''പാര്‍ട്ടിക്കകത്ത് നേതാക്കള്‍ തമ്മില്‍ത്തല്ലുന്നതില്‍ ദുഃഖമുണ്ടായിരുന്നു. എന്റെ വിഷയത്തിലെങ്കിലും അവര്‍ക്കിടയില്‍ ഐക്യം വന്നല്ലോ. അതില്‍ സന്തോഷമുണ്ട്'' വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ശശി തരൂര്‍

സംസ്ഥാനത്തെ വ്യവസായ വളര്‍ച്ചാ വിഷയത്തിലെ പരാമര്‍ശത്തിന്റെ പേരില്‍ തന്നെ വിമര്‍ശിച്ചവര്‍ക്ക് മറുപടി നല്‍കി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ശശി തരൂര്‍. ''പാര്‍ട്ടിക്കകത്ത് നേതാക്കള്‍ തമ്മില്‍ത്തല്ലുന്നതില്‍ ദുഃഖമുണ്ടായിരുന്നു. എന്റെ വിഷയത്തിലെങ്കിലും അവര്‍ക്കിടയില്‍ ഐക്യം വന്നല്ലോ. അതില്‍ സന്തോഷമുണ്ട്'' രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം തിരുവനന്തപുരത്തെത്തിയ ശശി തരൂര്‍ പറഞ്ഞു. ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നെന്നു വ്യക്തമാക്കിയും കോണ്‍ഗ്രസിലെ ഉള്‍പ്പാര്‍ട്ടി പോരിനെ പരോക്ഷമായി പരിഹസിച്ചുമാണു തരൂര്‍ കേരളത്തില്‍ മടങ്ങിയെത്തിയത്.
പരാതി പറയാനല്ല താന്‍ രാഹുലിനെ കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ''ഞാന്‍ ഒരു കാര്യത്തിലും പരാതി പറയുന്നയാളല്ല. കുറേ നാളായി പറയാന്‍ ആഗ്രഹിച്ച ചില കാര്യങ്ങള്‍ അറിയിക്കാനാണു പോയത്. ഒറ്റയ്ക്കു കൂടിക്കാഴ്ച വേണമെന്നു രാഹുലിനോടു ഞാനാണ് ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പിനെക്കുറിച്ചു ചര്‍ച്ച ചെയ്തിട്ടില്ല. അതിനുള്ള സമയമായിട്ടില്ല. കൂടിക്കാഴ്ച വളരെ പോസിറ്റീവ് ആയിരുന്നു. എനിക്ക് ഒരു പ്രശ്നവുമില്ല. ആര്‍ക്കെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അവരാണ് അക്കാര്യം പറയേണ്ടത്. ഞാന്‍ എഴുതിയ ലേഖനത്തിന് ആധാരമാക്കിയ റിപ്പോര്‍ട്ടിനെക്കുറിച്ചാണു വിമര്‍ശനമുയര്‍ന്നത്. വേറെ കണക്കുകളുണ്ടെങ്കില്‍ കേള്‍ക്കാന്‍ തയാറാണ്.
കേരളത്തിലെ തൊഴിലില്ലായ്മയെയും അതു പരിഹരിക്കാന്‍ ആവശ്യമായ മാര്‍ഗങ്ങളെ കുറിച്ചും കഴിഞ്ഞ 16 വര്‍ഷമായി ഞാന്‍ പറയുന്നു. ഞാന്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്ന കാര്യങ്ങള്‍ നടന്നുവെന്ന് റിപ്പോര്‍ട്ടില്‍ കണ്ടപ്പോള്‍ അത് ചൂണ്ടിക്കാട്ടിയാണു ലേഖനമെഴുതിയത്. അതേക്കുറിച്ച് കൊച്ചിയില്‍ പ്രസംഗിക്കുകയും ചെയ്തു. ഞാന്‍ ആധാരമാക്കിയത് സിപിഎമ്മിന്റെ റിപ്പോര്‍ട്ടല്ല. വിവാദമുണ്ടാക്കാനല്ല ലേഖനമെഴുതിയത്. എന്നാല്‍, ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയ വിഷയത്തെക്കുറിച്ചു ചര്‍ച്ച വന്നത് നല്ല കാര്യമാണ്. ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ അതു സഹായിക്കും. കക്ഷി രാഷ്ട്രീയം കളിച്ചിട്ടു കാര്യമില്ല. തങ്ങളുടെ ഭാവി സംരക്ഷിക്കാന്‍ എന്തൊക്കെ നടപടികളാണുള്ളതെന്നാണു ജനം നോക്കുന്നത്.'' - ശശി തരൂര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha