാണാനെത്തിയവരില്‍ നിന്ന് പാര്‍ക്കിങ് ഫീസ് വാങ്ങിയ വിഷയം വിവാദമായത്. ചട്ടപ്രകാരം കളക്ടര്‍ ഇടപെട്ടു. തിയേറ്ററുകളിലേയും ഷോപ്പിങ് മാളുകളിലേയും പാര്‍ക്കിങ് ഫീസ് കൊള്ള അതോടെ തീര്‍ന്നു. ഇന്ന് തിരുവനന്തപുരത്തെ മിക്കവാറും എല്ലാ വ്യാപാര സ്ഥാപനങ്ങളും സൗജന്യമായി വാഹന പാര്‍ക്കിംഗിന് സ്ഥലമൊരുക്കുന്നു. എന്തുകൊണ്ട് തന്റെ നിയമപോരാട്ടം വാര്‍ത്തയായിട്ടും കൊച്ചിയിലെ കളക്ടര്‍ അനങ്ങുന്നില്ലെന്ന സംശയമാണ് അവര്‍ക്കുള്ളത്. നിലവില്‍ താന്‍ കൊടുത്ത പരാതിയില്‍ കളക്ടറെ പ്രതിയാക്കാന്‍ കഴയില്ല. ഏതെങ്കിലും സംഘടനകള്‍ താമസിയാതെ തന്നെ ജില്ലാ ഭരണകൂടത്തിന്റേയും തദ്ദേശ സ്ഥാപനത്തിന്റേയും മൗനത്തിനെതിരെ നിയമപോരാട്ടത്തിനെത്തുമെന്ന് രമാ ജോര്‍ജ് മറുനാടനോട് പറഞ്ഞു. യൂസഫലിയുടെ വിഷയത്തില്‍ നീതി ഉറപ്പാക്കാന്‍ ആവശ്യമെങ്കില്‍ മേല്‍കോടതികളേയും സമീപിക്കും.
17 ലക്ഷം ചതുരശ്രയടി വിസ്തീണ്ണമുള്ള ലുലു മാളിന്റെ ഏറ്റവും താഴത്തെ നില പൂര്‍ണ്ണമായും പാര്‍ക്കിങ്ങിന് മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിയമം. ഇത് ഉപഭോക്താവിന്റെ അവകാശമാണെന്ന് രമാ ജോര്‍ജ് പറയുന്നു. പാര്‍ക്കിങ് ഫീസെന്ന പേരില്‍ ലുലു മാളില്‍ യൂസഫലി ഇതിനോടകം പത്ത് കോടിയിലേറെ രൂപ അനധികൃതമായി പിരിച്ചിട്ടുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. ഈ അനധികൃത പിരിവ് തടയാന്‍ ഉത്തരവാദിത്തപ്പെട്ട കളമശ്ശേരി നഗരസഭാ അധികൃതരും ഒന്നും മിണ്ടാതെ മൗനം പാലിക്കുകായായിരുന്നു. സാധാരണ നിലയില്‍ നഗരസഭയുടെ അനുമതിയോടെ പാര്‍ക്കിങ് ഫീസ് ഈടാക്കാം. എന്നാല്‍, ഇതിനായി പ്രത്യേകം രസീതും നല്‍കുകയാണ് വേണ്ടത്. എന്നാല്‍ ഇതെല്ലാം ലംഘിച്ചായിരുന്നു ലുലുവിന്റെ പാര്‍ക്കിങ് കൊള്ള. കേസ് പരിഗണിച്ച കോടതി ലുലു മാള്‍ അധികൃതര്‍ക്ക് ഇത് സംബന്ധിച്ച വിശദീകരണം നല്‍കാന്‍ നോട്ടീസും നല്‍കിയിരുന്നു.മാളിലേക്ക് എത്തുന്നവരില്‍ നിന്നും തോന്നിയ പോലെയാണ് ഇവിടെ പണപ്പിരിവ് നടക്കുന്നത്. 20 രൂപ മുതലാണ് പാര്‍ക്കിങ് ഫീസ് ഇനത്തില്‍ ഈടാക്കിയിരുന്നത്. പാര്‍ക്കിങ് സംവിധാനമുള്‍പ്പെടെ സൗജന്യമാക്കി കൊണ്ടാണ് കോര്‍പ്പറേഷന്‍ മാളിന് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് ലംഘിച്ചാണ് മാളിലെ കോടികളുടെ കൊള്ള. ഓരോ മാസവും ലക്ഷക്കണക്കിന് വാഹനങ്ങളാണ് ഇവിടെ വന്നു പോകുന്നത്. ലക്ഷണക്കണക്കിന് വാഹനങ്ങള്‍ ഇതിനോടകം തന്നെ ഇവിടെ വന്നിരുന്നു എന്ന് വ്യക്തമാകുമ്പോഴാണ് ഈ കൊള്ളയുടെ വ്യപ്തി എത്രത്തോളം വലുതാണെന്ന് വ്യക്തമാകുക. മാളിലെ ഷോപ്പിംഗിലൂടെ ഈടാക്കുന്ന തുകയെന്ന പോലെ തന്നെ ലാഭകമായ ബിസിനസായാണ് കണക്കാക്കുന്നത്. ഇത് മനസ്സിലാക്കിയാണ് രമാ ജോര്‍ജ് നിയമ പോരാട്ടത്തിന് ഇറങ്ങിയത്.
സാമൂഹിക സേവന രംഗത്തെ കര്‍മ്മ നിരത തന്നെയാണ് ഈ പോരാട്ടത്തിന് കരുത്തായത്. രാംവിലാസ് പാസ്വാന്റെ എല്‍ജെപിയുടെ കേരളത്തിലെ പാര്‍ലമെന്ററീ ബോര്‍ഡ് ചെയര്‍പേഴ്‌സണാണ് രമാ ജോര്‍ജ്. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ബോര്‍ഡിലുള്‍പ്പെടെ അംഗമാണ്. മുനുഷ്യാവകാശ സംഘടനകളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനം. അനീതിക്ക് എതിരെ പ്രവര്‍ത്തിക്കാന്‍ ആ സംഘടനയിലെ സുഹൃത്തുക്കളെല്ലാം രമാ ജോര്‍ജിന് പിന്തുണയുമായുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായ ഇവര്‍ പതിനാല് കൊല്ലം മുമ്പാണ് പാസ്വാന്റെ അടുത്ത അനുയായി ആകുന്നത്. ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎയുടെ പ്രവര്‍ത്തനത്തിലും ഇവര്‍ സജീമാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള സാധ്യതയുമുണ്ട്. എന്നാല്‍ ഇത്തരം ചോദ്യങ്ങളോട് രമാ ജോര്‍ജിന്റെ പ്രതികരണം തനിക്ക് താല്‍പ്പര്യം സാമൂഹിക മേഖലയിലെ ഇടപെടലുകളാണെന്നതാണ്. ഈ ദിശാബോധം തന്നെയാണ് ലുലു മാള്‍ വിഷയത്തിലും ഇടപെടലിന് രമാ ജോര്‍ജിനെ സജ്ജയാക്കിയതും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha